22 November Friday

നെഹ്‌റു ട്രോഫി 28ന്; 74 വള്ളങ്ങൾ മാറ്റുരയ്ക്കും: പ്രധാന നിർദേശങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024

ആലപ്പുഴ > 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഒരുക്കങ്ങൾ പൂർത്തിയായി. സെപ്തംബർ 28ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഉദ്ഘാടനം നടക്കും. ഉദ്ഘാടന സമ്മേളനത്തിൽ സംസ്ഥാനമന്ത്രിമാർ, ജില്ലയിലെ എം പിമാർ, എം എൽ എമാർ തുടങ്ങിയവരും പങ്കെടുക്കും.

ഓഗസ്റ്റ് 10-ന് നടത്താനിരുന്ന വള്ളംകളി മുണ്ടക്കൈ - ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സെപ്തംബർ 28 ലേക്ക് മാറ്റുകയായിരുന്നു. സാംസ്‌കാരിക കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള വിവിധ പരിപാടികളും സാംസ്‌കാരിക ഘോഷയാത്രയും ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി സംഘടിപ്പിക്കാറുള്ള വഞ്ചിപ്പാട്ട് ഉൾപ്പെടെയുള്ള മത്സരങ്ങളും ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കി.

വള്ളംകളിയുടെ ഇത്തവണത്തെ ടൈറ്റിൽ സ്പോൺസർ റോയൽ എൻഫീൽഡാണ്. കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. സ്പീഡ് ബോട്ടുകളുടെ സഞ്ചാരത്തിലും ഡ്രോണുകളുടെ ഉപയോഗത്തിലും കർശന നിയന്ത്രണം ഉറപ്പുവരുത്തിയിട്ടുണ്ട്. അഞ്ചു ജില്ലകളിലെ സർക്കാർ ഓഫീസുകൾ വഴിയും ബാങ്ക് ഓഫ് ബറോഡ, എസ് ബി ഐ എന്നീ ബാങ്കുകളിലൂടെ ഓൺലൈനായും ടിക്കറ്റ് വിൽപന പുരോഗമിക്കുന്നു. നിരവധി സ്പോൺസർമാരും വള്ളംകളി നടത്തിപ്പുമായി സഹകരിക്കുന്നുണ്ട്.

ആകെ 74 വള്ളങ്ങൾ

ഒൻപത് വിഭാഗങ്ങളിലായി 74 വള്ളങ്ങളാണ് ഇക്കുറി നെഹ്‌റു ട്രോഫിയിൽ മാറ്റുരയ്ക്കുന്നത്. ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിൽ 19 വള്ളങ്ങളുണ്ട്. ചുരുളൻ-3, ഇരുട്ടുകുത്തി എ ഗ്രേഡ്-4, ഇരുട്ടുകുത്തി ബി ഗ്രേഡ്-16, ഇരുട്ടുകുത്തി സി ഗ്രേഡ്-14, വെപ്പ് എ ഗ്രേഡ്-7, വെപ്പ് ബി ഗ്രേഡ്-4, തെക്കനോടി തറ-3, തെക്കനോടി കെട്ട്-4 എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം.

രാവിലെ 11-ന് മത്സരങ്ങൾ ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്‌സാണ് ആദ്യം. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളും ചെറു വള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളും നടക്കുക. വൈകുന്നേരം നാലു മുതലാണ് ഫൈനൽ മത്സരങ്ങൾ.

ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിൽ അഞ്ചു ഹീറ്റ്‌സുകളാണുള്ളത്. ആദ്യ നാല് ഹീറ്റ്‌സുകളിൽ നാലു വീതം വള്ളങ്ങളും അഞ്ചാമത്തെ ഹീറ്റ്‌സിൽ മൂന്ന് വള്ളങ്ങളുമാണ് മത്സരിക്കുക. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്‌റു ട്രോഫിക്കു വേണ്ടിയുള്ള ഫൈനൽ പോരാട്ടത്തിനായി ഇറങ്ങുക. ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്.

പുന്നമട സജ്ജം

ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെഹ്‌റു പവലിയന്റെയും താത്കാലിക ഗാലറികളുടെയും നിർമ്മാണം അവസാന ഘട്ടത്തിലാണ്. യന്ത്രവത്കൃത സ്റ്റാർട്ടിംഗ് സംവിധാനവും ഫോട്ടോ ഫിനിഷിംഗ് സംവിധാനവും സജ്ജമാണ്.

വള്ളംകളി കാണാനെത്തുന്നവർക്കായി കൂടുതൽ ബോട്ടുകളും ബസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. അയൽ ജില്ലകളിലെ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്ന് രാവിലെ ആലപ്പുഴയിലേക്കും വൈകുന്നേരം തിരികെയും പ്രത്യേക സർവീസുകളുണ്ടാകും. ഇതിനു പുറമേ വള്ളംകളി കാണുന്നതിനായി കെഎസ്ആർടിസി. ബജറ്റ് സെല്ലിന്റെ നേതൃത്വത്തിൽ പ്രത്യേക പാക്കേജ് ടൂറിസം സംവിധാനവും ഒരുക്കിയിട്ടുണ്ട്.

പ്രവേശനം പാസുള്ളവർക്ക് മാത്രം

പാസുള്ളവർക്കു മാത്രമാണ് വള്ളംകളി കാണുന്നതിന് ഗാലറികളിലേക്ക് പ്രവേശനം അനുവദിക്കുക. ഇതിനായി ഫിനിഷിംഗ് പോയിന്റിലേക്കുള്ള റോഡിൽ പ്രത്യേക ബാരിക്കേഡ് ഉണ്ടാകും. സി-ഡിറ്റ് തയ്യാറാക്കിയ ഹോളോഗ്രാം പതിച്ച ടിക്കറ്റുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

പാസില്ലാതെ കയറുന്നവർക്കും വ്യാജ പാസുകളുമായി എത്തുന്നവർക്കും പാസില്ലാതെ ബോട്ടിലും മറ്റും ആളുകളെ എത്തിക്കുന്നവർക്കുമെതിരെ കർശന നടപടി ഉണ്ടാകും. വള്ളംകളി കഴിഞ്ഞ് നെഹ്‌റു പവലിയനിൽ നിന്ന് തിരികെ പോകുന്നവർക്കായി ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

നിയമാവലികൾ പാലിച്ചില്ലെങ്കിൽ കർശന നടപടി

വള്ളംകളിയുടെ നിയമാവലി പാലിക്കാത്ത വള്ളങ്ങളെയും തുഴച്ചിൽക്കാരെയും കണ്ടെത്തുന്നതിനും മറ്റു നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനുമായി വീഡിയോ ക്യാമറകൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കും. മത്സരസമയത്ത് കായലിൽ ഇറങ്ങിയും മറ്റും മത്സരം തടസപ്പെടുത്താൻ ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്യും.

വള്ളംകളി കാണുന്നതിനായി പുന്നമട കായലിൽ നെഹ്‌റു പവലിയന്റെ വടക്കുഭാഗം മുതൽ ഡോക്ക് ചിറ വരെ നിശ്ചിത ഫീസ് അടയ്ക്കാതെ നിർത്തിയിടുന്ന മോട്ടോർ ബോട്ടുകൾ, ഹൗസ് ബോട്ടുകൾ, മറ്റു യാനങ്ങൾ എന്നിവയ്‌ക്കെതിരെയും നടപടി സ്വീകരിക്കും. ഈ മേഖലയിൽ ബോട്ടുകളും മറ്റും നിർത്തിയിട്ട് വള്ളംകളി കാണുന്നതിന് ആലപ്പുഴ റവന്യു ഡിവിഷൻ ഓഫീസിൽ നിശ്ചിത ഫീസ് അടച്ച് മുൻകൂർ അനുമതി വാങ്ങണം. 

രാവിലെ എട്ട് മണിക്ക് ശേഷം അനധികൃതമായി ട്രാക്കിൽ പ്രവേശിക്കുന്ന ബോട്ടുകളും ജലയാനങ്ങളും പിടിച്ചെടുക്കുന്നതും ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെന്റ് ചെയ്യുന്നതുമാണ്. അനൗൺസ്‌മെന്റ്, പരസ്യബോട്ടുകൾ എന്നിവ രാവിലെ എട്ടിനുശേഷം ട്രാക്കിലും പരിസരത്തും പ്രവേശിക്കാൻ പാടില്ല. മൈക്ക് സെറ്റുകളും പ്രവർത്തിപ്പിക്കാൻ പാടില്ല. വള്ളംകളി ദിവസം പുന്നമട കായലിൽ ട്രാക്കിന് കിഴക്കുഭാഗത്തും പരിസരത്തുമായി അടുപ്പിക്കുന്നതും സഞ്ചരിക്കുന്നതുമായ ഹൗസ് ബോട്ടുകളിലും മോട്ടോർ ബോട്ടുകളിലും അനുവദനീയമായതിൽ കൂടുതൽ ആളുകളെ കയറ്റാൻ പാടില്ല.

വള്ളംകളി ദിവസമായ സെപ്റ്റംബർ 28 രാവിലെ ആറു മുതൽ ജില്ലാ കോടതി പാലം മുതൽ ഫിനിഷിംഗ് പോയിന്റ് വരെ കനാലിന്റെ ഇരുവശങ്ങളിലും ജല വാഹനങ്ങളുടെ പാർക്കിംഗ് നിരോധിച്ചിട്ടുണ്ട്. സ്റ്റാർട്ടിംഗ് പോയിന്റും ഫിനിഷിംഗ് പോയിന്റും ഉൾപ്പടെ വിവിധ മേഖലകളിൽ ആംബുലൻസുകൾ ഉൾപ്പടെയുള്ള മെഡിക്കൽ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

പവലിയനിലേക്ക് പോകുന്നവർ രാവിലെ 10ന് എത്തണം

ടൂറിസിസ്റ്റ് ഗോൾഡ്, സിൽവർ പാസുകൾ എടുത്തിട്ടുള്ളവർ ബോട്ടിൽ നെഹ്‌റു പവലിയനിലേക്ക് പോകുന്നതിനായി രാവിലെ പത്തിന് ഡിടിപിസി ജെട്ടിയിൽ എത്തണം. വള്ളംകളി കാണുന്നതിന് ബോട്ട് ഉൾപ്പടെ പാസ് എടുത്തിട്ടുള്ളവരും രാവിലെ പത്തിന് മുൻപ് എത്തേണ്ടതാണ്. ഹരിതചട്ടം പാലിച്ചാണ് വള്ളംകളി നടത്തുന്നത്. ഗാലറികളിൽ പ്രവേശിക്കുന്നവരും കരയിൽ നിൽക്കുന്നവരും കനാലിലേക്കും കായലിലേക്കും പ്ലാസ്റ്റിക് കുപ്പികളോ മറ്റ് മാലിന്യങ്ങളോ വലിച്ചെറിയരുത്. രാവിലെ പത്തിന് ശേഷം ഡിടിപിസി ജെട്ടി മുതൽ പുന്നമട കായലിലേക്കും തിരിച്ചും ബോട്ട് സർവീസ് അനുവദിക്കില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top