ബത്തേരി
മാലയും പൂച്ചെണ്ടുകളുമായി പ്രിയ സ്ഥാർഥിയെ വരവേറ്റ് നാട്. മണ്ണറിഞ്ഞ് വിത്തിട്ട് വിളകൊയ്യുന്നവരെ ചേർത്തുനിർത്തി ജനനായകൻ. ഉത്സവാന്തരീക്ഷത്തിൽ ആദിവാസി ഉന്നതികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, തൊഴിലാളികൾ, കച്ചവടക്കാർ തുടങ്ങിയവരെല്ലാം സ്ഥാനാർഥിയെ വരവേറ്റു. നാടിനെയാകെ കണ്ടുംകേട്ടുമുള്ള എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയുടെ ബത്തേരി മണ്ഡലത്തിലെ പര്യടനം നാട്ടുത്സവമായി.
വന്യമൃഗശല്യവും രാത്രിയാത്രാ നിരോധനവും ഉൾപ്പെടെ ജില്ല നേരിടുന്ന പ്രശ്‌നങ്ങളിൽ ശാശ്വത പരിഹാരം വേണമെന്ന ആവശ്യമാണ് ബത്തേരിയിലേയും പുൽപ്പള്ളിയിലേയും ജനങ്ങളാകെ ഉയർത്തിയത്. സ്ഥാനാർഥിയെ പ്രതീക്ഷയോടെ സ്വീകരണ കേന്ദ്രങ്ങളിലേക്ക് വരവേറ്റ് ആവശ്യങ്ങളോരോന്നും വിവരിച്ചു. രാവിലെ 8-.30ന് പുൽപ്പള്ളിയിൽ ആരംഭിച്ച പര്യടനം മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിലെത്തി. പകൽ രണ്ടുമുതൽ നെൻമേനി, നൂൽപ്പുഴ പഞ്ചായത്തുകളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി. ചുള്ളിയോട്, കോളിയാടി, ചീരാൽ, നമ്പിക്കൊല്ലി, നായ്ക്കട്ടി, മീനങ്ങാടി കുട്ടിരായിൻ പാലം എന്നിവിടങ്ങളിലെ ആദിവാസി ഉന്നതികളിലൂടെ പര്യടനം കടന്നുപോയി. സിപിഐ എം നോർത്ത് മീനങ്ങാടി ലോക്കൽ സമ്മേളനത്തിലും കൃഷ്ണഗിരി ലോക്കൽ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിലും സംസാരിച്ചു.
വിവിധ കേന്ദ്രങ്ങളിൽ എം എസ് സുരേഷ് ബാബു, പി ആർ ജയപ്രകാശ്, എൻ പി കുഞ്ഞുമോൾ, കെ സി റോസക്കുട്ടി, എ വി ജയൻ, കെ വി ജോബി, പി ജെ പൗലോസ്, സിപി വിൻസെന്റ്, ജോയ് താന്നിക്കൽ, വി എൻ ബിജു, കെ കെ രാമചന്ദ്രൻ, ജിഷ്‌ണു ഷാജി, ഷിജി ഷിബു, ടി സി ഗോപാലൻ, പി കെ രാമചന്ദ്രൻ , വി എ അബ്ബാസ്, സി എൻ രവി, സജി വർഗീസ്, അനിൽ സ്റ്റീഫൻ, സജി കാവനാക്കുടിയിൽ എന്നിവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..