19 September Thursday
ജില്ലാ വികസന സമിതി

ഓണവിപണിയിൽ ഗുണനിലവാരം ഉറപ്പാക്കും

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2024
കൊല്ലം
ഓണക്കാലം കണക്കിലെടുത്ത് വിപണിയിൽ ഗുണനിലവാരം ഉറപ്പാക്കാനും അളവുതൂക്കങ്ങളിൽ കൃത്യത ഉറപ്പാക്കാനും വിവിധ വകുപ്പുകൾ ഏകോപിച്ച് നടപടി സ്വീകരിക്കുമെന്ന് ജില്ലാ വികസന സമിതി. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എഡിഎം ജി നിർമൽകുമാർ അധ്യക്ഷനായി. ഹോട്ടലുകളിലും വ്യാപാര സ്ഥാപങ്ങളിലും ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ, ആരോഗ്യ വകുപ്പുകൾ ചേർന്ന്‌ പരിശോധന നടത്തണമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ പ്രതിനിധി പി എ സജിമോൻ ആവശ്യപ്പെട്ടു. ചെക്ക്‌പോസ്റ്റുകൾ കേന്ദ്രീകരിച്ചു പരിശോധനകൾ വർധിപ്പിക്കണം, പൊലീസ്- എക്‌സൈസ് എന്നിവയുടെ ആഭിമുഖ്യത്തിൽ സ്‌പെഷ്യൽ ഡ്രൈവുകൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഴയിൽ കൃഷിനാശം സംഭവിച്ച വിളകൾ ഇൻഷ്വർ ചെയ്തിട്ടില്ലാത്ത കർഷകർക്കുള്ള ധനസഹായം ഉടൻ നൽകുന്നതിന് നടപടി സ്വീകരിക്കണമെന്ന്‌ കോവൂർ കുഞ്ഞുമോൻ എംഎൽഎ ആവശ്യപ്പെട്ടു. നീണ്ടകര താലൂക്കാശുപത്രിയുടെ സമീപം പൊലീസ് എയ്ഡ്‌പോസ്റ്റിലേക്കായി കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്ന് സുജിത് വിജയൻപിള്ള എംഎൽഎ നിർദേശിച്ചു. പുനലൂരിൽ അനുവദിച്ചിട്ടുള്ള താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്റർ തുറക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നും പുനലൂർ താലൂക്കാശുപത്രിയിൽ പ്രവർത്തിക്കുന്ന സ്‌ട്രോക്ക് യൂണിറ്റിലെ ന്യൂറോളജിസ്റ്റിന്റെ സേവനം നാല് ദിവസമായി ഉയർത്തണമെന്നും പി എസ് സുപാൽ എംഎൽഎ ആവശ്യപ്പെട്ടു. സംസ്ഥാനം മാലിന്യമുക്തമായി പ്രഖ്യാപിക്കാൻ പോകുന്നതിന്റെ ഭാഗമായി സർക്കാർ ഓഫീസുകളിൽ ഹരിതചട്ട പാലനം ഉറപ്പാക്കുവാൻ ഓരോ നോഡൽ ഓഫീസർമാരെ നിയോഗിക്കും. ജില്ലയിലെ സ്‌കൂളുകളിലും മാലിന്യ നിർമാർജന പരിപാടികൾ കൃത്യതയോടെ നടപ്പാക്കിവരുന്നുവെന്നും ജില്ലാ വികസന സമിതി യോഗം വിലയിരുത്തി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top