തിരുവനന്തപുരം > സംസ്ഥാന വിഹിതം നല്‍കാത്തതിനാല്‍ ദേശീയപാത വികസനം പാതിവഴിയിലാണെന്ന വിധത്തില്‍ വരുന്ന വാര്‍ത്ത തികച്ചും തെറ്റാണെന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി ജി സുധാകരന്‍. ഭൂമിയെടുപ്പിനു സംസ്ഥാന സര്‍ക്കാര്‍ നല്‍കാമെന്നു പറഞ്ഞ 25 ശതമാനം വിഹിതം നല്‍കുന്നതിനു യാതൊരു തടസ്സവും നിലവിലില്ല. ആദ്യ റീച്ചുകള്‍ക്കായി കണക്കാക്കിയ തുക കിഫ്ബിയില്‍ നിന്നും പൊതുമരാമത്ത് സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് കൈമാറിയിക്കിട്ടിയിട്ടുണ്ടെങ്കിലും, പ്രസ്തുത തുക നല്‍കേണ്ടത് സംബന്ധിച്ച നിര്‍ദ്ദേശം എന്‍എച്ച്എഐയില്‍ നിന്നും ലഭിക്കുന്നതിനുള്ള കാലതാമസം മാത്രമേയുള്ളുവെന്നും ലഭിച്ചാല്‍ ഉടന്‍ കൈമറുന്നതാണെന്നും മന്ത്രി അറിയിച്ചു. നിലവില്‍ കാസര്‍കോട് ജില്ലാ കളക്ടറുടെ കയ്യില്‍ 153 കോടിയോളം രൂപ നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനായി ഉണ്ടെന്നും, ആ തുക വിതരണം ചെയ്തുകൊണ്ടിരിക്കുകയാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തലശ്ശേരി-മാഹി ബൈപ്പാസ് പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ കോഴിക്കോട് ബൈപ്പാസ് ടെണ്ടര്‍ കഴിഞ്ഞു കരാര്‍ വെച്ചെങ്കിലും കരാര്‍ കമ്പനിയുടെ സാമ്പത്തിക പരാധീനത കാരണം കാലതാമസമുണ്ടായിയെന്നതാണ് വസ്തുത. കണ്ണൂര്‍ ജില്ലയിലും ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ബാക്കി ഭാഗങ്ങളില്‍ ഭൂമിയെടുപ്പ് നടപടികള്‍ തുടരുകയാണ്. ഇക്കാര്യങ്ങളിലെല്ലാം തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് എന്‍എച്ച്എഐയും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവുമാണ്. ഇതിലൊന്നും സംസ്ഥാന സര്‍ക്കാര്‍ വിഹിതം നല്‍കുന്നതിന്റെ പ്രശ്‌നമുണ്ടായിട്ടില്ല എന്നും തികച്ചും തെറ്റിദ്ധാരണാജനകമായ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഭൂമിയെടുപ്പുമായി ബന്ധപ്പെട്ട ക്ലെയിമുകള്‍ ജില്ലാ കളക്ടര്‍മാര്‍ നല്‍കുമ്പോള്‍ കണക്കുകള്‍ സംബന്ധിച്ച വ്യക്തത വരുത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി എന്‍.എച്ച്.എ.ഐ അത്തരം ക്ലെയിമുകള്‍ മാത്രം തിരിച്ചയക്കാറുണ്ട് എന്നും ഭൂമിക്ക് പണം നല്‍കുന്ന നടപടികള്‍ നിര്‍ത്തിവെച്ചിട്ടില്ലെന്നും, ഇപ്പോഴും തുടരുന്നുണ്ടെന്നും സംസ്ഥാനത്തെ എന്‍എച്ച്എഐ അധികാരികള്‍ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ദേശീയപാത 66 ആറുവരിപ്പാത വികസനത്തില്‍ കാസര്‍കോട് ജില്ലയിലെ പ്രവൃത്തികളുടെ ടെണ്ടര്‍ തുറക്കുന്നതിന്റെ കാലതാമസത്തിനു കാരണം കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള സ്റ്റാന്റിംഗ് ഫിനാന്‍സ് കമ്മിറ്റിയുടെ അംഗീകാരം ലഭിക്കാത്തതാണെന്നും, ഭൂമിയെടുപ്പിന്റെ നഷ്ടപരിഹാരത്തുക നല്‍കുന്നതുമായി ഇതിനു യാതൊരു ബന്ധവുമില്ലെന്നും മന്ത്രി അറിയിച്ചു.
1000 കോടിയ്ക്ക് മുകളിലുള്ള പ്രവൃത്തികള്‍ക്ക് എസ്.എഫ്.സി ചേര്‍ന്ന് അംഗീകാരം നല്‍കുകയെന്ന സാങ്കേതിക നടപടിക്രമം പൂര്‍ത്തിയാകാത്തതുകൊണ്ട് കാലതാമസം ഉണ്ടാകുന്നതെന്നു ദേശീയപാത അതോറിറ്റി അധികാരികളില്‍ നിന്നും മനസ്സിലായിട്ടുള്ളത്. രണ്ടുതവണ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആര്‍.കെ. സിംഗ് ഡല്‍ഹിയില്‍ കേന്ദ്ര ഉപരിതല ഗതാഗത സെക്രട്ടറി, ദേശീയപാത അതോറിറ്റി ചെയര്‍മാന്‍ എന്നിവരെ കണ്ടിരുന്നു. കഴിഞ്ഞ നവംബര്‍ മാസം മുതല്‍ ടെണ്ടര്‍ തുറക്കുന്ന തീയതി എന്‍എച്ച്എഐ നീട്ടിക്കൊണ്ടുപോകുന്നത് എസ്എഫ്‌സി അനുമതി ലഭിക്കാത്തതുകൊണ്ട് മാത്രമാണെന്ന് മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..