ആലപ്പുഴ
നെഹ്‌റുട്രോഫി വള്ളംകളി മത്സരങ്ങൾ ശനി പകൽ 11-ന് ആരംഭിക്കുമെന്ന് കലക്‌ടർ അലക്‌സ് വർഗീസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചെറുവള്ളങ്ങളുടെ ഹീറ്റ്‌സാണ് ആദ്യം. പകൽ രണ്ടിന് ഉദ്ഘാടനസമ്മേളനത്തിന് ശേഷമാകും ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളും ചെറുവള്ളങ്ങളുടെ ഫൈനലും. വൈകിട്ട് നാലുമുതലാണ് ഫൈനൽ.
ചുണ്ടൻവള്ളങ്ങളുടെ മത്സരത്തിൽ അഞ്ച് ഹീറ്റ്‌സാണുള്ളത്. ആദ്യ നാല് ഹീറ്റ്‌സിൽ നാല് വീതം വള്ളങ്ങളും അഞ്ചാമത്തെ ഹീറ്റ്‌സിൽ മൂന്ന് വള്ളങ്ങളും മത്സരിക്കും. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാല് വള്ളമാണ് നെഹ്‌റുട്രോഫിക്കു വേണ്ടിയുള്ള ഫൈനൽ പോരാട്ടത്തിന് ഇറങ്ങുക. ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്.
റോയൽ എൻഫീൽഡാണ് ഇത്തവണത്തെ ടൈറ്റിൽ സ്‌പോൺസർ. കർശന സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയാണ് മത്സരം. സ്‌പീഡ് ബോട്ടുകളുടെ സഞ്ചാരത്തിലും ഡ്രോണുകളുടെ ഉപയോഗത്തിലും നിയന്ത്രണമുണ്ട്. ടിക്കറ്റ് വിൽപ്പന പുരോഗമിക്കുന്നു. 50,00,000 രൂപയുടെ ടിക്കറ്റുകൾ വിറ്റു. പാസുള്ളവർക്ക് മാത്രമാണ് വള്ളംകളി കാണാൻ ഗാലറികളിലേക്ക് പ്രവേശനം. ഇതിനായി ഫിനിഷിങ് പോയിന്റിലേക്കുള്ള റോഡിൽ പ്രത്യേക ബാരിക്കേഡ് ഉണ്ടാകും. സി- ഡിറ്റ് തയ്യാറാക്കിയ ഹോളോഗ്രാം പതിച്ച ടിക്കറ്റുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..