08 November Friday

നിലപാടിന്റെ വിജയം

സ്വന്തം ലേഖകർUpdated: Thursday Aug 1, 2024

കരവാരത്ത്‌ വിജയിച്ച കെ ബേബി ഗിരിജയും വിജി വേണുവും എൽഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം

തിരുവനന്തപുരം
ജില്ലയിലെ തദ്ദേശവാർഡുകളിലെ ഉപതെരഞ്ഞെടുപ്പിൽ പ്രകടമായത്‌ കോൺഗ്രസിനോടും ബിജെപിയോടുമുള്ള എതിർപ്പ്‌ പ്രകടിപ്പിച്ച്‌ പുറത്തുവന്നവരുടെ രാഷ്‌ട്രീയ നിലപാടിന്‌ ലഭിച്ച അംഗീകാരം. തീവ്രവർഗീയ നിലപാടുള്ള ബിജെപിയോടും മൃദുവർഗീയ നിലപാടുള്ള കോൺഗ്രസിനോടും ചേർന്നുപോകാൻ കഴിയാത്തവർ സ്ഥാനമാനങ്ങൾ ഉൾപ്പെടെ രാജിവച്ചാണ്‌ ജനപക്ഷ, മതേതര നിലപാടുള്ള സിപിഐ എമ്മിനൊപ്പം ചേർന്നത്‌.
  36 വർഷം കോൺഗ്രസിനുവേണ്ടി പ്രവർത്തിച്ച വെള്ളനാട്‌ ശശി ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്‌ കോണ്‍​ഗ്രസ് നേതാക്കളുടെ സ്വാർഥ താൽപ്പര്യങ്ങള്‍ കാരണമാണ്‌. ഐഎൻടിയുസി ജില്ലാ പ്രസിഡന്റിനെ രംഗത്തിറക്കിയിട്ടും അദ്ദേഹം സ്വീകരിച്ച നിലപാടിനെ തോൽപ്പിക്കാൻ കഴിഞ്ഞില്ല.  
കോൺഗ്രസിൽനിന്ന്‌ വിജയിച്ച്‌ പെരിങ്ങമ്മല പഞ്ചായത്ത്‌ പ്രസിഡന്റായ ഷിനു മടത്തറ, അംഗങ്ങളായ കലയപുരം അൻസാരി, എം ഷഹനാസ് എന്നിവർ ദീർഘകാലമായി കോൺഗ്രസിനുവേണ്ടി പ്രവർത്തിച്ചവരാണ്‌. സ്ഥാനമാനങ്ങൾ ഉപേക്ഷിച്ച്‌ ഉപാധികളില്ലാതെ എത്തിയ ഇവരെ വീണ്ടും അതേവാർഡുകളിൽ മത്സരിപ്പിക്കാനായിരുന്നു സിപിഐ എമ്മിന്റെ തീരുമാനം. ഷിനു മടത്തറയ്ക്ക്‌ കഴിഞ്ഞതവണ ലഭിച്ച 94 വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ 203 ആയും എം ഷഹനാസിന്റെ ഭൂരിപക്ഷം 110ൽനിന്ന്‌ 314 ആയും വർധിച്ചു. 437 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച അൻസാരിക്ക്‌ നേരിയ കുറവ്‌ മാത്രമാണുണ്ടായത്‌.  
കരവാരം പഞ്ചായത്ത്‌ ഭരണസമിതിയുടെ അഴിമതിയിലും സ്വജനപക്ഷപാതത്തിലും ബിജെപിയുടെ തീവ്രവർഗീയ നിലപാടിലും പ്രതിഷേധിച്ചാണ്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധുവും സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ എം തങ്കമണിയും രാജിവച്ച്‌ സിപിഐ എമ്മിനൊപ്പം ചേർന്നത്‌. ആറ്റിങ്ങൽ മുനിസിപ്പാലിറ്റി കൗൺസിലർമാരായ സംഗീത റാണിയും ഷീലയും രാജിവച്ച്‌ സിപിഐ എമ്മിനൊപ്പം ചേരാൻ തീരുമാനിച്ചതും ബിജെപിക്കെതിരായ നിലപാട്‌ സ്വീകരിച്ചുകൊണ്ടാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top