ആലപ്പുഴ> നെഹ്‌റുട്രോഫി വള്ളംകളിയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ തന്നെ വിജയി. ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ മത്സരവിധിയിൽ അപാകതയില്ലെന്ന് ജൂറി ഓഫ് അപ്പീൽ കമ്മിറ്റി വിലയിരുത്തി. മത്സരത്തിൽ രണ്ടും മൂന്നും സ്ഥാനക്കാരായ വില്ലേജ് ബോട്ട് ക്ലബ് കൈനകരി (വീയപുരം ചുണ്ടൻ), കുമരകം ടൗൺ ബോട്ട് ക്ലബ് (നടുഭാഗം ചുണ്ടൻ) എന്നിവരാണ് പരാതി ഉന്നയിച്ചത്. ഇവർ സമർപ്പിച്ചതും എൻടിബിആറിന്റെ കൈവശമുള്ളതുമായ ദൃശ്യങ്ങളടക്കം സൂക്ഷ്‌മമായി പരിശോധിച്ച ശേഷമാണ് പരാതികൾ തള്ളിയത്.
കെടിബിസി സ്റ്റാർട്ടർക്കെതിരെയും വിബിസി ജഡ്ജസിനെതിരെയുമാണ് പരാതി നൽകിയത്. ഫലം സംബന്ധിച്ച് ലഭിച്ച പരാതികളിൽ സുക്ഷ്‌മ പരിശോധനയും തെളിവെടുപ്പും പൂർത്തിയാക്കി. ജഡ്ജസ് പ്രഖ്യാപിച്ച വിധി പുനഃപരിശോധിക്കേണ്ട സാഹചര്യം നിലനിൽക്കുന്നില്ലെന്ന് ജൂറി ഓഫ് അപ്പീൽ വിലയിരുത്തിയതായി എൻടിബിആർ സൊസൈറ്റി ചെയർമാൻ അലക്‌സ് വർഗീസ് അറിയിച്ചു. അഡീഷനൽ ജില്ലാ മജിസ്‌ട്രേറ്റ് ആശാ സി എബ്രഹാം, ജില്ലാ ഗവ. പ്ലീഡർ അഡ്വ. വേണു, ജില്ലാ ലോ ഓഫീസർ അഡ്വ. അനിൽകുമാർ, എൻടിബിആർ സൊസൈറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സി കെ സദാശിവൻ, ചുണ്ടൻവള്ളം ഉടമ അസോസിയേഷൻ പ്രസിഡന്റ് ആർ കെ കുറുപ്പ് എന്നിവരടങ്ങിയ ജൂറി ഓഫ് അപ്പീലിന്റെ തിങ്കളാഴ്ച ചേർന്ന സിറ്റിങ്ങിലാണ് തീരുമാനം. കൈനകരി വില്ലേജ് ബോട്ട് ക്ലബിന്റെ പരാതി വിശദമായി യോഗം പരിശോധിച്ചു. ഇതുമായി ബന്ധപ്പെട്ട വീഡിയോ, ടൈമിങ് സംവിധാനം എന്നിവ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കുമരകം ടൗൺ ബോട്ട് ക്ലബിന്റെ പരാതിക്കൊപ്പം സമർപ്പിച്ച ദൃശ്യങ്ങളടക്കം വിശദമായി ജൂറി ഓഫ് അപ്പീൽ പരിശോധിച്ചു. സ്റ്റാർട്ടിങ്ങിൽ തുഴക്കാർ തുഴ പൊക്കിപ്പിടിച്ചതായി കണ്ടെത്തി. എന്നാൽ മത്സര നിബന്ധനപ്രകാരം അവർ തുഴയേണ്ടതായിരുന്നു. ട്രാക്ക് ക്ലിയറാണെന്ന് ഉറപ്പാക്കിയാണ് ചീഫ് അമ്പയർ സ്റ്റാർട്ടിങ്ങിന് അനുമതി നൽകിയത്. തുടർന്ന് ചീഫ് സ്റ്റാർട്ടർ സ്റ്റാർട്ടിങ് നടത്തി. അതിനാൽ പരാതി പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്നും യോഗം വിലയിരുത്തി.
ജൂറി ഓഫ് അപ്പീൽ കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കില്ലെന്നും തെളിവുകൾ സഹിതം ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്നും വിബിസി കൈനകരിയുടെയും വീയപുരം ചുണ്ടൻ വള്ളസമിതിയുടെയും ഭാരവാഹികൾ പറഞ്ഞു. സമയം അട്ടിമറിച്ചാണ് കാരിച്ചാലിനെ വിജയിയായി പ്രഖ്യാപിച്ചതെന്നും ഇവർ ആരോപിച്ചു. ജൂറി ഓഫ് അപ്പീൽ കമ്മിറ്റിയുടെ തീരുമാനം ന്യായമല്ലെന്ന് ചൂണ്ടിക്കാട്ടി കുമരകം ടൗൺ ബോട്ട് ക്ലബും നടുഭാഗം ചുണ്ടൻ സമിതിയും ഹൈക്കോടതിയെ സമീപിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. അപ്പീൽ കമ്മിറ്റി തീരുമാനം തങ്ങളെ അറിയിച്ചിട്ടില്ലെന്നും പരാതി തള്ളിയതിന്റെ കാരണമറിയില്ലെന്നും ഭാരവാഹികൾ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..