03 October Thursday

‘എൻ ഊര്‌’ സുഗന്ധഗിരിക്കുന്നിലെ ഗോത്രതാളം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024

എൻ ഊര്‌’.

വൈത്തിരി
കോടമഞ്ഞ്‌ പുതച്ച സുഗന്ധഗിരിക്കുന്നിൽ പാരമ്പര്യത്തിന്റെ തനിമകളുമായി ഗോത്രപൈതൃക ഗ്രാമം. വയനാടിന്റെ കവാടത്തിനിപ്പുറം പൈതൃകവും പ്രകൃതിഭംഗിയും കൈകോർത്ത്‌ വിസ്‌മയം തീർക്കുകയാണ്‌ ‘എൻ ഊര്‌’. ചുരത്തിനുമുകളിലെ ചെറുചുരം കയറി ഗ്രാമത്തിലേക്കെത്തുമ്പോൾ  തുടിതാളവും ചീനിക്കുഴൽ വിളിയും സന്ദർശകരെ വരവേൽക്കും. പച്ചവിരിച്ച മലനിരകളുടെ പശ്ചാത്തലത്തിൽ ഗോത്രജീവിതങ്ങളുടെ സൗന്ദര്യവും സവിശേഷതയും തുറന്നുവയ്‌ക്കുകയാണിവിടെ. പട്ടികവർഗ വകുപ്പിന്‌ കീഴിലാണ്‌  ഈ വിനോദസഞ്ചാരകേന്ദ്രം. 
ടൂറിസത്തിനൊപ്പം തദ്ദേശീയ ജനതയ്‌ക്ക്‌ തൊഴിലും വരുമാനവും ഉറപ്പാക്കുകയാണ്‌. മുപ്പൻമാർ ഉൾപ്പെടുന്ന ഭരണസംവിധാനമാണ്‌.  ജില്ലയിലെ ടൂറിസത്തിന്റെ പ്രധാന ആകർഷണമാണ്‌ എൻ ഊര്‌. പുല്ലുമേഞ്ഞ കൂരകൾ, കലാ–-കരകൗശല കളരി, ഗോത്രഉൽപ്പന്ന വിപണനകേന്ദ്രം, വനവിഭവങ്ങളുടെ പ്രദർശനം എന്നിവയെല്ലാം മലകയറി എത്തിയാൽ കാണാം. മണ്ണ് മെഴുകിയ തിണ്ടുകൾ അതിരിടുന്ന വഴികൾ അവസാനിക്കുന്നത്‌ ഗോത്രകലാരൂപങ്ങളുടെ അവതരണത്തിനും പ്രോത്സാഹനത്തിനുമായി ഒരുക്കിയ ഓപ്പൺ എയർ തിയറ്ററിലാണ്‌. കൽപ്പടവുകളിലൊരുക്കിയ ഗ്യാലറിയിലിരുന്നാൽ പ്രകൃതിയുടെ അതിമനോഹര പശ്ചാത്തലത്തിൽ ഗോത്രകലകൾ ആസ്വദിക്കാം. തുടി അവതരണം എല്ലാ ദിവസവുമുണ്ട്‌. ആഘോഷദിനങ്ങളിലും ശനിയും ഞായറും ഗോത്രവിഭാഗങ്ങളുടെ തനത്‌ കലാരൂപങ്ങൾ അരങ്ങേറും. 
 അടിയ, പണിയ തുടങ്ങി പത്തോളം ആദിവാസി വിഭാഗങ്ങളിലെ 46 പേരാണ്‌ ജീവനക്കാർ. വയനാടൻ കാട്ടുതേനും മുളയരിയുമെല്ലാം ലഭിക്കുന്ന  12 വിപണന കേന്ദ്രമുണ്ട്‌.  ഭരണസമിതി ഏർപ്പാടാക്കിയിട്ടുള്ള വാഹനങ്ങളിലാണ്‌ സന്ദർശകരെ മലമുകളിൽ എത്തിക്കുന്നതും തിരികെ കൊണ്ടുവരുന്നതും. 
പ്രതിമാസം 23 ലക്ഷം രൂപവരെ  ശരാശരി വരുമാനം കണ്ടെത്തിയിരുന്ന കേന്ദ്രം മുണ്ടക്കൈ ഉരുൾപൊട്ടലിനെ തുടർന്ന്‌ ഒരുമാസം അടച്ചിട്ടു. ആഗസ്‌ത്‌ 31ന്‌ തുറന്നെങ്കിലും  പ്രതിദിനം രണ്ടായിരംപേർ എത്തിയിരുന്നിടത്ത്‌ നാനൂറിൽതാഴെ മാത്രമായി സന്ദർശകരുടെ എണ്ണം. ഓണം അവധിയിൽ 1700ലേക്ക്‌  ഉയർന്നു. പൂജ അവധിയിൽ കൂടുതൽ പേരെത്തുമെന്നാണ്‌ പ്രതീക്ഷ. സഞ്ചാരികളെ ആകർഷിക്കാനായി രണ്ട്‌ മുതൽ പതിമൂന്നുവരെ  ‘വയനാട്‌ ഉത്സവം’ നടത്തും. 
 
അതിജീവനോത്സവം
ജില്ലയുടെ ടൂറിസത്തിന്റെ വീണ്ടെടുപ്പിന്‌ വേഗംപകരാൻ ബുധൻ മുതൽ ആരംഭിക്കുന്ന ‘വയനാട്‌ ഉത്സവത്തിന്‌’ എൻ ഊര്‌ സജ്ജം. വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നടക്കുന്ന 12 ദിവസം നീളുന്ന ടൂറിസം മേളയ്‌ക്ക്‌ ഗോത്രപൈതൃകഗ്രാമവും ആതിഥേയരാകും. വൈകിട്ട്‌ നാലുമുതൽ പ്രത്യേക മേളയൊരുക്കും. സാംസ്‌കാരിക–-നാടൻ കലാമേള, ഗോത്ര ഫെസ്‌റ്റ്‌, ഫുഡ്‌ ഫെസ്‌റ്റ്‌, ട്രേഡ്‌ ഫെസ്‌റ്റ്‌, കരകൗശല പ്രദർശനം തുടങ്ങിയവയെല്ലാമുണ്ടാകും. സർഗപ്രദർശനങ്ങളെ ദീപാലങ്കാരത്തിൽ പൊതിഞ്ഞ്‌ ആഘോഷസായാഹ്നമൊരുക്കും.  രണ്ടിന്‌ തുടങ്ങുന്ന മേള 13 വരെ തുടരും.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top