17 September Tuesday

വിമാനത്താവള യാത്രക്ക്‌ ആംബുലൻസ്: 
കൈയോടെ പൊക്കി

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2024

പ്രവാസിയുമായി കോഴിക്കോട്‌ വിമാനത്താവളത്തിൽനിന്നും എത്തിയ ആംബലൻസ്‌ ചെറുവത്തൂരിൽ 
പൊലീസ്‌ പിടിയിലായപ്പോൾ

ചെറുവത്തൂർ

ബീക്കൻ ലൈറ്റും സൈറണുമിട്ട് അനാവശ്യമായി ഓടിയ ആംബുലൻസ് പൊലീസ്‌ പിടിയിൽ. കോഴിക്കോട്‌ വിമാനത്താവളത്തിൽനിന്നും പ്രവാസിയുമായാണ്‌ ആംബുലൻസ്‌ ചീറിപ്പാഞ്ഞുവന്നത്‌. ചെറുവത്തൂരിൽ ചന്തേര പൊലീസ്‌ നടത്തിയ പരിശോധനയിൽ യാത്രക്കാരനായി പ്രവാസിയെ മാത്രം കണ്ടു. ഇയാളുടെ ലഗേജും ആംബുലൻസിലുണ്ടായിരുന്നു.

ജില്ലാ കോൺഗ്രസ് കമ്മിറ്റി നിയന്ത്രണത്തിലുള്ള കെഎൽ 14 എസി 7154 ആംബുലൻസാണ്‌ ദുരുപയോഗത്തിന്‌ ശനിയാഴ്‌ച രാവിലെ പിടിയിലായത്‌. അതിവേഗം നാട്ടിലെത്താനാണ്‌ ഇത്തരം തട്ടിപ്പ്‌ നടത്തുന്നതെന്ന്‌ ടാക്‌സിക്കാർ പരാതിപ്പെടുന്നു. മറ്റു ആംബുലൻസ്‌ ഡ്രൈവർമാർ നൽകിയ വിവരത്തെ തുടർന്നാണ്‌ ചെറുവത്തൂരിൽ പൊലീസ്‌ പരിശോധന നടത്തിയത്‌. ഇങ്ങനെ അതിവേഗം നാട്ടിലെത്തിക്കുന്നവരിൽനിന്നും വൻതോതിൽ പണം വാങ്ങുന്നതായും പരാതിയുണ്ട്‌. ആംബുലൻസ്‌ ദുരുപയോഗം ചെയ്‌തതിന്‌ പൊലീസ്‌ കേസെടുത്ത്‌ നടപടിക്കായി മോട്ടോർ വാഹന വകുപ്പിന്‌ കൈമാറി.

ആംബുലൻസ്‌ ദുരുപയോഗം ചെയ്ത സംഭവത്തിൽ കർശന നടപടിയുണ്ടാകണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. 

ലഹരി കള്ളക്കടത്ത് സംഘങ്ങൾ ഈ വാഹനം ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യം പുറത്തുവരേണ്ടതുണ്ട്. ഇത്തരം ദുരൂഹമായ യാത്രകൾക്കും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കും രാഷ്ട്രീയ പാർടിയുടെ വാഹനം ഉപയോഗിക്കുന്നത് സമൂഹത്തിന്‌ വെല്ലുവിളിയാണ്. ജീവനുവേണ്ടി പിടയുന്നവരെ റോഡിലെ തിരക്കുകൾക്കിടയിൽ അടിയന്തിര വൈദ്യസഹായത്തിനെത്തിക്കാനുള്ള സൗകര്യമാണ് കോൺഗ്രസ് ദുരുപയോഗം ചെയ്തത്. ജാതി - മത - രാഷ്ട്രീയ ഭേദമന്യേ ആതുര സേവനരംഗത്ത് മാനവികതയുയർത്തുന്ന ആംബുലൻസുകളുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചത്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ തയ്യാറാകണമെന്നും പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top