ആലപ്പുഴ> ഫോട്ടോ ഫിനിഷിൽ ഫലമറിഞ്ഞ നെഹ്‌റുട്രോഫി ഫൈനലിന് പിറകെ പരാതിയുമായി ക്ലബ്ബുകൾ. രണ്ടാംസ്ഥാനക്കാരായ വീയപുരം ചുണ്ടൻ തുഴഞ്ഞ കൈനകരി വില്ലേജ് ബോട്ട് ക്ലബ് (വിബിസി), മൂന്നാം സ്ഥാനക്കാരായ നടുഭാഗം തുഴഞ്ഞ കുമരകം ടൗൺ ബോട്ട് ക്ലബ് (കെടിബിസി) എന്നിവരാണ് പരാതിയുമായി എത്തിയത്. മത്സരഫല നിർണയത്തിനെതിരെ വിബിസിയും സ്‌റ്റാർട്ടിങ്ങിലുണ്ടായ പിഴവിനെതിരെ കെടിബിസിയും തിങ്കളാഴ്‌ച എൻബിടിആർ സൊസൈറ്റിക്കും കലക്ടർക്കും പരാതി നൽകും.
മത്സരഫലം അട്ടിമറിച്ചതാണെന്നും വീഡിയോദൃശ്യങ്ങൾ പരിശോധിക്കാൻ ശാസ്‌ത്രീയ പരിജ്ഞാനമുള്ള വിദഗ്‌ധസമിതിയെ നിയോഗിക്കണമെന്നുമാണ് വില്ലേജ് ബോട്ട് ക്ലബ്ബിന്റെ ആവശ്യം. അല്ലെങ്കിൽ ക്ലബ് ഹൈക്കോടതിയെ സമീപിക്കുമെന്നും ക്യാപ്റ്റൻ മാത്യു പൗവത്തിൽ പറഞ്ഞു. തർക്കമുണ്ടായപ്പോൾ വള്ളങ്ങളുടെ ക്യാപ്റ്റൻമാരുമായോ ക്ലബ് പ്രതിനിധികളുമായോ സംസാരിച്ച് ഫലപ്രഖ്യാപനം നടത്തണമായിരുന്നെന്ന് മാത്യു പൗവത്തിൽ പറഞ്ഞു.
ഫൈനലിന്റെ തുടക്കത്തിൽ സ്‌റ്റാർട്ടർമാർക്ക് പിഴവ് സംഭവിച്ചതായാണ് കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ പരാതി. ഒന്നാം ട്രാക്കിലായിരുന്നു നടുഭാഗം. ഫൈനലിനായി വള്ളം പിടിച്ച സമയം ട്രാക്കിലേക്ക് അധികൃതരുടെ ബോട്ട് വന്നു. അതുമാറ്റണമെന്ന് തുഴച്ചിൽക്കാർ സ്‌റ്റാർട്ടറോട് ആവശ്യപ്പെട്ടു. തുഴച്ചിൽക്കാർ തുഴപൊക്കി മുന്നിൽ അപകടമുണ്ടെന്ന് കാണിച്ചപ്പോൾ മത്സരം തുടങ്ങുകയായിരുന്നു. അതിനാൽ ക്ലബിന് മികച്ച തുടക്കം കിട്ടിയില്ല. മാത്രമല്ല, സ്‌റ്റാർട്ടിങ് പോയിന്റിൽ വള്ളങ്ങളുടെ അമരത്ത് ഘടിപ്പിച്ചിരുന്ന ലോക്ക് ഒരു സെക്കൻഡ് വൈകിയാണ് വിട്ടത്. ഫൈനലുകളിൽ മൈക്രോ സെക്കൻഡ് പോലും നിർണായകമാകുമ്പോൾ ടീമുകൾ തയ്യാറായ ശേഷമാണ് മത്സരം ആരംഭിക്കേണ്ടതെന്ന് കുമരകം ടൗൺ ബോട്ട് ക്ലബ് അധികൃതർ പരാതിയിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..