22 December Sunday

കലിക്കറ്റ്‌ തിളക്കം ; നാഷണൽ അസസ്‌മെന്റ് ആൻഡ്‌ അക്രഡിറ്റേഷൻ കൗൺസിൽ ഗ്രേഡിങ്ങിൽ എ പ്ലസ്‌

സി പ്രജോഷ്‌ കുമാർUpdated: Wednesday Oct 16, 2024


മലപ്പുറം
നാഷണൽ അസസ്‌മെന്റ് ആൻഡ്‌ അക്രഡിറ്റേഷൻ കൗൺസിൽ ഗ്രേഡിങ്ങിൽ 3.45 പോയിന്റോടെ എ പ്ലസ്‌ തിളക്കത്തിലാണ്‌ കലിക്കറ്റ്‌ സർവകലാശാല. ക്യു സി റാങ്കിൽ രാജ്യത്തെ സർവകലാശാലകളിൽ 45–-ാം സ്ഥാനം. നാലാംവട്ടം നാക്‌ പരിശോധന പൂർത്തിയാക്കിയ കേരളത്തിലെ ആദ്യ സർവകലാശാല.

സംസ്ഥാനത്ത്‌ ആദ്യമായി ‘റേഡിയോ സിയു' എന്ന ഇന്റർനെറ്റ് റേഡിയോ സ്ഥാപിച്ചത്‌ കലിക്കറ്റിലാണ്‌. വിദ്യാർഥികൾക്ക്‌ ഡിജിറ്റൽ സേവനം വിരൽത്തുമ്പിൽ ലഭിക്കാൻ ‘സുവേഗ' ഡിജിറ്റൽ പ്ലാറ്റ്‌ഫോം തുടങ്ങി. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കുന്ന ഡിജിറ്റൽ സർവീസ്‌ സെന്ററിൽനിന്ന്‌ വിവരങ്ങൾ അതിവേഗം ലഭ്യമാകും. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ പ്രമോഷൻ ഓഫ് യൂണിവേഴ്സിറ്റി റിസർച്ച് ആൻഡ്‌ സയന്റിഫിക് എക്സലൻസ് (പഴ്‌സ്‌) പദ്ധതിയിൽ കഴിഞ്ഞ നാലു വർഷത്തിനിടെ 10.78 കോടിയുടെ ഗവേഷണസഹായമാണ്‌ സർവകലാശാല നേടിയത്‌.  അധ്യാപകർക്കും വിദ്യാർഥികൾക്കും നൂതനാശയ വികസനത്തിനും സംരംഭങ്ങൾക്കും സെന്റർ ഫോർ ഇന്നൊവേഷൻ ആൻഡ്‌ എൻട്രപ്രണർഷിപ്പും നടപ്പാക്കി. ബൗദ്ധിക സ്വത്താവകാശ നടപടികളും പേറ്റന്റ്‌ ഫയലിങ്ങും വേഗത്തിലാക്കാൻ ഐപിആർ സെൽ ഒരുക്കി. വിദൂരവിഭാഗം വിദ്യാർഥികൾക്ക്‌ പഠനക്കുറിപ്പുകൾ തപാൽ മുഖേന വീട്ടിലെത്തിക്കുന്ന പദ്ധതിയുമുണ്ട്. യുജി, പിജി പ്രൊഫഷണൽ കോഴ്സുകളിൽ ടോപ്പേഴ്സ് അവാർഡുകൾ ഏർപ്പെടുത്തി. മഹാത്മാ അയ്യങ്കാളി ചെയർ, ഡോ. അംബേദ്കർ ചെയർ, സെന്റർ ഫോർ മലബാർ സ്റ്റഡീസ് എന്നിവ തുടങ്ങി.

പരീക്ഷാഭവൻ ആധുനികവൽക്കരിച്ചു. ഉത്തരക്കടലാസുകൾ സൂക്ഷിക്കാനും പരിശോധിക്കാനും സെന്റർ ഫോർ എക്‌സാം ഓട്ടോമേഷൻ മാനേജ്‌മെന്റ്‌ (സിഇഎഎം) സംവിധാനം ഒരുക്കി. ഗവേഷക പദ്ധതികൾ തുടങ്ങാൻ ഫാക്കൽറ്റികൾക്ക്‌ സീഡ്‌ മണി എന്നിവയും തുടങ്ങി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top