കണ്ണൂർ
അതിതീവ്രമഴയിലുണ്ടായ ദുരന്തത്തിൽ വിറങ്ങലിച്ച നാടിന് തുണയായി ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ്. ഉരുൾപൊട്ടൽ നാശം വിതച്ച വയനാട് മേപ്പാടിയിലും കണ്ണൂരിലെ യുവത കരുതലുമായി ഒപ്പം നിൽക്കുകയാണ്. ദിവസങ്ങളായി തുടരുന്ന മഴയിൽ ജില്ലയുടെ വിവിധ മേഖലകളിലുണ്ടായ വെള്ളക്കെട്ടുകളിലും തുണയായി യുവാക്കളെത്തി.
തലശേരി, പാനൂർ ബ്ലോക്കുകളിൽനിന്ന് 50 യൂത്ത് ബ്രിഗേഡ് വളന്റിയർമാരാണ് മേപ്പാടിയിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. തലശേരി, പാനൂർ പിണറായി ബ്ലോക്കുകളുടെ ആംബുലൻസ് ദുരന്ത മേഖലയിൽ 24 മണിക്കൂറും സൗജന്യ സർവീസ് നടത്തുന്നുണ്ട്. തലശേരി, പാനൂർ, പിണറായി, പേരാവൂർ ബ്ലോക്കുകളിൽനിന്ന് അവശ്യ സാധനങ്ങൾ വയനാട്ടെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചു. ജില്ലയിലെ 14 ബ്ലോക്കുകളിൽനിന്ന് ശേഖരിച്ച അവശ്യ സാധനങ്ങൾ ജില്ലാ പഞ്ചായത്തിന്റെ കലക്ഷൻ സെന്ററിലെത്തിച്ചു.
മട്ടന്നൂർ ബ്ലോക്കിലെ കീഴല്ലൂരിൽ അഞ്ചരക്കണ്ടിപ്പുഴ കരകവിഞ്ഞൊഴുകി വീടുകളിൽ വെള്ളം കയറി ഒറ്റപ്പെട്ടുപോയവരെ യൂത്ത് ബ്രിഗേഡ് രക്ഷപ്പെടുത്തി ക്യാമ്പുകളിലേക്കുമാറ്റി. മട്ടന്നൂർ നഗരസഭ, കീഴല്ലൂർ, തില്ലങ്കേരി, കൂടാളി പഞ്ചായത്തുകളിലെ ദുരിതബാധിത പ്രദേശങ്ങളിലെ വീടുകൾ ശുചീകരിച്ചു.
അഞ്ചരക്കണ്ടി ബ്ലോക്കിൽ വലിയന്നൂരിൽ മതിലിടിഞ്ഞ് തകർന്ന വീട് വാസയോഗ്യമാക്കി. വാരത്ത് മുത്തപ്പൻ കാവിന്റെ മതിലിടിഞ്ഞ് തകർന്ന റോഡ് ഗതാഗത യോഗ്യമാക്കി. അഞ്ചരക്കണ്ടി നാലാം മൈലിൽ റോഡിൽ വീണ ആൽമരം മുറിച്ചുമാറ്റി.
പിണറായിയിൽ വേങ്ങാട് വെള്ളം കയറിയ വീടുകൾ ശുചീകരിച്ചു. ശ്രീകണ്ഠപുരത്ത് ചെങ്ങളായി, ചൂളിയാട് എന്നിവിടങ്ങളിൽ മരം വീണ് തടസപ്പെട്ട റോഡ് ഗതാഗതയോഗ്യമാക്കി. ഇരിട്ടി ബ്ലോക്കിൽ നാടുവനാട്, നിടിയാഞ്ഞിരം ഇരുപത്തിയൊന്നാം മൈയിൽ, പത്തൊൻപതാം മൈൽ, ചാവശേരി പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിൽ പൊട്ടിവീണ മരം മുറിച്ചുമാറ്റി. പുന്നാട് ഉളിയിൽനിന്ന് വെള്ളം കയറിയ വീടുകളിലെ ആളുകളെ രക്ഷപ്പെടുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..