പാലക്കാട്
ശക്തമായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായതിനാൽ ഒറ്റപ്പെട്ട നെല്ലിയാമ്പതിയിൽ ഗതാഗതം പുനഃസ്ഥാപിക്കാൻ വിപുല സന്നാഹമൊരുക്കി സർക്കാർ. റോഡിലേക്ക് വീണ വൻ പാറക്കഷ്‌ണങ്ങൾ കംപ്രസറും ജാക്കി ഹാമറും ഉപയോഗിച്ച് പൊട്ടിച്ചുനീക്കുകയാണ്. പൊതുമരാമത്ത് റോഡ് വിഭാഗത്തിന്റെ നേതൃത്വത്തിൽ റണ്ണിങ് കോൺട്രാക്‌ടേഴ്‌സ് അടക്കമുള്ളവർ നിന്നാണ് പൊട്ടിച്ചുനീക്കുന്നത്.
പൂർണമായും നീക്കാൻ ദിവസങ്ങൾ വേണ്ടിവരും. വീടിന്റെ വലിപ്പമുള്ള വൻപാറകളാണ് റോഡിലേക്ക് വീണത്. ചൊവ്വാഴ്‌ച മുതൽ ആരംഭിച്ച ജോലിക്കൊടുവിൽ വെള്ളി പകൽ പതിനൊന്നോടെ ഒറ്റവരി ഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷ. തിങ്കൾ രാത്രിയിലാണ് നെല്ലിയാമ്പതിയിലെ വിവിധ പ്രദേശങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായത്. 26 ഇടത്ത് റോഡ് ഗതാഗതം തടസ്സപ്പെട്ടു. കുണ്ടറംചോലയിലും ചെറുനെല്ലിയിലും ഉണ്ടായ ഉരുൾപൊട്ടൽ വലുതാണ്. മഴ തുടർന്നാൽ പോത്തുമലയിൽ താമസിക്കുന്ന ജനങ്ങളെയും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റും. നെല്ലിയാമ്പതിയിൽ രണ്ട് മെഡിക്കൽ സംഘത്തിന്റെ സേവനം ഉറപ്പാക്കി. 20 ഗർഭിണികൾ ഇവിടെയുള്ളതിനാൽ ഒരു ഗൈനക്കോളജിസ്‌റ്റിന്റെ സേവനവുമുണ്ട്. ഒമ്പതുകിലോമീറ്റർ നടന്നാണ് ബുധനാഴ്‌ച വൈദ്യസംഘം നെല്ലിയാമ്പതിയിലെത്തിയത്. കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളുമുണ്ട്. 13 പേരെ കാൽനടയായി പുറത്തെത്തിച്ചു. ഔദ്യോഗിക വാഹനങ്ങളല്ലാതെ മറ്റൊരു വാഹനവും നെല്ലിയാമ്പതിയിലേക്ക് കടത്തിവിടുന്നില്ല. വനം, പൊലീസ്, എൻഡിആർഎഫ് വളന്റിയർമാർ, അഗ്‌നിരക്ഷാസേന എന്നിവരും സ്ഥലത്തുണ്ട്. ഡെപ്യൂട്ടി കലക്‌ടർ സച്ചിൻ കൃഷ്‌ണയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..