കാസർകോട്
മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിൻ ഒക്ടോബർ രണ്ടിന് ആരംഭിച്ച് 2025 മാർച്ച് 30ന് ലോക സീറോ വേസ്റ്റ് ദിനത്തിൽ അവസാനിക്കും. ജില്ലാതലത്തിലും ആറ് ബ്ലോക്ക് പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലും 38 പഞ്ചായത്തുകളിലുമായി മുഴുവൻ വാർഡിലും നിലവിൽ മാലിന്യസംസ്‌കരണ പ്രവർത്തനങ്ങളിൽ തയ്യാറാക്കിയ മാതൃകകളുടെ ഉദ്ഘാടനം ഒക്ടോബർ രണ്ടിന് നടക്കും.
ഖരമാലിന്യ പരിപാലന ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ വികേന്ദ്രീകൃതവും ഏകോപിതവുമായ മാലിന്യ സംസ്‌കരണ രീതികളാണ് സംഘടിപ്പിക്കുന്നത്. മാലിന്യസംസ്‌കരണ സംവിധാനങ്ങളുടെ പ്രവർത്തനവും ഉപയോഗക്ഷമതയും ഉറപ്പാക്കി സുസ്ഥിരമായും സമ്പൂർണ്ണമായും നടപ്പാക്കുകയെന്നതാണ് ജനകീയ കാമ്പയിൻ ഉദ്ദേശിക്കുന്നത്. 2025 മാർച്ച് 30 ഓടെ കേരളം സമ്പൂർണ ശുചിത്വ സംസ്ഥാനമാകുന്നതോടൊപ്പം സമ്പൂർണ മാലിന്യമുക്ത ജില്ലയെന്നതാണ് ക്യാമ്പയിൻ ലക്ഷ്യം.
ജനകീയ കാമ്പയിൻ ജില്ലാ നിർവഹണസമിതി രൂപീകരണ യോഗം ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ചെയർമാനും കലക്ടർ കെ ഇമ്പശേഖർ കൺവീനറും ജില്ലാതല ഉദ്യോഗസ്ഥർ ജോയിന്റ് കൺവീനർമാരുമായുമാണ് സമിതി. തുടർന്ന് ബ്ലോക്ക് തലത്തിലും നഗരസഭതലത്തിലും പഞ്ചായത്തു തലത്തിലും വാർഡ് തലത്തിലും സമിതി രൂപീകരിക്കും.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി അധ്യക്ഷനായി. കളക്ടർ കെ ഇമ്പശേഖർ മുഖ്യ പ്രഭാഷണം നടത്തി. നവകേരള മിഷൻ ജില്ലാ കോ ഓഡിനേറ്റർ കെ ബാലകൃഷ്ണൻ, ശുചിത്വമിഷൻ ജില്ലാ കോ ഓഡിനേറ്റർ പി ജയൻ എന്നിവർ വിഷയം അവതരിപ്പിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി, നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി വി ശാന്ത, എഡിഎം പി അഖിൽ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..