22 November Friday

പഴയതാണ്‌; പക്ഷെ 
പുതുപുത്തനാണ്‌ നാരായണേട്ടൻ

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2024

പുല്ലൂർ ഗവ. ജിയുപി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ കാർഷിക സെമിനാറിനിടെ പുല്ലൂർ 
പൊള്ളക്കടയിലെ നാരായണൻ ആചാരി പഴയകാല കാർഷിക ഉപകരണങ്ങളുടെ മാതൃക പ്രദർശിപ്പിക്കുന്നു

പുല്ലൂർ
പുതിയ തലമുറയ്ക്ക് പരിചിതമല്ലാത്ത പഴമയുടെ അടയാളങ്ങളുടെ സൂക്ഷിപ്പുകാരനായി ഇവിടെയൊരാളുണ്ട്. പുല്ലൂർ പൊള്ളക്കട സ്വദേശിയായ പി നാരായണൻ  ആചാരിയാണ് പഴമയുടെ മഹത്വം വിളിച്ചോതുന്ന കാർഷിക  ഗാർഹിക ഉപകരണങ്ങളുടെ കാവൽക്കാരൻ. 
പണ്ടുകാലത്ത് വെള്ളം തേവാൻ ഉപയോഗിച്ച ഏത്താംകൊട്ട,  കാളകളെ ഉപയോഗിച്ച് നിലം ഉഴുതിടുന്ന ഞേങ്ങൽ, നുകം, ഉഴുതിട്ട പാടം നിരപ്പാക്കുന്ന കലപ്പ, കുട്ടികളെ കിടത്താനും കുളിപ്പിക്കാനും ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ, വയൽ വരമ്പുകൾ തല്ലിയൊരുക്കി മുറുക്കുന്ന ചെറിയ നിലം തല്ലി, വിട്ടുമുറ്റത്തെ കളം തല്ലിമുറുക്കുന്ന വലിയ  നിലം തല്ലി, പറ,  മരത്തിന്റെ പീഠം, മര ഇരിപ്പിടം,  മുറുക്കാൻ ചെല്ലം, പാളത്തൊപ്പി, മോര് ഇളക്കുന്ന ഉപകരണം, ചിരട്ട  ചെത്തി മിനുക്കിയുണ്ടാക്കിയ തവി,  ആമാടപ്പെട്ടി, കുട്ടികളെ കിടത്തി കുളിപ്പിക്കുന്ന കുളിപ്പലക  തുടങ്ങി 42 ഇനങ്ങളാണ് നാരായണൻ ആചാരിയുടെ പക്കലുള്ളത്. ഇതെല്ലാം അദ്ദേഹം സ്വന്തമായി നിർമ്മിച്ചെടുത്തതാണ്.  
വീടുകളിലേക്കും ക്ഷേത്രങ്ങളിലേക്കുമുള്ള വാതിലുകളും ജനലുകളും മരത്തിൽ നിന്നും കലാപരമായി കൊത്തിയെടുക്കാൻ പഠിച്ച നാരായണൻ പിന്നെ പല തരത്തിലുള്ള ഉപകരണങ്ങളും ഭംഗിയായി നിർമ്മിച്ചെടുക്കുകയായിരുന്നു. ഈ ഉപകരണങ്ങൾ പ്രദേശത്ത്  വിവിധ പരിപാടികൾ നടക്കുമ്പോൾ നാരായണൻ പ്രദർശനത്തിനായി കൊണ്ടുപോകാറുണ്ട്. 
കഴിഞ്ഞ ദിവസം പുല്ലൂർ ഗവ. യു പി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കാർഷികസെമിനാറിനോടനുബന്ധിച്ചും ഉപകരണങ്ങൾ പ്രദർശിപ്പിച്ചു. പുല്ലൂരിൽ ചാരുത എന്ന പേരിൽ ഫർണിച്ചർ കട നടത്തുന്ന ഈ എഴുപതുകാരൻ ഭാര്യ രാധയുടെയും മക്കളായ ബിനു ഹിമ വിദ്യഎന്നിവർക്കൊപ്പം പൊള്ളക്കടയിലാണ്‌ താമാസം .
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top