22 November Friday

നരിപ്പറ്റ നാരായണൻ നമ്പൂതിരി ; കല്ലുവഴിച്ചിട്ടയുടെ 
മറ്റൊരു കാവലാൾ

അപ്പുക്കുട്ടൻ സ്വരലയം (കേരള സംഗീത നാടക അക്കാദമി അംഗം)Updated: Thursday Oct 24, 2024


പ്രസിദ്ധ കഥകളിനടൻ നരിപ്പറ്റ നാരായണൻ നമ്പൂതിരി കാല യവനികക്കുള്ളിൽ മറയുമ്പോൾ കഥകളിയുടെ കല്ലുവഴിച്ചിട്ടയുടെ മറ്റൊരു പ്രതിഭകൂടി അരങ്ങൊഴിയുകയാണ്. 1947ൽ കാറൽമണ്ണ നരിപ്പറ്റ ഇല്ലത്ത് ജനിച്ച നാരായണൻ നമ്പൂതിരി ഗോവിന്ദൻ ഭട്ടതിരിയിൽനിന്നും ചെത്തല്ലൂർ കുട്ടപ്പ പണിക്കരിൽനിന്നും കഥകളിയുടെ ബാലപാഠം സ്വായത്തമാക്കി അരങ്ങേറ്റംകുറിച്ചു.

പത്താം ക്ലാസ്‌ വിദ്യാഭ്യാസം നേടിയ നാരായണൻ നമ്പൂതിരി 1962ൽ ഗാന്ധി സേവാസദനത്തിൽ കഥകളി പഠനം ആരംഭിച്ചു. കീഴ്പ്പടം കുമാരൻ നായർ, കലാമണ്ഡലം വാസുദേവൻ നായർ, സദനം ബാലകൃഷ്ണൻ എന്നിവരായിരുന്നു സദനത്തിലെ ഗുരുനാഥൻമാർ. കഥകളിയിലെ ചിട്ട പ്രധാനമായ വേഷങ്ങൾ ചെയ്യാൻ നരിപ്പറ്റയ്‌ക്ക് പ്രത്യേക ഉത്സാഹമായിരുന്നു. തന്റെ ഗുരുനാഥൻമാർ കളരിയിൽ ചൊല്ലിയാടിച്ച വേഷങ്ങൾ അരങ്ങത്ത് അനായാസേന അവതരിപ്പിക്കുമ്പോഴും കഥാപാത്രങ്ങളുടെ ആന്തരിക വ്യാഖ്യാനങ്ങൾ ആഴത്തിൽ പഠിച്ച് രംഗാവതരണ പ്രക്രിയ സരസമായി അവതരിപ്പിക്കുന്നത്‌ നരിപ്പറ്റയുടെ മാത്രം രീതിയാണ്. തന്റെ സ്വതസിദ്ധമായ ശരീര ചലനങ്ങളുടെ മനോഹാരിതകൊണ്ട് ധന്യമാക്കിയ വേഷമാണ് കാലകേയവധത്തിലെ മാതലി. ചിട്ട പ്രധാനമായ വേഷങ്ങളിലൂടെ രംഗത്ത് അഭിരമിക്കുമ്പോഴും താള സ്വാധീനങ്ങളെക്കൊണ്ട് ചുവടുകൾക്കുണ്ടാകുന്ന ഗമകങ്ങൾ മേളക്കാരെപോലും വിസ്മയിപ്പിക്കാറുണ്ട്. സ്വദേശീയരും വിദേശീയരുമായ നിരവധി ശിഷ്യ സമ്പത്തിനുടമയാണ്‌. ഇന്ത്യക്കകത്തും വിദേശത്തും പ്രതിഭ തെളിയിച്ച  മഹാ നടൻകൂടിയാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top