24 November Sunday

അവശ്യസാധനങ്ങളുമായി 
15 വാഹനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024
കണ്ണൂർ
വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കാൻ ജില്ലയൊന്നാകെ ഒരുമിച്ചു. ഔദ്യോഗിക സംവിധാനത്തിലൂടെ ശേഖരിച്ച അവശ്യസാധനങ്ങളുമായി  15 വാഹനങ്ങൾ വയനാട്ടിലേക്ക് തിരിച്ചു. വ്യക്തികളും  സംഘടനകളും  അവശ്യവസ്തുക്കളായ പുതിയ വസ്ത്രങ്ങൾ, കുടിവെള്ളം, സാനിറ്ററി പാഡ്, പാക്ക് ചെയ്ത ഭക്ഷ്യ വസ്തുക്കൾ, അരി, പയർ വർഗങ്ങൾ, തേയിലപ്പൊടി, പഞ്ചസാര  തുടങ്ങിയവ  ഔദ്യോഗിക സംവിധാനത്തിൽ തുറന്ന സംഭരണ കേന്ദ്രങ്ങൾക്ക് കൈമാറിയിരുന്നു. ഇവ  ബുധൻ രാവിലെ വളന്റിയർമാർ തരംതിരിച്ചാണ്‌ വാഹനങ്ങളിൽ കയറ്റിയത്‌. 
ജില്ലാ പഞ്ചായത്ത് 10 വാഹനങ്ങളിലാണ്‌ അവശ്യസാധനങ്ങൾ അയച്ചത്. കണ്ണൂർ കോർപറേഷൻ മൂന്ന്‌ വാഹനങ്ങളിലും തലശേരി, കണ്ണൂർ താലൂക്കുകൾ ഓരോ വാഹനത്തിലുമാണ്‌ സാധനങ്ങൾ കൈമാറിയത്. 
 സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജനും ഭാര്യ കെ ലീനയും  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന കലക്ടർ അരുൺ കെ വിജയന്‌ കൈമാറി. എം വി ജയരാജൻ ഒരു മാസത്തെ പെൻഷൻ തുകയും കേരള ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജരായ ലീന ഒരു മാസത്തെ ശമ്പളവുമാണ് നൽകിയത്‌. ബേക്കേഴ്‌സ് അസോസിയേഷൻ കേരളയും ജില്ലാ ഭരണസംവിധാനവും ശേഖരിച്ച ഭക്ഷണസാധനങ്ങളും ആവശ്യവസ്തുക്കളുമായുള്ള ആദ്യവാഹനം കലക്ടർ അരുൺ  കെ വിജയൻ ഫ്ലാഗ്‌ ഓഫ് ചെയ്തു.  
  ജില്ലയിലെ പ്രോസിക്യൂട്ടർമാരും തലശേരി ജില്ലാ ഗവ. പ്ലീഡർ ആൻഡ് പ്രോസിക്യൂട്ടർ ഓഫീസിലെ ജീവനക്കാരും ചേർന്ന് സമാഹരിച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ കൈമാറി. ഡിസ്‌ട്രിക്ട്‌ ഗവ. പ്ലീഡർ കെ  അജിത്കുമാർ കലക്ടർ  അരുൺ കെ വിജയന് ചെക്ക്‌ കൈമാറി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top