കൊല്ലങ്കോട്
നാട്ടിൽനിന്നുപോയാൽ റോഡരികിൽ അവർ ഒരുമിച്ചാണ് അന്തിയുറങ്ങാറുള്ളത്. ചൊവ്വ വൈകിട്ടും കാളിയപ്പനും കുടുംബവും ഉറങ്ങി, -ഒരിക്കലും ഉണരാത്ത നിദ്ര. നാട്ടികയിൽ ലോറികയറി മരിച്ച മുതലമട ചെമ്മണംതോട് നഗറിലെ കാളിയപ്പൻ, ഭാര്യ നാഗമ്മ, മകൻ വിജയിന്റെ ഭാര്യ രാജേശ്വരി, ഒരു വയസ്സുള്ള മകൻ വിശ്വ, കാളിയപ്പന്റെ സഹോദരി ചിത്രയുടെ നാലുവയസ്സുകാരനായ മകൻ ജീവ എന്നിവരെ മീങ്കര അണക്കെട്ടിനുസമീപത്തെ പൊതുശ്‌മശാനത്തിൽ അടുത്തടുത്ത അഞ്ച് കുഴികളിലായാണ് സംസ്‌കരിച്ചത്. കാളിയപ്പനും കുടുംബവും നാട്ടിൽനിന്ന് പോയാൽ റോഡരികിൽ ഒന്നിച്ചാണ് അന്തിയുറങ്ങാറുള്ളത്. ആക്രി പെറുക്കിവിറ്റ് കിട്ടുന്ന അന്നന്നത്തെ വരുമാനംകൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്.
കാളിയപ്പനാണ് കുടുംബത്തിന്റെ സംരക്ഷകൻ. ബന്ധുക്കളായ പാർവതിയും മകനും മാതൃസഹോദരി മീനാക്ഷിയുമാണ് ചെമ്മണംതോട് നഗറിൽ താമസിക്കുന്നത്. ദിവസവും കാളിയപ്പൻ ഫോൺ ചെയ്യാറുണ്ടെന്ന് പാർവതി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം മന്ത്രി എം ബി രാജേഷ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി പ്രവർത്തനം ഏകോപിപ്പിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സയ്‌ക്ക് നിർദേശം നൽകി. പോസ്‌റ്റ്മോർട്ടം വേഗത്തിലാക്കാൻ ഇടപെട്ടു. സംസ്‌കാരച്ചടങ്ങിലും പങ്കെടുത്തു. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ ചെമ്മണംതോട് നഗറിലുള്ളവർക്ക് നാട്ടിലെത്താൻ കെഎസ്‌ആർടിസി ബസ് ഏർപ്പാടാക്കി. മൃതദേഹങ്ങൾ കൊണ്ടുവരാൻ അഞ്ച് ആംബുലൻസും സജ്ജമാക്കി.
നാട്ടിക ഞെട്ടിയുണർന്നത്
നിലവിളിയിലേക്ക്
നാട്ടിക നിവാസികൾ ചൊവ്വാഴ്‌ച ഉണർന്നത് ദുരന്തവാർത്ത കേട്ട്. കുട്ടികളുൾപ്പെടെ അഞ്ച് നാടോടികൾ ലോറി കയറി മരിച്ച വിവരം തീരദേശം ഞെട്ടലോടെയാണ് കേട്ടത്. വാഹനങ്ങൾക്ക് പ്രവേശനം ഇല്ലാത്ത ഭാഗത്ത്, മറ്റാർക്കും ശല്യമാകാതെ കിടന്നുറങ്ങുകയായിരുന്നവരുടെ നേർക്കാണ് മരണവണ്ടി പാഞ്ഞെത്തിയത്. നാലുപേർ തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്.
തൃപ്രയാർ ഭാഗത്തേക്കുള്ള വാഹനങ്ങൾ ജെ കെ തിയറ്ററിന് സമീപം എത്തുമ്പോൾ ബസ്‌സ്റ്റാൻഡിന് മുന്നിലേക്കുള്ള റോഡിലേക്ക് കടക്കാൻ സൂചനാബോർഡ് സ്ഥാപിച്ചിരുന്നു. അത് വകവയ്‌ക്കാതെ, നിർമാണം നടന്നുകൊണ്ടിരിക്കുന്ന റോഡിലേക്ക് ബാരിക്കേഡ് ഇടിച്ചുതെറിപ്പിച്ച് ലോറി പാഞ്ഞു കയറുകയായിരുന്നു.
അപകടം നടന്നിട്ടും 200 മീറ്റർ ലോറി നിർത്താതെ പോയി. ദേശീയപാത നിർമാണം നടക്കുന്നതിനാൽ മുന്നോട്ട് പോകാൻ കഴിയാതെയാണ് നിർത്തിയത്. ഉടൻ നാട്ടുകാരും പൊലീസുമെത്തി ഇവരെ പിടികൂടുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..