22 December Sunday

ബ്രഹ്മപുരം മാറി; ഇനിയില്ല മാലിന്യമല

ജെയ്‌സൻ ഫ്രാൻസിസ്‌Updated: Tuesday Aug 13, 2024

ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രം പുതിയ ദൃശ്യം

കൊച്ചി > വേർതിരിക്കാത്ത മാലിന്യം അളവില്ലാതെ കുത്തിനിറച്ച്‌ ലോറികളിൽ കൊണ്ടുവന്നു തള്ളുന്നയിടമല്ല ഇന്ന്‌
 ബ്രഹ്മപുരം. ശ്വാസംമുട്ടിച്ച്‌ പുകയുന്ന മാലിന്യമലയും അപ്രത്യക്ഷമായി. ജൈവമാലിന്യം അതതുദിവസം സംസ്‌കരിക്കുന്നതോടൊപ്പം വർഷങ്ങളായി കൂമ്പാരമായി കിടന്ന മാലിന്യവും സമയബന്ധിതമായി സംസ്‌കരിക്കുകയാണ്‌. മഹാനഗരത്തിന്റെ ഭാവിയിലെ ആവശ്യംകൂടി മുന്നിൽക്കണ്ട്‌ ബിപിസിഎൽ സിബിജി പ്ലാന്റ്‌ ഉൾപ്പെടെ ആധുനികസംവിധാനവും ഇവിടെ ഒരുങ്ങുന്നു. ശുചിത്വകേരളത്തിന്‌ മാതൃകയായി ബ്രഹ്മപുരം മാറുന്നതെങ്ങനെ എന്ന്‌ ഒരു അന്വേഷണം. ദേശാഭിമാനി സീനിയർ റിപ്പോർട്ടർ തയ്യാറാക്കിയ പരമ്പര ഇന്നുമുതൽ

അസാധ്യമെന്ന്‌ എഴുതിത്തള്ളിയത്‌ സാധ്യമാകുന്നു

അസാധ്യമെന്ന്‌ എഴുതിത്തള്ളിയതിനെ സാധ്യമാക്കുന്നത്‌ എങ്ങനെ എന്നറിയാൻ ബ്രഹ്മപുരത്തേക്ക്‌ വരിക. കൊച്ചി നഗരത്തിന്‌ തീരാപ്രതിസന്ധി സൃഷ്ടിച്ച മാലിന്യപ്രശ്‌നത്തിന്‌ കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ പ്രായോഗിക പരിഹാരമായത്‌ എങ്ങനെ എന്ന്‌ ഇവിടം കാണിച്ചുതരും. ഒരുവർഷംമുമ്പ്‌ നാടിനെയാകെ ഭയാശങ്കയിലാക്കി പുകഞ്ഞുകത്തിയ മാലിന്യമലകൾ ഇന്ന്‌ അവിടെയില്ല. വർഷങ്ങളായി കുന്നുകൂടിയ മാലിന്യം സംസ്‌കരിക്കുന്ന ജോലികൾ ഇടവേളയില്ലാതെ പുരോഗമിക്കുന്നു. വേർതിരിക്കാത്ത മാലിന്യവുമായി ലോറികൾ ഇപ്പോൾ നഗരത്തിൽനിന്ന്‌ അവിടേക്ക്‌ എത്തുന്നില്ല. എത്തുന്ന ജൈവമാലിന്യം കൃത്യമായി സംസ്‌കരിക്കുന്നു. ആവശ്യത്തിനനുസരിച്ച്‌ പുതിയ സംസ്‌കരണ സംവിധാനങ്ങൾ ഉയരുന്നു. അതിലൊന്ന്‌ ദിവസം 150 ടൺ സംസ്‌കരണശേഷിയുള്ള ബിപിസിഎല്ലിന്റെ കംപ്രസ്‌ഡ്‌ ബയോഗ്യാസ്‌ പ്ലാന്റാണ്‌. 2023 മാർച്ച്‌ 12നുണ്ടായ തീപിടിത്തത്തിനുശേഷം നഗരമാലിന്യത്തോട്‌ യുദ്ധം പ്രഖ്യാപിച്ച്‌ സംസ്ഥാന സർക്കാരും വിവിധ ഏജൻസികളും സ്ഥാപനങ്ങളുമായി സഹകരിച്ച്‌ കോർപറേഷൻ നടപ്പാക്കുന്ന വിവിധതല പദ്ധതികൾ ലക്ഷ്യംകാണുന്നു.

ബ്രഹ്മപുരം  മാലിന്യ സംസ്കരണ കേന്ദ്രം പഴയ  ദൃശ്യം (ഫയൽ )

ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രം പഴയ ദൃശ്യം (ഫയൽ )



13 ഏക്കറിൽ ബയോമൈനിങ്‌
 പൂർത്തിയായി

കാലങ്ങളായുള്ള മാലിന്യം വേർതിരിച്ച്‌ സംസ്‌കരിക്കുന്ന രീതിയാണിത്‌. ഉപയോഗപ്രദമായതെല്ലാം വേർതിരിക്കും. ഉദാഹരണത്തിന്‌ മാലിന്യത്തിൽനിന്ന്‌ വേർതിരിക്കുന്ന ആർഡിഎഫ്‌, സിമന്റ് ഫാക്ടറികൾക്ക് ഇന്ധനമായി ഉപയോഗിക്കാം.
ബ്രഹ്മപുരത്ത് മാലിന്യമലകളെ ബയോമൈനിങ്ങിലൂടെയാണ്‌ സംസ്‌കരിക്കുന്നത്‌.  കോഴിക്കോട്‌ എൻഐടിയുടെ സർവേ പ്രകാരം 39 ഏക്കറിലായി 8.4 ലക്ഷം മെട്രിക്‌ ടൺ മാലിന്യമാണുണ്ടായിരുന്നത്‌. ഭൂമി ഗ്രീൻ എനർജി എന്ന ഏജൻസിക്ക്‌ ബയോമൈനിങ്‌ ചുമതല നൽകി.

ഇതിനകം 13 ഏക്കറിൽ ബയോമൈനിങ്‌ പൂർത്തിയായി. ഇതിൽ 3.56 ലക്ഷം മെട്രിക്‌ ടൺ സംസ്‌കരിച്ച്‌ തരംതിരിച്ചു. 71162.980 മെട്രിക്‌ ടൺ ആർഡിഎഫ്‌,  പുനഃചംക്രമണം സാധ്യമാകുന്ന 124.920 മെട്രിക്‌ ടൺ മാലിന്യം, നിർമാണവസ്‌തുക്കളുമായി ബന്ധപ്പെട്ടുള്ള 42,068.840  മെട്രിക്‌ ടൺ മാലിന്യം തുടങ്ങിയവയാണ്‌ വേർതിരിച്ചത്‌. ഇതിൽ ആർഡിഎഫ്‌ സിമന്റ്‌ ഫാക്ടറികളിലേക്ക്‌ അയക്കുന്നു. അൾട്രാടെക്‌, ഡാൽമിയ, അംബുജ, എസിസി തുടങ്ങിയ സിമന്റ്‌ ഉൽപ്പാദകരാണ്‌ ബ്രഹ്മപുരത്തെ ആർഡിഎഫ്‌ (റിഫ്യൂസ്‌ ഡിറൈവ്‌ഡ്‌ ഫ്യൂവൽ) ഇന്ധനമാക്കുന്നത്‌.

2025 മെയ്‌മാസത്തോടെ ബയോമൈനിങ്‌ പൂർത്തിയാക്കുകയാണ്‌ ലക്ഷ്യം. ഗ്രൗണ്ടിന്‌ മുകളിലുള്ളവയുടെ ബയോമൈനിങ്‌ ഡിസംബറിൽ തീരും. തുടർന്ന്‌ മണ്ണിനടിയിലേതും. ബയോമൈനിങ്‌ കൃത്യമായാണോ നടക്കുന്നതെന്ന്‌ കേന്ദ്ര ശാസ്‌ത്ര സാങ്കേതിക മന്ത്രാലയത്തിന്‌ കീഴിലുള്ള കൗൺസിൽ ഓഫ്‌ സയന്റിഫിക്‌ ആൻഡ്‌ ഇൻഡസ്‌ട്രിയൽ റിസർച്ച്‌, -നാഷണൽ എൻവയോൺമെന്റൽ എൻജിനിയറിങ്‌ റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ എന്നിവ പരിശാധിച്ചിരുന്നു. അവർ തൃപ്‌തി അറിയിച്ചു.

ഓരോ ചലനവും കോർപറേഷന്റെ മേൽനോട്ടത്തിൽ

കോർപറേഷന്റെ കർശന മേൽനോട്ടത്തിലാണ്‌ ബ്രഹ്മപുരത്തെ ഒരോ ചലനങ്ങളും. ബയോമൈനിങ്‌ നടന്നയിടങ്ങൾ ഹരിതാഭമാക്കാനുള്ള പ്രവർത്തനങ്ങളും നടക്കുന്നു. മണ്ണൊലിപ്പ്‌ തടയുന്നതിനൊപ്പം പച്ചപ്പിന്റെ ഹൃദയഹാരിയായ കാഴ്‌ചകൂടിയാകും ഇനി ബ്രഹ്മപുരം. ഏറ്റവും ഉയർന്ന ശേഷിയിലുള്ള ബിഎസ്‌എഫ്‌ പ്ലാന്റ്‌ ഇവിടെ ആരംഭിച്ചുകഴിഞ്ഞു. സാനിറ്ററി നാപ്‌കിൻ, ഡയപ്പർ തുടങ്ങിയവ സംസ്‌കരിക്കാൻ കഴിയുന്ന റെയ്‌ഡ്‌കോയുടെ ഇൻസിനറേറ്റർ നിർമാണവും പുരോഗമിക്കുന്നു. അതേക്കുറിച്ച്‌ നാളെ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top