19 December Thursday

ഈഫൽ ടവറിന്റെ 
തലപ്പൊക്കത്തിൽ നിലമേൽ

സനു കുമ്മിൾUpdated: Friday Aug 2, 2024

മുഹമ്മദ്‌ അനസ്

കടയ്ക്കൽ - 
"പാരിസ് ഒളിമ്പിക്സിൽ അവന് ഒരു മെഡൽ വേണം. അവൻ പങ്കെടുക്കുന്ന മൂന്നാം ഒളിമ്പിക്സാണ്. മെഡലാണ് അവന്റെ സ്വപ്നം, അതിനു വേണ്ടിയാണ് എന്റെ പ്രാർഥനയും -–’ മകന്‍ മുഹമ്മദ് അനസിനെക്കുറിച്ച്‌ ആത്മവിശ്വാസത്തോടെ അമ്മ ഷീന പറഞ്ഞു. തുടര്‍ച്ചയായ മൂന്നാം ഒളിമ്പിക്സിലേക്കാണ് നിലമേലില്‍നിന്ന് മുഹമ്മദ് അനസ് ഓടിക്കയറുന്നത്. 4×400മീറ്റർ റിലേയില്‍ അനസ് അടങ്ങുന്ന ഇന്ത്യൻ ടീം പാരിസിലെ ട്രാക്കിൽ ഇറങ്ങും. മുഹമ്മദ്‌ അനസ്‌, മുഹമ്മദ്‌ അജ്‌മൽ, അമോജ്‌ ജേക്കബ്‌, സന്തോഷ്‌ തമിഴരശൻ, രാജേഷ് രമേശ് എന്നിവരടങ്ങുന്നതാണ് ടീം. 
നിലമേൽ വളയിടം സ്വദേശിയാണ് അനസ്. റിയോ ഒളിമ്പിക്സിലും ടോക്യോ ഒളിമ്പിക്സിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. പോളണ്ടിലെ ബിഡ് ഗോസ്കിൽ നടന്ന ചാമ്പ്യൻഷിപ്പിലും അനസ് ചരിത്രം കുറിച്ചു. ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ ജേതാവായ അനസ് നിലവിൽ 400 മീറ്ററിന്റെ ദേശീയ റെക്കോഡ് ജേതാവാണ്. നിലമേൽ ഗവ. യുപിഎസിലും എംഎം എച്ച്എസിലുമായിരുന്നു പ്ലസ് വൺ വരെ പഠനം. കായികപ്രേമികളായ അച്ഛന്‍ യഹിയാക്കുട്ടിയും അമ്മ ഷീനയും മകന്റെ താല്‍പ്പര്യങ്ങൾക്കൊപ്പം നിന്നു.
ഇതിനിടെ ഗൾഫിലെ ജോലി സ്ഥലത്തുവച്ച് അച്ഛന്‍ യഹിയാക്കുട്ടി മരിച്ചു. പിന്നീട് അമ്മ ഷീനയായിരുന്നു അനസിന്റെയും സഹോദരൻ അനീസിന്റെയും കരുത്ത്‌. കുടവൂർ എകെഎം ഹൈസ്കൂളിലെ കായികാധ്യാപകൻ അൻസർ നിലമേൽ സ്ഥാപിച്ച സ്റ്റൈൽ സ്പോർട്സ് അക്കാദമിയിലായിരുന്നു പ്ലസ് വൺ വരെ അനസിന്റെ പരിശീലനം. പിന്നീട് അൻസർ തന്നെ അനസിനെ കോതമംഗലത്തെ മാർ ബേസിൽ സ്കൂളിൽ ചേർത്തു. തുടര്‍ന്ന് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലും തിരുവനന്തപുരത്തുമായി പരിശീലനം. ദേശീയ മത്സരങ്ങളില്‍ ഉൾപ്പെടെ ഓട്ടത്തിനും ലോങ് ജമ്പിനും നിരവധി സമ്മാനങ്ങൾ നേടി. 
തിരുവനന്തപുരത്ത് നടന്ന ദേശീയ ഗെയിംസിൽ 400 മീറ്ററിൽ വെള്ളി നേടി. ഇന്ത്യൻ ടീമിലേയ്ക്ക് സെലക്‌ഷൻ ലഭിച്ച ശേഷം വിദേശ രാജ്യങ്ങളിലടക്കം പരിശീലനം. ഇന്ത്യൻ നേവിയിലേക്കും സെലക്‌ഷൻ കിട്ടി. സഹോദരൻ മുഹമ്മദ് അനീസും കായികതാരമാണ്. ഒമ്പതിന് പകല്‍ 2.35ന് പാരീസില്‍ അനസ് കുതിക്കുമ്പോള്‍ നിലമേലിന്റെ സ്വപ്നവും പ്രതീക്ഷയും ഒപ്പം ഓടും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top