കണ്ണൂർ
രണ്ടുവർഷംമുമ്പുള്ള ആഗസ്‌ത് ഒന്നിനാണ് പേരാവൂരിനെ നടുക്കി ഉരുൾപൊട്ടിയത്. ഒരു കുഞ്ഞുൾപ്പെടെ രണ്ട് ജീവനെടുത്താണ് അന്നത്തെ രാത്രി പുലർന്നത്. രണ്ടുവർഷത്തിനിപ്പുറവും അതേ ഭീതി നെഞ്ചേറ്റിയാണ് പേരാവൂർ, കണിച്ചാർ നിവാസികളുടെ ജീവിതം കടന്നുപോകുന്നത്. കണിച്ചാർ പഞ്ചായത്തിലെ മൂന്ന് വാർഡ്, കോളയാട്ടെ ഒരു വാർഡ്, പേരാവൂരിലെ രണ്ടും വാർഡുകളിലായി രണ്ടായിരത്തോളം കുടുംബങ്ങൾ ഈ താഴ്വാര പ്രദേശത്ത് താമസിക്കുന്നുണ്ട്. വയനാട് ജില്ലയുമായി അതിർത്തി പങ്കിടുന്ന പേര്യ ചുരവും കണിച്ചാർ പഞ്ചായത്തിലെ സെമിനാരിവില്ല എസ്റ്റേറ്റ് ഭൂമിയിലും രൂപപ്പെട്ട വിള്ളൽ ഇവരെ ആശങ്കയിലാഴ്‌ത്തുകയാണ്.
കണ്ണൂർ –-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് നിടുംപൊയിൽ –- പേര്യ ചുരം റോഡ്. ചുരത്തിലെ ഏറ്റവും മുകളിലുള്ള നാലാംവളവിലെ റോഡ് മുഴുവൻ വിള്ളൽവീണ് ഗർത്തങ്ങൾ രൂപപ്പെട്ടു. ഇതുവഴി ഗതാഗതം പൂർണമായും നിരോധിച്ചെങ്കിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയാണ് ആശങ്കയുയർത്തുന്നത്. 29-ാം മൈലിലുളള നാലാമത്തെ ഹെയർപിൻ വളവിലെ റോഡാണ് പൊട്ടിയടർന്നത്. പത്ത് മീറ്ററിലധികം മണ്ണിട്ട് ഉയർത്തി നിർമിച്ച റോഡിന്റെ അടിഭാഗത്ത് സോയിൽപൈപ്പിങ് പ്രതിഭാസത്തിലൂടെ മണ്ണ് നീങ്ങിയതാണ് വിള്ളലിന് കാരണമെന്ന് കരുതുന്നു.
2022ലെ ഉരുൾപൊട്ടലിൽ ചുരം റോഡിന്റെ നിരവധി ഭാഗങ്ങൾ മലവെള്ളത്തിൽ പൊട്ടിപ്പിളർന്നിരുന്നു. സർക്കാർ ഈ ഭാഗങ്ങളിലെ എൺപത് ശതമാനവും റോഡുകൾ നവീകരിച്ചു. ഇതിന് പിന്നാലെയാണ് വീണ്ടും പേര്യ ചുരത്തിൽ അപകടകരമായ വിള്ളലുകൾ രൂപപ്പെട്ടത്. 40 മീറ്ററിലധികം നീളത്തിൽ റോഡ് താഴ്‌ന്നിട്ടുണ്ട്. റോഡിന്റെ വശത്തുളള സംരക്ഷണ ഭിത്തിയടക്കം താഴ്‌ന്നു. വിള്ളൽ വീണ ഭാഗത്തെ റോഡ് അമ്പത്‌മീറ്ററോളം നീളത്തിൽ വീണ്ടും മണ്ണിട്ട് പുനർനിർമിക്കേണ്ടി വരും.
കണ്ണവം വനത്തിൽ വലിയമലയുടെ ഇടയിൽ നിർമിച്ച ഈ റോഡിലും പല ഭാഗങ്ങളിലും വിള്ളൽ രൂപപ്പെട്ടതോടെ മല ഇടിച്ചിൽ ഭീതിയിലാണ് നാട്ടുകാർ. കഴിഞ്ഞ തവണ ചെറുതും വലുതുമായ 32 ഉരുൾപൊട്ടലാണ് പ്രദേശത്തുണ്ടായത്. കണിച്ചാർ, പേരാവൂർ പഞ്ചായത്തിലൂടെ ഒഴുകുന്ന കാഞ്ഞിരപ്പുഴ തുടങ്ങുന്നത് ഈ മലയിൽനിന്നാണെന്നതും അപകടഭീതി ഉയർത്തുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..