കരുനാഗപ്പള്ളി
സംസ്ഥാനമൊട്ടാകെ നടപ്പാക്കി വരുന്ന മാലിന്യമുക്ത നവകേരളം ക്യാമ്പയിനിൽ കുടുംബശ്രീ സംഘടനാതല പ്രവർത്തനങ്ങൾ ഊർജിതമാക്കി. സിഡിഎസ്, എഡിഎസ് ശുചിത്വ കൺവൻഷൻ, ശുചിത്വ സദസ്സ്, അയൽക്കൂട്ടം, എഡിഎസ് ഗ്രേഡിങ്, ഹരിത കുടുംബ സദസ്സ് എന്നിങ്ങനെ വിപുലമായ രീതിയിലാണ് പരിപാടികൾ. തദ്ദേശസ്ഥാപന സംഘാടകസമിതിയും ആരോഗ്യ സമിതിയും ചേർന്നാണ് പരിപാടികൾ നടപ്പാക്കുന്നത്. ജില്ലയിലെ 74 സിഡിഎസിലും 1420 എഡിഎസുകളിലുമായി യോഗങ്ങൾ ചേർന്ന് 70 ശതമാനം അയൽക്കൂട്ടം ഗ്രേഡിങ്ങും പൂർത്തിയാക്കി.
കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ഹരിതചട്ടങ്ങൾ പാലിച്ച് പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ ഈ ക്യാമ്പയിൻ വഴി സാധ്യമാകും. തൊടിയൂർ സിഡിഎസിലെ ഭൂമിക ഗ്രൂപ്പിനെ ഗ്രേഡിങ് ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ ഉദ്‌ഘാടനംചെയ്‌തു. അയൽക്കൂട്ടം പ്രസിഡന്റ് വാഹിദ അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാർ, വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ടി രാജീവ്, ബ്ലോക്ക് പഞ്ചായത്ത്‌അംഗം സുനിത, പഞ്ചായത്ത് അംഗങ്ങളായ സുജാത, ഇന്ദ്രൻ, സിഡിഎസ് ചെയർപേഴ്സൺ വി കല, കുടുംബശ്രീ ജില്ലാമിഷൻ കോ-–- ഓർഡിനേറ്റർ രതീഷ്, ബ്ലോക്ക് കോ-–- ഓർഡിനേറ്റർ അഞ്ചു, ഐഷത് തുടങ്ങിയവർ പങ്കെടുത്തു.
ഗ്രേഡിങ്
ശുചിത്വത്തെയും മാലിന്യസംസ്കരണ സംവിധാനങ്ങളെയും അടിസ്ഥാനമാക്കി അയൽക്കൂട്ടം, എഡിഎസ്, സിഡിഎസുകളെ ഗ്രേഡ് ചെയ്യുന്ന പ്രവർത്തനം.
തദ്ദേശസ്ഥാപന സംഘാടകസമിതി സിഡിഎസ്, എഡിഎസ്, വാർഡ് ശുചിത്വ ആരോഗ്യ കമ്മിറ്റി എന്നിവർക്കാണ് സംഘാടനച്ചുമതല.
കുടുംബശ്രീയിൽനിന്നു നൽകിയിട്ടുള്ള ഏകീകൃത സർവേ ഫോറം ഉപയോഗിച്ചാണ് ഹരിത അയൽക്കൂട്ടം സർവേ നടക്കുന്നത്. ഓരോ അയൽക്കൂട്ടങ്ങൾക്കും പ്രത്യേക സർവേ ഫോറം ആണ് ഉപയോഗിക്കുന്നത്. 60 ശതമാനത്തിനു മുകളിൽ ഗ്രേഡ് ലഭിച്ച അയൽക്കൂട്ടങ്ങളെ ഹരിത അയൽക്കൂട്ടമായി പ്രഖ്യാപിച്ച് സാക്ഷ്യപത്രം നൽകും. 60 ശതമാനത്തിൽ താഴെ ഗ്രേഡ് കിട്ടിയ അയൽക്കൂട്ടങ്ങൾ ഏതൊക്കെ മേഖലയിൽ പിന്നോട്ടുപോയെന്ന് പരിശോധിച്ച് ഇടപെടും. അതിനുശേഷം വീണ്ടും ഗ്രേഡ് ചെയ്ത് 60 ശതമാനത്തിനു മുകളിൽ എത്തിക്കുകയും 2025 ഫെബ്രുവരി 15നു മുമ്പ്കൂട്ടമായി പ്രഖ്യാപിക്കുകയും ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..