23 December Monday
ആരോഗ്യകേന്ദ്രം തീയിടൽ

പ്രതി കോൺഗ്രസ്‌ സംഘടനാ നേതാവ്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024
തൃശൂർ
വിൽവട്ടം കുടുംബാരോഗ്യ കേന്ദ്രം കത്തിച്ച കേസിൽ അറസ്‌റ്റിലായത്‌  കോൺഗ്രസ്‌ സംഘടനാ നേതാവ്‌.  ആരോഗ്യ കേന്ദ്രത്തിലെ   സീനിയർ ക്ലർക്കും  കേരള ഹെൽത്ത്‌ സർവീസേഴ്‌സ്‌ മിനിസ്റ്റീരിയൽ സ്റ്റാഫ്‌ അസോസിയേഷൻ ജില്ലാ സെക്രട്ടറിയും എൻജിഒ അസോസിയേഷൻ നേതാവുമാണ്‌ അറസ്‌റ്റിലായ കെ എം അനൂപ്‌. പ്രതി  വിയ്യൂർ ജയിലിലാണ്‌.  ഇയാളെ സർവീസിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്‌തു 
 ജൂലൈ 20ന് രാത്രിയാണ്‌ ഇയാൾ  കുടുംബാരോഗ്യ കേന്ദ്രത്തിന് നേരെ പെട്രോളൊഴിച്ച് തീവച്ചത്‌.  ഓഫീസിലെ ഫയലുകളും ഫാർമസിയിലെ മരുന്നുകളും കത്തിനശിച്ചു. ഇയാൾ നടത്തിയ ക്രമക്കേടുകൾ പുറത്തുവരാതിരിക്കാനാണ്‌ ഫയലുകൾക്ക്‌ തീയിട്ടതെന്നാണ്‌ അന്വേഷണത്തിൽ കണ്ടെത്തിയത്‌. 
 കുടുംബാരോഗ്യ കേന്ദ്രം അജ്ഞാതൻ  തീയിട്ട്‌ ഓടിരക്ഷപ്പെട്ടുവെന്നായിരുന്നു  പൊലീസിനെ ഇയാൾ ധരിപ്പിച്ചിരുന്നത്‌.   
ദേഹാസ്വാസ്ഥ്യം അഭിനയിച്ച്‌ ആശുപത്രിയിലും പ്രവേശിച്ചു.    മരുന്നിനെച്ചൊല്ലി ഒരാൾ തർക്കമുണ്ടാക്കിയിരുന്നതായും തെറ്റിദ്ധരിപ്പിച്ചിരുന്നു.  തീയിട്ട സമയത്ത്‌ ജോലി സമയം കഴിഞ്ഞിരുന്നു.  ഇയാൾ ഓഫീസിൽ തുടർന്നത്‌  സംശയത്തിനിടയാക്കി.   കുടുംബാരോഗ്യ കേന്ദ്രത്തിലെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്നത്‌ അനൂപാണ്‌. ഫയലുകളും കണക്കുകളും സൂക്ഷിക്കുന്നത്‌ അനൂപാണ്‌.  തുടർന്നുള്ള അന്വേഷണത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫയലുകൾ നശിപ്പിക്കാനായി ഇയാൾതന്നെ തീയിട്ടതാണെന്ന്‌ സ്ഥിരീകരിച്ചു. ഓഡിറ്റിങ്ങിന്‌ ഹാജരാക്കേണ്ടിയിരുന്ന ഫയലുകളാണ്‌  കത്തിച്ചത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top