തിരുവനന്തപുരം
സമ്പൂർണ മാലിന്യമുക്ത ലക്ഷ്യത്തിലേക്ക് പുതുചുവടുവയ്പിനൊരുങ്ങി കേരളം. മാലിന്യമുക്ത നവകേരളത്തിനുള്ള ജനകീയ പ്രചാരണ പരിപാടിയുടെ സംസ്ഥാന ഉദ്ഘാടനം ബുധനാഴ്ച കൊട്ടാരക്കരയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
പകൽ 11ന് കൊട്ടാരക്കര എൽഐസി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകും. കൊട്ടാരക്കര വികസന പദ്ധതിയുടെ ഭാഗമായ പുലമൺ തോട് പുനരുജ്ജീവന പ്രഖ്യാപനവും മുഖ്യമന്ത്രി നിർവഹിക്കും. ഹരിതസ്ഥാപനങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ നിർവഹിക്കും. സംസ്ഥാനത്തെ വിവിധ തദ്ദേശസ്ഥാപനതലങ്ങളിലായി 1601 പ്രവർത്തനങ്ങൾക്ക് തുടക്കംകുറിക്കും. 203 പ്രദേശങ്ങളിൽ ശുചീകരണം നടത്തി സൗന്ദര്യവൽകരണം പൂർത്തിയാക്കിയതിന്റെയും ആറു ടൂറിസം കേന്ദ്രങ്ങളെ ഹരിത ടൂറിസം കേന്ദ്രങ്ങളാക്കിയതിന്റെയും പ്രഖ്യാപനവുമുണ്ടാകും. 26 ടൂറിസം കേന്ദ്രങ്ങളെ ഹരിതടൂറിസം കേന്ദ്രങ്ങളാക്കാനുള്ള പ്രവർത്തനമാരംഭിക്കും. 160 തദ്ദേശഭരണ സ്ഥാപനങ്ങളിലുള്ള എല്ലാ വിദ്യാലയങ്ങളും ഹരിത വിദ്യാലയമായും 22 കലാലയങ്ങളെ ഹരിത കലാലയമായും പ്രഖ്യാപിക്കും. 150 തദ്ദേശ സ്ഥാപനങ്ങളിലുള്ള ഭൂരിഭാഗം ഓഫീസുകൾ, ബാങ്കുകൾ, ഓഫീസ് കോംപ്ലക്സുകൾ എന്നിവയെ ഹരിത സ്ഥാപനങ്ങളാക്കിയതിന്റെ പ്രഖ്യാപനവും നടക്കും.
ഗാന്ധിജയന്തിദിനത്തിൽ തുടങ്ങി 2025ലെ അന്താരാഷ്ട്ര ശൂന്യമാലിന്യ ദിനമായ മാർച്ച് 30ന് സമ്പൂർണ മാലിന്യമുക്ത കേരളം സാധ്യമാക്കാൻ ലക്ഷ്യമിട്ടാണ് പ്രവർത്തനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..