കൊച്ചി
പെൻസിൽ കമ്പനിയുടെ പേരിലുള്ള വൻ ശമ്പളം ഉറപ്പുനൽകി ഓൺലൈൻ തട്ടിപ്പ്. നടരാജ് കമ്പനിയുടെ പെൻസിലുകൾ വീട്ടിലിരുന്ന് പാക്ക് ചെയ്‌ത് നൽകിയാൽ മാസം 50,000 മുതൽ ഒരുലക്ഷം രൂപവരെ ലഭിക്കുമെന്നാണ് വാഗ്‌ദാനം. ഇത് വിശ്വസിച്ച് 1920 രൂപ അയച്ചുകൊടുത്ത അരൂർ സ്വദേശിക്ക് കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസിന്റെ ഇടപെടലിനെ തുടർന്ന് പണം തിരികെ ലഭിച്ചു. വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് സംശയം തോന്നി പൊലീസിനെ സമീപിച്ചത്.
ഫെയ്‌സ്‌ബുക്, ഇൻസ്‌റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകിയാണ് തട്ടിപ്പുസംഘത്തിന്റെ പ്രവർത്തനം. ദൈർഘ്യം കുറഞ്ഞ വീഡിയോകളായ റീൽസ് വഴിയും ഫെയ്‌സ്‌ബുക് പേജുകളിലൂടെയും വിളിക്കേണ്ട നമ്പർ നൽകും. ആ വാട്‌സാപ് നമ്പറിൽ ബന്ധപ്പെടുന്നവരോട് 520 രൂപ രജിസ്‌ട്രേഷൻ ഫീസ് ഗൂഗിൾപേയോ ഫോൺപേയോ ആയി നൽകാൻ ആവശ്യപ്പെടും. അടുത്തപടിയായി ഫോട്ടോ വാങ്ങി കമ്പനിയുടെ ‘തിരിച്ചറിയൽ കാർഡ്’ അയച്ചുകൊടുക്കും. അതിനുശേഷം അഡ്രസ് വെരിഫിക്കേഷന് 1400 രൂപ ചോദിക്കും. ഈ രണ്ട് തുകയും റീഫണ്ട് ചെയ്യുമെന്ന് അറിയിച്ചു. അതിനായി ഫോണിലേയ്‌ക്ക് വരുന്ന ഒടിപി നമ്പർ പറയാൻ ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നിയ പരാതിക്കാരൻ ഇത് ചെയ്‌തില്ല. തുടർന്ന് കൊറിയർ ചാർജായി വീണ്ടും 2000 രൂപ ആവശ്യപ്പെട്ടപ്പോൾ കാക്കനാടുള്ള കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ് സ്‌റ്റേഷനിൽ പരാതിപ്പെടുകയായിരുന്നു.
പണം ചെന്നത് ഉത്തർപ്രദേശിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാണെന്ന് പൊലീസ് കണ്ടെത്തി. പൊലീസ് അക്കൗണ്ട് ഉടമയെ വിളിച്ച് ആവശ്യപ്പെട്ടതിനെ തുടർന്ന് അയാൾ പരാതിക്കാരന് പണം തിരിച്ചയച്ചുകൊടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..