23 December Monday
നാളെ ലോക നാളികേര ദിനം

തെങ്ങിന്റെ മണ്ടേല്‌, ചെത്തുകാരൻ റോബോട്ട്‌

സി എ പ്രേമചന്ദ്രൻUpdated: Sunday Sep 1, 2024

കുട്ടനെല്ലൂർ തോട്ടത്തിൽ തെങ്ങിൽ നിന്ന്‌ നീര ചെത്താനായി ഘടിപ്പിച്ച റോബോട്ട്‌

തൃശൂർ > തെങ്ങിന്റെ മണ്ടയിൽ നിന്ന്‌ ടക്‌ ടക്‌ എന്ന ശബ്‌ദം കേട്ടാൽ മുകളിൽ ചെത്തുകാരനാണെന്ന്‌ കരുതും. എന്നാൽ തെറ്റി.  തെങ്ങിന്റെ  മുകളിലിരുന്ന്‌  നീര   ചെത്തുന്നത്‌ റോബോട്ട്‌. മഴ വന്നാലും  കാറ്റു വന്നാലും ഇവന്‌ കുഴപ്പമില്ല.  തല്ലുക,  അരിയുക  തുടങ്ങിയ  പണികളെല്ലാം തനിയെ ചെയ്യും. നീര ട്യൂബിലൂടെ താഴെ കാനിലേക്കെത്തും. കളമശേരി നവ ഡിസൈൻ ആൻഡ് ഇന്നൊവേഷൻ'  കമ്പനി വികസിപ്പിച്ച  സപ്പർ  റോബോട്ട്‌ ജില്ലയിൽ തോട്ടങ്ങളിൽ  നീര ഉൽപ്പാദനം തുടങ്ങി. 
 
ഇന്റർനെറ്റ് ഓഫ് തിങ്‌സ് അധിഷ്ഠിതമായ  റോബോട്ട്‌, ബാറ്ററി ഉപയോഗിച്ചാണ്‌  പ്രവർത്തനം. കാഴ്‌ചയിൽ പെട്ടി പോലിരിക്കുന്ന റോബോട്ടിനകത്തേക്ക്‌ കുല കയറ്റി വയ്‌ക്കുകയാണ്‌ ചെയ്യുക.  പരിശീലനം  ലഭിച്ചവർ ഒറ്റതവണ തെങ്ങിൽ കയറി   റോബോട്ട്‌ ഘടിപ്പിച്ചാൽ മതി. നിശ്‌ചിത രീതിയിൽ ക്രമീകരിച്ചതുനസരിച്ച്‌   പ്രവർത്തിക്കും.   ട്യൂബ് വഴി താഴെ എത്തുന്ന നീര കാനുകളിൽ  ശേഖരിക്കാം. തോട്ടത്തിൽ ഫ്രീസറുകളിൽ സൂക്ഷിച്ച്‌  ഫാക്ടറിയിലേക്ക്‌ കൊണ്ടുപോവും. തെങ്ങിന്റെ കടയിൽ വെള്ളം കുറഞ്ഞാലും കുല വെട്ടി തീരാറാവുമ്പോഴും  കർഷകനെ അറിയിക്കാനുള്ള  അലർട്ട്‌  സംവിധാനവും ഇതോടൊപ്പമുണ്ടെന്ന്‌ നവ  ചീഫ്‌ ടെക്‌നോളജി ഓഫീസർ ആർ ശ്രീഹരി പറഞ്ഞു.  25,000 മുതൽ 30,000  രൂപ വരെയാണ്‌  വില. വ്യവസായ അടിസ്ഥാനത്തിൽ റോബോട്ട്‌  ഉൽപ്പാദിപ്പിക്കാനാണ്‌ കമ്പനി ലക്ഷ്യം. നവ കമ്പനി  സ്ഥാപകൻ ചാൾസ് വിജയ് വർഗീസാണ്‌    റോബോട്ട്‌   ആശയവുമായി രംഗത്ത്‌ എത്തിയത്‌.  കൂടുതൽ എൻജിനിയർമാർ ചേർന്ന്‌ സാങ്കേതിക മേന്മ  വർധിപ്പിച്ചു.  റോബോട്ടിന്‌  ഇന്ത്യയടക്കം 28 രാജ്യങ്ങളിൽ നിന്ന് പേറ്റന്റ്‌  സ്വന്തമാക്കിയിട്ടുണ്ട്. 
 
 തൃശൂർ കോക്കനട്ട്‌ പ്രൊഡ്യൂസർ കമ്പനിയുമായി സഹകരിച്ച്‌ കുട്ടനെല്ലുരിലും മുണ്ടൂരിലും തെങ്ങിൻ തോട്ടങ്ങളിൽ റോബോട്ട്‌ വഴി  നീര ഉൽപ്പാദനം തുടങ്ങിയതായി കമ്പനി ചെയർമാൻ ഇ വി വിനയൻ   പറഞ്ഞു. വിജയകരമായാൽ കുടുതൽ തോട്ടങ്ങളിൽ  റോബോട്ട്‌ ഘടിപ്പിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.  
 
തെങ്ങിന്റെയും ചെത്തുകാരുടെയും രീതി അനുസരിച്ച്‌ മൂന്നുമാസം മുതൽ ആറുമാസം ഒരു തെങ്ങ്‌ ചെത്തും. സാധാരണ    ദിവസവും  മൂന്ന് തവണ  തെങ്ങിൽ കയറണം.  എന്നാൽ റോബോട്ട്‌ വന്നെതൊടെ  ഇത്‌ ഒഴിവാക്കാം. കൂടുതൽ അളവിൽ നീര   ലഭ്യമാവും. പിന്നീട്‌ നാളികേര ഉൽപ്പാദനത്തിൽ വർധനവുണ്ടാവും. കേര കർഷകനും  നീര പ്രൊഡ്യൂസർ കമ്പനിക്കും   വരുമാന വർധനയുണ്ടാവും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top