കണ്ണൂർ
ജില്ലയിലെ മൂന്ന് തദ്ദേശ വാർഡുകളിൽനടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉജ്വല വിജയം. തലശേരി നഗരസഭയിലെ പെരിങ്കളം, പടിയൂർ–- കല്യാട് പഞ്ചായത്തിലെ മണ്ണേരി, കാങ്കോൽ–- ആലമ്പടമ്പിലെ ആലക്കാട് എന്നിവയാണ് വൻ ഭൂരിപക്ഷത്തോടെ എൽഡിഎഫ് നിലനിർത്തിയത്. ലോക്‌സഭാ തെഞ്ഞെടുപ്പിൽ യുഡിഎഫ് നേട്ടമുണ്ടാക്കിയ ബൂത്തുകൾ ഉൾപ്പെടുന്ന വാർഡുകളിലാണ് ഈ മുന്നേറ്റം.
യുഡിഎഫ് നേട്ടം താൽക്കാലികമാണെന്ന് ഫലം തെളിയിക്കുന്നു. മണ്ണേരി വാർഡുൾപ്പെടുന്ന 25–-ാം ബൂത്തിൽ യുഡിഎഫിന് 103 വോട്ടിന്റെ ലീഡുണ്ടായിരുന്നു. ഇവിടെ എൽഡിഎഫ് സ്ഥാനാർഥി കെ വി സവിത 86 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ഡിസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂരിന്റെ സഹോദരഭാര്യ റഷീദാ ജാഫറായിരുന്നു യുഡിഎഫ് സ്ഥാനാർഥി.
പണമൊഴുക്കിയും വർഗീയപ്രചാരണം നടത്തിയും ബിജെപി വോട്ട് മറിച്ചും പ്രവർത്തിച്ചിട്ടും യുഡിഎഫിന് രക്ഷപ്പെടാനായില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ച 65 വോട്ട് 38 ആയും ചുരുങ്ങി. കെ പി പ്രീതയായിരുന്നു സ്ഥാനാർഥി.
തലശേരി നഗരസഭ പെരിങ്കളം വാർഡ് 237 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി എം എ സുധീശൻ നിലനിർത്തിയത്.
ഒടുവിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ലഭിച്ച 482 വോട്ട് 508 ആയി ഉയർത്തി യുഡിഎഫിലെ പി എൻ പങ്കജാക്ഷനെയാണ് തോൽപ്പിച്ചത്. കഴിഞ്ഞ വാർഡ് തെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായിരുന്ന 196 വോട്ട് 94 ആയി കുറഞ്ഞു.
ഇങ്ങനെ ബിജെപി വോട്ട് യുഡിഎഫിലേക്ക് ഒഴുകിയപ്പോൾ മൂന്നാംസ്ഥാനമെന്ന നാണക്കേടിൽനിന്ന് കോൺഗ്രസ് രക്ഷപ്പെട്ടു.
കാങ്കോൽ–-- ആലപ്പടമ്പ് പഞ്ചായത്ത് ഏഴാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി എം ലീല 188 വോട്ട് ഭൂരിപക്ഷത്തിലാണ് ജയിച്ചത്. 824ൽ 484 വോട്ടുനേടി. എൻഡിഎ സ്ഥാനാർഥി എ ജയന്തി രണ്ടാമതും യുഡിഎഫ് സ്ഥാനാർഥി കെ രജനി മൂന്നാമതുമാണ്. ജയന്തി കഴിഞ്ഞ തവണ സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു.
മൂന്നിടത്തും മിന്നും വിജയം
കണ്ണൂർ
തദ്ദേശ സ്ഥാപന ഉപതെര--ഞ്ഞെടുപ്പിൽ ജില്ലയിലെ മൂന്ന് വാർഡുകളിലും എൽഡിഎഫിന് മിന്നും വിജയം. തലശേരി നഗരസഭ പെരിങ്കളം വാർഡിൽ എം എ സുധീശൻ, പടിയൂർ -–-കല്യാട് പഞ്ചായത്ത് മണ്ണേരി ഒന്നാം വാർഡിൽ കെ വി സവിത, കാങ്കോൽ-–-ആലപ്പടമ്പ് പഞ്ചായത്ത് ഏഴാം വാർഡ് എം ലീല എന്നിവർ വൻഭൂരിപക്ഷത്തിൽ വിജയിച്ചു.
തലശേരി നഗരസഭ പെരിങ്കളം വാർഡ് ഉപതെരഞ്ഞെടുപ്പിൽ സീറ്റ് നിലനിർത്തി എൽ ഡി എഫ്. എൽഡിഎഫ് സ്ഥാനാർഥി എം എ സുധീശൻ 237 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കോൺഗ്രസിലെ പി എൻ പങ്കജാക്ഷനെയാണ് തോൽപ്പിച്ചത്.
മണ്ണേരി ഒന്നാം വാർഡിലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി കെ വി സവിത 86 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർഥി 527ഉം യുഡിഎഫ് സ്ഥാനാർഥി 441ഉം വോട്ട് നേടി.
കാങ്കോൽ-–-ആലപ്പടമ്പ് പഞ്ചായത്ത് ഏഴാം വാർഡ് ആലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എം ലീല 188 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ആകെ 824 വോട്ട് രേഖപ്പെടുത്തിയതിൽ 484 വോട്ട് എൽഡിഎഫിന് ലഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..