28 December Saturday

ആർപ്പുവിളിക്കുന്നു കായൽത്തിരകൾ; പോരിനൊരുങ്ങി പുന്നമട

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024

രുത്തരായ കായംകുളത്തിന്റെ കായൽസേനയോട്‌ പൊരുതിജയിക്കാൻ ചെമ്പകശേരി രാജാവാണ്‌ വെള്ളത്തിലൂടെ അതിവേഗമെത്തി ആക്രമണം നടത്താൻ കഴിയുന്ന വള്ളമെന്ന ആശയമുയർത്തിയത്‌. ആദ്യം നിർമിച്ച ഇരുട്ടുകുത്തി   വള്ളങ്ങൾക്ക്‌ പിന്നോട്ടു പോകണമെങ്കിൽ തുഴക്കാർ എഴുന്നേറ്റ് പുറംതിരിഞ്ഞിരുന്ന്‌ തുഴയണം. വേഗമാർജിക്കാൻ സമയമെടുക്കും. ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ രാജാവിന്റെ നിർദേശപ്രകാരം കൊടുപ്പുന്ന വെങ്കിടിയിൽ നാരായണൻ ആചാരി ആദ്യ ചുണ്ടൻവള്ളം പണിതെന്നാണ്‌ കരുതപ്പെടുന്നത്‌.

ജലരാജക്കാന്മാരുടെ ത്രസിപ്പിക്കുന്ന തേരോട്ടത്തിന്‌ വീണ്ടും സാക്ഷിയാകാനൊരുങ്ങി പുന്നമട. 19 ചുണ്ടനും 54 ചെറുവള്ളവും ഉൾപ്പെടെ 73 വള്ളമാണ്‌ ഇക്കുറി നെഹ്‌റുട്രോഫി ജലോത്സവത്തിൽ മത്സരിക്കുക. ഇരുട്ടുകുത്തി എ വിഭാഗത്തിൽ നാലും ബി വിഭാഗത്തിൽ 16 ഉം സിയിൽ 14 ഉം വള്ളം രജിസ്‌റ്റർചെയ്‌തു. ചുരുളൻ –- മൂന്ന്‌, വെപ്പ് എ – --ഏഴ്‌, വെപ്പ് ബി- –- നാല്‌, തെക്കനോടി തറ- – -മൂന്ന്‌, തെക്കനോടി കെട്ട് –- മൂന്ന്‌ എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിലെ മത്സരവള്ളങ്ങളുടെ എണ്ണം. കഴിഞ്ഞവർഷം 19 ചുണ്ടൻ ഉൾപ്പെടെ 72 വള്ളമാണ്‌ നെഹ്‌റുട്രോഫിയിൽ മത്സരിച്ചത്‌.

ആദ്യം ചെറുവള്ളങ്ങൾ

ചെറുവള്ളങ്ങളുടെ ഹീറ്റ്‌സാണ്‌ ആദ്യം. ഉച്ചയ്‌ക്കുശേഷം ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്‌സ്‌ മത്സരങ്ങൾ. പിന്നീട്‌ ചെറുവള്ളങ്ങളുടെ ഫൈനലും ശേഷം നട്ടായത്തിൽ തീപടർത്തി ചുണ്ടൻവള്ളങ്ങളുടെ ഫൈനൽമത്സരവും നടക്കും. അഞ്ച്‌ ഹീറ്റ്‌സിലായാണ്‌ ചുണ്ടൻവള്ളങ്ങളുടെ മത്സരം. ആദ്യനാല്‌ ഹീറ്റ്‌സിൽ നാലും അഞ്ചാം ഹീറ്റ്‌സിൽ മൂന്ന്‌ വള്ളവും. അഞ്ച്‌ ഹീറ്റ്‌സുകളിലും എറ്റവും മികച്ചസമയത്തിൽ ഫിനിഷ്‌ ചെയ്യുന്ന അഞ്ച്‌ ചുണ്ടൻവള്ളം ഫൈനലിൽ മത്സരിക്കും. ചെറുവള്ളങ്ങളുടെ മത്സരത്തിലും മികച്ചസമയത്തിലാണ്‌ വിജയിയെ നിശ്ചയിക്കുന്നത്‌.

അങ്കം മുറുകി വാശിയും

ജലോത്സവങ്ങൾ ഈ നാടിന്‌ ഉത്സവകാലമാണ്‌. സകല വേലിക്കെട്ടുകൾക്കുമപ്പുറത്ത്‌ ഓളപ്പരപ്പിൽ പായുന്ന വള്ളങ്ങൾക്ക്‌ മനുഷ്യർ ആർപ്പുവിളിക്കുന്ന കാലം. ആദ്യം കരക്കാരുടെ മത്സരങ്ങളായിരുന്നു നെഹ്‌റുട്രോഫിയടക്കം ജലോത്സവങ്ങൾ. ക്ലബ്ബുകൾ അതത്‌ കരകളിൽനിന്ന്‌ മികച്ചതാരങ്ങളെ കണ്ടെത്തി പരിശീലനം നൽകി മത്സരങ്ങൾക്ക്‌ ഇറക്കും. കാലം മാറിയപ്പോൾ വള്ളംകളിയുടെയും കഥയാകെ മാറി. ആവേശം വാനോളമുയർത്തി ജയംമാത്രം ലക്ഷ്യമിട്ട്‌ ക്ലബ്ബുകൾ ജലോത്സവത്തിലേക്കും പ്രൊഫഷണലിസത്തെ സന്നിവേശിപ്പിച്ചു. പരിശീലനവും ഭക്ഷണരീതികളും ഒക്കെ മാറി. മികച്ച പ്രൊഫഷണൽ പരിശീലകരും താരങ്ങളും വന്നു.

കായൽപ്പരപ്പിൽ പണവും ഒഴുകിത്തുടങ്ങിയതോടെ തുഴച്ചിൽക്കാർക്കും ജലോത്സവ സീസൺ ഒരുവരുമാനമാർഗമായി. ഒരോ സീസണിലും എറ്റവും മികച്ച താരങ്ങൾക്ക്‌ പിന്നാലെയാണ്‌ വലിയ ക്ലബ്ബുകൾ. മത്സരം കടുത്തതോടെ ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ പോലും താരങ്ങളെത്തി. ചാമ്പ്യൻസ്‌ ബോട്ട്‌ ലീഗ്‌ കൂടി വന്നതോടെ എല്ലാ സ്ഥാനങ്ങളിലും മികച്ചതാരങ്ങളെയാണ്‌ ക്ലബ്ബുകൾ അണിനിരത്തുന്നത്‌.

യുദ്ധത്തിൽനിന്ന്‌ പിറവി

ചെമ്പകശേരി, കായംകുളം രാജ്യങ്ങൾ തമ്മിലെ യുദ്ധമാണ്‌ ചുണ്ടൻവള്ളങ്ങളുടെ പിറവിക്ക്‌ പിന്നിൽ. ഏറ്റുമുട്ടൽ കൂടുതലും കായലുകളിലായിരുന്നു. കായംകുളത്തിന്റെ കായൽസേനയായിരുന്നു കരുത്തർ. അവരുമായി പൊരുതിജയിക്കുക ചെമ്പകശേരി സൈന്യത്തിന്‌ പ്രയാസമായി. ഇതിനൊരു പോംവഴി തേടിയ ചെമ്പകശേരി രാജാവ് വെള്ളത്തിലൂടെ അതിവേഗമെത്തി ആക്രമണം നടത്താൻ കഴിയുന്ന വള്ളമെന്ന ആശയത്തിലെത്തി. ആദ്യം ഇരുട്ടുകുത്തി വള്ളമാണ്‌ നിർമിച്ചത്‌. ഇരുട്ടുകുത്തി വള്ളങ്ങൾക്ക്‌ പിന്നോട്ടു പോകണമെങ്കിൽ തുഴക്കാർ എഴുന്നേറ്റ് പുറംതിരിഞ്ഞിരുന്നു തുഴയണം. വേഗമാർജിക്കാനും സമയമെടുക്കും. ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ രാജാവിന്റെ നിർദേശപ്രകാരം കൊടുപ്പുന്ന വെങ്കിടിയിൽ നാരായണൻ ആചാരി ആദ്യ ചുണ്ടൻവള്ളം പണിതു എന്ന്‌ കരുതപ്പെടുന്നു. ചുണ്ടൻവള്ളങ്ങൾകൊണ്ട്‌ കരുത്താർജിച്ച ചെമ്പകശേരി രാജാവ് പിന്നീടുണ്ടായ യുദ്ധത്തിൽ ജയിച്ചു എന്നാണ്‌ ഐതിഹ്യം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top