22 December Sunday

ദേശീയപാത മണ്ണിടിച്ചിൽ സമഗ്ര റിപ്പോർട്ട് നൽകണം

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2024

 കാസർകോട്‌

കനത്ത മഴയിൽ മണ്ണിടിച്ചിലുണ്ടായി അപകട ഭീഷണി നിലനിൽക്കുന്ന ദേശീയപാതയിലെ ചട്ടഞ്ചാൽ മുതൽ ചെർക്കള വരെയുള്ള ഭാഗത്തെയും വീരമലക്കുന്ന്, മട്ടലായികുന്ന്  മേഖലകളിലെയും സുരക്ഷയ്ക്ക് സ്വീകരിച്ച നടപടികളുടെ  സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ വികസന സമിതി യോഗം  നിർദ്ദേശിച്ചു. ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനാണ്‌ കലക്ടർ കെ ഇമ്പശേഖർ ദേശീയപാത അതോറിറ്റി പ്രതിനിധികൾക്ക്‌ നിർദ്ദേശം നൽകിയത്‌. 
കർണാടക ഷിരൂർ ദുരന്തത്തിന്റെയും വയനാട് മുണ്ടക്കയം, ചൂരൽമല ദുരന്തത്തിന്റെയും പശ്ചാത്തലത്തിൽ ഈ പ്രദേശങ്ങളിൽ മുൻകരുതൽ അനിവാര്യമാണെന്ന്  ജനപ്രതിനിധികൾ പറഞ്ഞു.
എംഎൽഎമാരായ എൻ എ നെല്ലിക്കുന്ന്, ഇ ചന്ദ്രശേഖരൻ,  എം രാജഗോപാൽ,  എ കെ എം അഷറഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി, കാസർകോട് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം എന്നിവരാണ്  വിഷയം ഉന്നയിച്ചത്.
ബസ്‌ ഷെൽട്ടർ 
നിർമിക്കണം
നീലേശ്വരം പള്ളിക്കരയിൽ ദേശീയപാത നിർമാണത്തിനിടെ പൊളിച്ച് നീക്കിയ ബസ് കാത്തിരിപ്പ്‌ കേന്ദ്രത്തിന്‌  പകരം നിർമിക്കണമെന്നും  ആവശ്യപ്പെട്ടു.  നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക് മാർഗ നിർദ്ദേശങ്ങൾക്ക് അനുസൃതമായി  ഇവ നിർമിച്ചു നൽകുമെന്ന്   കരാർ കമ്പനി അറിയിച്ചു.
ജില്ലയിലെ പ്രധാനറോഡുകൾ, പാലങ്ങൾ, ദേശീയപാത തുടങ്ങിയവയ്ക്കുണ്ടായ കേടുപാട്‌ അടിയന്തരമായി അറ്റകുറ്റ പണി നടത്തി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന്  യോഗം ആവശ്യപ്പെട്ടു. 
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ നീലേശ്വരം–- ഇടത്തോട്  റോഡിന്റെ നവീകരണം  പാതിവഴിയിലാണ്.  റോഡിൽ അടിയന്തര അറ്റകുറ്റപണിക്കായി തുക അനുവദിച്ചതിനാൽ ടെണ്ടർ നടപടി പുരോഗമിച്ചു വരുന്നതായി കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.  യോഗത്തിൽ കലക്ടർ കെ ഇമ്പശേഖർ  അധ്യക്ഷനായി.  ജില്ലാ പ്ലാനിങ്‌ ഓഫീസർ ടി രാജേഷ്, എഡിഎം പി അഖിൽ തുടങ്ങിയവർ സംബന്ധിച്ചു.
 
ദേശീയപാതയിലെ കുഴി; 
അടിയന്തിര നടപടി വേണം
ദേശീയപാതയിൽ പടന്നക്കാട് മേൽപ്പാലത്തിന്‌ മുകളിലെ വലിയ കുഴികൾ അടയ്ക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. ബേവിഞ്ച, തെക്കിൽ, വീരമലക്കുന്ന്,  മട്ടലായ് എന്നിവിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായ സംഭവത്തിൽ വിദഗ്ധരുടെ ശാസ്ത്രീയ പഠനം നടത്തുന്നതിന്  ആവശ്യപ്പെട്ട് കേരള ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെകട്ടറിയ്ക്ക്  കലക്ടർ കത്ത് നൽകിയിട്ടുണ്ടെന്ന് എഡിഎം അറിയിച്ചു..
അംഗീകൃത ഡ്രോയിങ് പ്രകാരം കൃത്യമായ ഇടവേളകളിൽ വീപ്ഹോൾ നൽകി വെള്ളം വറ്റിക്കാൻ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും പ്രോജക്ട് പ്രവൃത്തികളുടെ ഭാഗമായി കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞുവീഴുകയാണെന്നും കുന്നുകൾ സംരക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നതായും പ്രവൃത്തി പൂർത്തീകരിച്ച സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ദേശീയപാതാ അതോറിറ്റി പ്രോജക്ട് ഡയറക്ടർ അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top