23 December Monday

നെഹ്റുട്രോഫി വള്ളംകളി 
തീയതി തീരുമാനിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2024
ആലപ്പുഴ
നെഹ്റുട്രോഫി വള്ളംകളി സംബന്ധിച്ച്‌ പല കേന്ദ്രങ്ങളും നടത്തുന്നത്‌ കുപ്രചാരണങ്ങണെന്നും എൻടിബിആർ സൊസൈറ്റി യോഗംചേർന്ന് വള്ളംകളി നടത്താൻ തീയതി തീരുമാനിക്കുമെന്നും പി പി ചിത്തരഞ്‌ജൻ എംഎൽഎ പ്രസ്‌താവനയിൽ അറിയിച്ചു. വയനാട് ദുരന്ത പശ്ചാത്തലത്തിൽ ഓണാഘോഷവും ചാമ്പ്യൻസ് ബോട്ട് ലീഗും മാറ്റിവച്ചതിനാൽ പിന്നീട് തീയതി ആലോചിക്കുമെന്ന നിലപാട് മാത്രമാണ് സർക്കാർ സ്വീകരിച്ചത്. 
  വള്ളംകളി നടത്താൻ ജില്ലയിലെ മന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ് എംഎൽഎമാരായ പി പി ചിത്തരഞ്‌ജനും എച്ച് സലാമും തോമസ് കെ തോമസും സർക്കാരിനോട് അഭ്യർഥിച്ചിരുന്നു. വള്ളംകളി നമുക്ക് ഓണത്തിനുശേഷം ആലോചിക്കാമെന്ന് ഉറപ്പും ലഭിച്ചിട്ടുണ്ട്‌.
    എന്നാൽ രാഷ്‌ട്രീയലക്ഷ്യത്തോടെ വള്ളംകളി വിഷയത്തെ ഉയർത്തി മുതലെടുപ്പ് നടത്താൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുകയാണ്. നെഹ്റുട്രോഫി വള്ളംകളി മത്സരങ്ങൾക്ക് ഏറ്റവും കൂടുതൽ ധനസഹായം നൽകിയത് ഒന്നാം പിണറായി സർക്കാരും തുടർന്നുവന്ന രണ്ടാം എൽഡിഎഫ് സർക്കാരുംതന്നെയാണ്. 
   ഇതിനുപുറമേ വിനോദസഞ്ചാര മേഖലയുടെ വികസനത്തിനും വള്ളംകളി തുഴച്ചിലുകാരുടെ ക്ഷേമത്തിനുമായി വിവിധ മത്സര വള്ളംകളികളെ കോർത്തിണക്കി ചാമ്പ്യൻസ് ബോട്ട് ലീഗ് എന്ന ആശയം മുന്നോട്ട് വച്ചതും അത് കഴിഞ്ഞ വർഷങ്ങളിലെല്ലാം വിജയകരമായി നടത്തിയതും എൽഡിഎഫ് സർക്കാരാണ്. എന്നാൽ വള്ളംകളി പ്രേമികളിൽ ആശങ്ക ഉണ്ടാക്കാനും തെറ്റിദ്ധാരണ പരത്താനുമാണ് ചിലർ ശ്രമിക്കുന്നത്. ആലപ്പുഴയുടെ ടൂറിസം മേഖലയുടെ വളർച്ചയ്‌ക്കും അടിസ്ഥാനസൗകര്യ വികസനത്തിനും പിണറായി സർക്കാർ അകമഴിഞ്ഞ സഹായവും പിന്തുണയുമാണ് നൽകിവരുന്നതെന്നും ചിത്തരഞ്‌ജൻ എംഎൽഎ പ്രസ്‌താവനയിൽ പറഞ്ഞു.
 
 
എല്ലാ പിന്തുണയും നൽകും: മന്ത്രി റിയാസ് 
ആലപ്പുഴ
നെഹ്റുട്രോഫി വള്ളംകളി നടത്താൻ തീരുമാനിച്ചാൽ മുൻപന്തിയിൽ ടൂറിസംവകുപ്പുണ്ടാകുമെന്ന്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌. ഫേസ്‌ബുക്ക്‌ കുറിപ്പിലാണ്‌ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്‌. ടൂറിസംവകുപ്പല്ല മറിച്ച്‌ നെഹ്റുട്രോഫി ബോട്ട് റേസ് (എൻടിബിആർ) സൊസൈറ്റിയാണ് വള്ളംകളി സംഘടിപ്പിക്കുന്നത്‌. കലക്‌ടറാണ് ചെയർമാൻ. ടൂറിസംവകുപ്പ് നെഹ്‌റുട്രോഫി വള്ളംകളിക്ക് ധനസഹായം നൽകാറുണ്ട്. കഴിഞ്ഞവർഷം ഒരുകോടി രൂപ അനുവദിച്ചിരുന്നു.
വയനാട്‌ ദുരന്തത്തിന്റെ പഞ്ചാത്തലത്തിൽ ഓണഘോഷ പരിപാടികളാണ്‌ മാറ്റിവയ്‌ക്കാൻ തീരുമാനിച്ചത്‌. എന്നാൽ ഡിസംബറിൽ നടക്കുന്ന ബേപ്പൂർ വാട്ടർ ഫെസ്‌റ്റ്‌ ഓണാഘോഷത്തിന്റെ ഭാഗമായുള്ള പരിപാടിയല്ല. ചൂരൽമല ദുരന്തത്തിന്‌ മുമ്പ്‌ ജൂലൈ എട്ടിന്‌ നടന്ന വർക്കിങ്‌ ഗ്രൂപ്പിലാണ് ബേപ്പൂർ വാട്ടർ ഫെസ്‌റ്റ്‌ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. വള്ളംകളിയുടെ ജനകീയതയെക്കുറിച്ചും നാടിന്റെ വികാരത്തെക്കുറിച്ചും ടൂറിസംവകുപ്പിന്‌ നല്ല ധാരണയുണ്ട്. നെഹ്‌റുട്രോഫി വള്ളംകളി സംഘടിപ്പിക്കുന്ന ഘട്ടത്തിൽ എല്ലാ നിലയിലുള്ള പിന്തുണയും നൽകാൻ വകുപ്പ് തയ്യാറാണെന്നും മന്ത്രി ഫേസ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top