22 December Sunday

പിഞ്ചുകുഞ്ഞിന്റെ മരണം കൊലപാതകം; അമ്മയും മുത്തച്ഛനും മുത്തശ്ശിയും അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024

പ്രതീകാത്മകചിത്രം

ഇടുക്കി > ശാന്തൻപാറയിൽ പിഞ്ചുകുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ, മുത്തച്ഛൻ, മുത്തശ്ശി എന്നിവരെ ഉടുമ്പൻചോല പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആ​ഗസ്ത് 16നാണ് ഏലത്തോട്ടത്തിലെ തോടിന്റെ തീരത്ത് 60 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ മുത്തശ്ശിയെയും അബോധാവസ്ഥയിൽ കണ്ടെത്തിയിരുന്നു.

രണ്ടര മാസത്തെ അന്വേഷണത്തിനൊടുവിലാണ് അമ്മ, മുത്തച്ഛൻ, മുത്തശ്ശി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ചെമ്മണ്ണാർ പുത്തൻപുരയ്ക്കൽ ചിഞ്ചു(26), ചിഞ്ചുവിന്റെ മാതാപിതാക്കളായ ഫിലോമിന (64), സലോമോൻ (64) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ശാരീരിക വെല്ലുവിളി നേരിടുന്ന ചിഞ്ചു രാത്രിയിൽ കരഞ്ഞ കുഞ്ഞിനെ കട്ടിലിൽനിന്നെടുത്ത് തല ഭിത്തിയിലടിക്കുകയായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തി. കൊലപാതകത്തിനുശേഷം സിനിമയെ വെല്ലുന്ന കഥ മെനഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെയാണ് പൊലീസ് കുടുക്കിയത്.

സംഭവദിവസം രാവിലെ ഫിലോമിനയെയും കുഞ്ഞിനെയും കാണാനില്ലെന്ന് സലോമോൻ നാട്ടുകാരെ അറിയിച്ചിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ സമീപത്തെ പുരയിടത്തിൽ കുഞ്ഞിന്റെ മൃതദേഹവും ഫിലോമിനയെ അബോധാവസ്ഥയിലും കണ്ടെത്തി. ഫിലോമിനയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് ഭർത്താവ് സലോമോൻ മറ്റുള്ളവരോട് പറഞ്ഞത്. തുടർന്ന് ഇവരെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞ് മരിച്ചത് തലയ്ക്ക് പരിക്കേറ്റാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. തുടർന്ന് പൊലീസ് ചിഞ്ചുവിനെ ചോദ്യം ചെയ്‌തെങ്കിലും കൂടുതൽ വിവരമൊന്നും ലഭിച്ചില്ല. സംശയം തോന്നിയ അന്വേഷണസംഘം ഫിലോമിനയെ കോലഞ്ചേരിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കി. ഇവിടെ നടത്തിയ പരിശോധനയിൽ ഇവർക്ക് മാനസികാസ്വാസ്ഥ്യമില്ലെന്ന് തെളിഞ്ഞു. തുടർന്ന് മൂവരെയും പലതവണ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

സംഭവ ദിവസം രാത്രി കുഞ്ഞ് വിശന്നുകരഞ്ഞപ്പോൾ കുപ്പിപ്പാൽ എടുക്കാനായി ഫിലോമിന അടുക്കളയിലേക്ക് പോയി. കരച്ചിൽ കേട്ട് അസ്വസ്ഥയായ ചിഞ്ചു കുഞ്ഞിനെ ഭിത്തിയിൽ ഇടിപ്പിക്കുകയായിരുന്നു. മരിച്ചെന്ന് മനസിലായതോടെയാണ് മൂവരും ചേർന്ന് ഇത്തരത്തിലൊരു കഥ മെനഞ്ഞത്. ഉടുമ്പൻചോല പൊലീസാണ് അന്വേഷണം നടത്തിയത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top