22 December Sunday

ഇതും നാം അതിജീവിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024

വയനാടിന് സഹായഹസ്‌തവുമായി പുറപ്പെട്ട കെഎംഎം ടൈറ്റാനിയം എംപ്ലോയീസ് യൂണിയൻ (സിഐടിയു) സ്നേഹവണ്ടി സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം 
ടി മനോഹരൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു

 സ്‌നേഹവണ്ടി പുറപ്പെട്ടു

ചവറ
ദുരന്തത്തിൽ തകർന്ന വയനാടിന് സഹായഹസ്‌തവുമായി കെഎംഎംഎൽ  സിഐടിയു സ്നേഹവണ്ടി പുറപ്പെട്ടു. വയനാട്ടിലെ ദുരിതാശ്വാസക്യാമ്പുകളിലേക്ക് കെഎംഎം ടൈറ്റാനിയം എംപ്ലോയീസ് യൂണിയൻ  (സിഐടിയു) നേതൃത്വത്തിലാണ്  അവശ്യസാധനങ്ങളുമായി  യാത്രതിരിച്ചത്. സ്നേഹവണ്ടി സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി മനോഹരൻ  ഫ്ലാഗ് ഓഫ് ചെയ്‌തു. ജില്ലാ കമ്മിറ്റി അംഗം ആർ രവീന്ദ്രൻ, എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി വി സി രതീഷ് കുമാർ , സിപിഐ എം ഏരിയ കമ്മിറ്റി അംഗം പി കെ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കമ്പനി പടിയ്ക്കൽ നടന്ന  പരിപാടിയിൽ നിരവധി  തൊഴിലാളികൾ പങ്കാളികളായി.
 
 
കാരുണ്യത്തിന്റെ കൈത്താങ്ങുമായി 3രൂപ കടയും
കൊല്ലം
വയനാട്ടിൽ പ്രളയദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ തന്റെ ചെറിയ വരുമാനത്തിൽനിന്ന് കാരുണ്യത്തിന്റെ കൈ നീട്ടുകയാണ് കൊല്ലം തട്ടാമല ജങ്‌ഷനിലെ മൂന്നുരൂപ കടയുടമ  ജലീൽ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10,000 രൂപയുടെ ചെക്ക് എം നൗഷാദ് എംഎൽഎയ്ക്ക് ജലീൽ കൈമാറി. 
ചായയും ചെറുകടികളും മൂന്നുരൂപയ്ക്ക് വിൽക്കുന്ന ജലീലിന്റെ ചായക്കട മൂന്നുരൂപ കട എന്ന പേരിലാണ് അറിയപ്പെടുന്നത്. വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കാൻ തന്നാൽ കഴിയുന്നത്‌ ചെയ്യണമെന്ന ചിന്തയിലാണ് പണം നൽകിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി കൃത്യമായി വിനിയോഗിക്കപ്പെടുമെന്ന ഉറപ്പ് ഉള്ളതുകൊണ്ടാണ് തുക സിഎംഡിആർഎഫിലേക്ക് നൽകിയതെന്ന് ജലീൽ പറയുന്നു. കൂട്ടിക്കട സ്വദേശിയായ ജലീലും ഭാര്യയും വിദ്യാർഥികളായ രണ്ടു മക്കളും കഴിഞ്ഞ പ്രളയകാലത്തും കോവിഡ് സമയത്തും സിഎംഡിആർഎഫിലേക്ക് സംഭാവന നൽകിയിരുന്നു.
 
 
ചായക്കടയിലെ വരുമാനം 
നൽകി സുബൈദ
കൊല്ലം
വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കായി പള്ളിത്തോട്ടം സ്വദേശിനി സുബൈദ ചായക്കടയിലെ വരുമാനം നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10,000രൂപയാണ് സുബൈദ കൈമാറിയത്. കലക്ടറേറ്റിലെത്തി കലക്ടർ എൻ ദേവീദാസിന് തുക കൈമാറുകയായിരുന്നു. സുജിത്  വിജയൻപിള്ള എംഎൽഎയുടെ സാന്നിധ്യത്തിലായിരുന്നു കൈമാറ്റം. പള്ളിത്തോട്ടം പൊലീസ് സ്റ്റേഷനു സമീപം ചായക്കട നടത്തുന്ന സുബൈദ കഴിഞ്ഞ പ്രളയത്തിൽ ദുരിതം അനുഭവിച്ചവർക്കായി തന്റെ ആടുകളെ വിറ്റ്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു.
 
കെഎംഎംഎല്‍ 
50 ലക്ഷം നൽകി
കൊല്ലം
വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരെ സഹായിക്കാൻ പൊതുമേഖലാ വ്യവസായ സ്ഥാപനം കെഎംഎംഎൽ രംഗത്ത്‌. ദുരിതബാധിതർക്ക്‌ ആശ്വാസമേകാൻ 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകുമെന്ന്‌ മാനേജിങ് ഡയറക്ടർ പി പ്രദീപ്കുമാർ അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top