05 November Tuesday

പുതിയ പെൻഷൻ പദ്ധതി: ദക്ഷിണ റെയിൽവേയിൽ 62,706 ജീവനക്കാർ ഉൾപ്പെടും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024

image credit: Southern Railway facebook

തിരുവനന്തപുരം > കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഏകീകൃത പെൻഷൻ പദ്ധതിയുടെ പരിധിയിൽ ദക്ഷിണ റെയിൽവേയിൽ വരുന്നത് 62,706 ജീവനക്കാർ. ഇതിൽ 439 ഗസറ്റഡ് ജീവനക്കാരും 62,267 നോൺ ഗസറ്റഡ് ജീവനക്കാരുമുണ്ട്‌. ആകെയുള്ള 81,311 ജീവനക്കാരിൽ ശേഷിക്കുന്ന 18,605 ജീവനക്കാരാണ് പഴയ സ്‌കീമിലുള്ളത്. പുതിയ പെൻഷൻ പദ്ധതിയുടെ വിശദാംശങ്ങൾ ജീവനക്കാരെ അറിയിക്കുന്നതിനായി ബോധവൽക്കരണം ആരംഭിക്കുമെന്ന്‌ ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് പേഴ്സണൽ ഓഫീസർ കെ ഹരികൃഷ്‌ണൻ വീഡിയോ കോൺഫറൻസ്‌ വഴി നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തിരുവനന്തപുരം ഡിവിഷന് കീഴിലെ 10,000 ജീവനക്കാരിൽ 7,487 പേരാണ് പുതിയ പെൻഷൻ പദ്ധതിയുടെ പരിധിയിൽ വരുന്നത്‌. ഡിവിഷനിലെ 7,487  ജീവനക്കാരും പുതിയ പെൻഷൻ പദ്ധതി തെരഞ്ഞെടുത്താൽ വർഷം ഏകദേശം 30 കോടി രൂപ അധിക ബാധ്യതയുണ്ടാകുമെന്നാണ് കരുതുന്നതെന്ന്‌ അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ എം ആർ  വിജി  പറഞ്ഞു. 2004 ജനുവരി മുതൽ പദ്ധതിക്ക് മുൻകാല പ്രാബല്യമുള്ളതിനാൽ ഇക്കാലയളവിൽ വിരമിച്ച ജീവനക്കാർക്കും പദ്ധതിയിൽ ചേരാം. ഡിവിഷണൽ സീനിയർ ഫിനാൻസ് മാനേജർ മീര വിജയരാജ്, പേഴ്സണൽ ഓഫീസർ ലിപിൻരാജ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top