തിരുവനന്തപുരം
സുതാര്യവും സത്യസന്ധവുമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടെ ആത്മാഭിമാനം ചോദ്യംചെയ്യാൻ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ മുൻ എഡിഎം നവീൻബാബുവിന്റെ മരണം അതീവദുഃഖകരമാണ്. ഉദ്യോഗസ്ഥരിൽ ഒരാൾക്കും ഇത്തരം അനുഭവമുണ്ടാകാതിരിക്കാൻ നടപടിയെടുക്കുമെന്നും സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ വാർഷിക സമ്മേളനം ഉദ്‌ഘാടനം ചെയ്യവേ മുഖ്യമന്ത്രി പറഞ്ഞു.
ജനസേവകരാണെന്ന ബോധ്യം ജീവനക്കാർക്ക് ഉണ്ടാകണം. മനുഷ്യസ്‌നേഹവും സാമൂഹിക പ്രതിബദ്ധതയും ജീവനക്കാർ മുഖമുദ്രയാക്കണം. നിർഭയമായും ചട്ടപ്രകാരവും ജോലിയെടുക്കാൻ എല്ലാ സൗകര്യവും സർക്കാർ ഒരുക്കും. അവരുടെ അവകാശങ്ങൾ സർക്കാർ സംരക്ഷിക്കും.
സിവിൽ സർവീസിനെ മെച്ചപ്പെടുത്തണം. ഒരേ കാര്യത്തിന് പലതവണ ഓഫീസ് കയറിയിറങ്ങേണ്ടിവരരുത്. ജനങ്ങളാണ് യഥാർഥ ഭരണകർത്താക്കൾ. ഓൺലൈൻ സംവിധാനം മാറ്റമുണ്ടാക്കിയിട്ടുണ്ട്. ജീവനക്കാരും സഹകരിക്കുന്നുണ്ട്. എന്നാൽ, ഓൺലൈൻ അപേക്ഷ തീർപ്പാക്കാൻ ആളെ നേരിട്ടുവരുത്തിയ സംഭവവുമുണ്ടായിട്ടുണ്ട്. പഴയശീലം മാറ്റണം. ആധുനികകാലത്തെ വേഗം ഫയൽനീക്കത്തിലും കൊണ്ടുവരണം. ഒരാൾ വരുത്തുന്ന കാലതാമസം സർക്കാരിനെയാകെ പ്രതിക്കൂട്ടിലാക്കും.
സംഘടനകൾ സാമൂഹിക പ്രതിബദ്ധതയുള്ള നിലപാട് സ്വീകരിക്കണം. വ്യത്യസ്‌ത അഭിപ്രായത്തിനിടയിലും ചില കാര്യങ്ങളിൽ ഒരുമനസ്സോടെ നിൽക്കണം. ദുരിതാശ്വാസ നിധി ജീവനക്കാരിൽ അടിച്ചേൽപ്പിച്ചിട്ടില്ല. അഞ്ചുദിവസത്തെ ശമ്പളം നൽകാമെന്നായിരുന്നു പൊതുധാരണ. ഇത് അംഗീകരിച്ച ഒരു സംഘടനയുടെ ആളുകൾ പിന്നീടെത്തി ഇത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. ദുരിതബാധിതരെ സഹായിക്കുന്നത് ബുദ്ധിമുട്ടാണെന്ന മനോഭാവം സംഘടനകൾ അംഗീകരിച്ചുകൊടുക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..