24 December Tuesday

അരങ്ങിൽ കൂടൊരുക്കാൻ 'നീലക്കുയിൽ' ; നാടകഭാഷ്യത്തിന്റെ ആദ്യാവതരണം 29ന്‌

സ്വന്തം ലേഖികUpdated: Monday Dec 23, 2024


തിരുവനന്തപുരം
"‘16–-ാം വയസിൽ ഇന്റർമീഡിയറ്റിന്‌ പഠിക്കുമ്പോളാണ്‌ ഞാൻ തിയറ്ററിൽ "നീലക്കുയിൽ' കണ്ടത്‌. ഇന്ന്‌ 86–-ാം വയസിൽ നീലക്കുയിലിന്റെ നാടകാവിഷ്കാരം രചിക്കാൻ എനിക്ക്‌ ഭാഗ്യമുണ്ടായി. അത്‌ അരങ്ങിലെത്തുന്നതും കാത്തിരിക്കുകയാണ്‌'’–-റിലീസിന്റെ എഴുപതാം വർഷം ആഘോഷിക്കുന്ന നീലക്കുയിലിനെ നാടകരൂപത്തിലാക്കിയ ആർ എസ്‌ മധു പറയുന്നു.

ഉറൂബിന്റെ രചനയിൽ 1954ലാണ്‌ പി ഭാസ്‌കരനും രാമു കാര്യാട്ടും നീലക്കുയിൽ സംവിധാനം ചെയ്തതത്‌. രാഷ്ട്രപതിയുടെ രജതകമലം സ്വന്തമാക്കിയ ആദ്യ മലയാള സിനിമയുമായി. 1954 ഒക്ടോബര്‍ പത്തിനായിരുന്നു റിലീസ്‌. അധ്യാപകനും സവര്‍ണനുമായ നായകനാല്‍ ദളിത്പെണ്‍കുട്ടി ഗര്‍ഭിണിയാകുകയും അവള്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്ന നീലക്കുയിലിന്റെ പ്രമേയം അക്കാലത്തെ്‌ സിനിമയെന്ന ആഭിജാത മാധ്യമത്തിന് ചേരുന്നതായിരുന്നില്ല. അയിത്താചാരത്തെയും ജാതിഭ്രമത്തെയും ചോദ്യംചെയ്ത സിനിമ, നായര്‍തറവാടുകളിലെ ശൈഥില്യവും ബന്ധങ്ങളിലെ കാപട്യവും തുറന്നുകാണിച്ചു.  പ്രതിപാദനത്തിലെ ധീരതയും സാമൂഹ്യവിമര്‍ശനവും എഴുപതുവര്‍ഷങ്ങള്‍ക്കിപ്പുറവും നീലക്കുയിലിനെ വേറിട്ടുനിര്‍ത്തുന്നു.

ആർ എസ് മധുവിന്റെ രംഗരചനയിൽ ചലച്ചിത്ര സംവിധായകൻ സി വി പ്രേംകുമാറാണ് നാടകം സംവിധാനം ചെയ്തത്. "‘സിനിമ നാടകമാക്കുമ്പോഴുള്ള പരിമിതിയുണ്ട്‌. കാഴ്ചക്കാർക്ക്‌ മടുപ്പുണ്ടാകാത്ത അവതരണമാണ്‌ ലക്ഷ്യം. പ്രധാന കഥാപാത്രമായ നീലിയെ നർത്തകി സിതാര ബാലകൃഷ്ണനാണ്‌ അവതരിപ്പിക്കുന്നത്‌’'–- സി വി പ്രേംകുമാർ പറഞ്ഞു.

സിനിമയ്‌ക്കായി പി ഭാസ്കരൻ രചിച്ച്‌ കെ രാഘവൻ മാസ്‌റ്റർ ഈണമിട്ട ‘കായലരികത്ത്‌’, ‘കുയിലിനെത്തേടി’, ‘എല്ലാരും ചൊല്ലണ്‌’ തുടങ്ങിയ  പ്രധാന പാട്ടുകളും നാടകത്തിന്റെ ഭാഗമാണ്‌. നടൻ സത്യൻ അവതരിപ്പിച്ച ശ്രീധരൻ മാഷിനെ നാടകത്തിൽ  ജിതേഷ് ദാമോദറാണ്‌ അവതരിപ്പിക്കുന്നത്‌. വഴുതക്കാട്‌ ചിന്മയ വിദ്യാലയത്തിലെ മൂന്നാം ക്ലാസുകാരൻ കാശിനാഥാണ്‌ കുട്ടിക്കഥാപാത്രമായ മോഹനെ അവതരിപ്പിക്കുന്നത്‌. വഞ്ചിയൂർ പ്രവീൺകുമാർ, സജന ചന്ദ്രൻ, മൻജിത്ത്, റജുല മോഹൻ, ശ്രീലക്ഷ്മി, ശങ്കരൻകുട്ടി നായർ എന്നിവരും കഥാപാത്രങ്ങളായി അരങ്ങിലെത്തും. നാടകം ഞായർ വൈകിട്ട്‌ 5.30ന്‌ ടാഗോർ തിയറ്ററിൽ ആദ്യമായി പ്രദർശിപ്പിക്കും. പ്രവേശനം പാസുമൂലം. ഫോൺ: 9847917661, 9447027033.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top