23 December Monday
കുടുംബശ്രീ "ക്വിക് സെർവ്'

ഒറ്റവിളിയിലെത്തും ഒത്തിരി 
സ്‌നേഹം... സേവനം

നെബിൻ കെ ആസാദ്‌Updated: Monday Sep 2, 2024
ആലപ്പുഴ
വീട്ടിലെ ജോലികൾ ചെയ്യാനും കൂട്ടിരിക്കാനും പരിചരിക്കാനും ഒറ്റ ഫോണ്‍വിളി മതി. ഉടൻ ലഭിക്കും കുടുംബശ്രീ പ്രവർത്തകരുടെ സേവനം. കിടപ്പുരോഗീ പരിചരണംമുതൽ പ്രസവാനന്തര ശുശ്രൂഷവരെയുള്ള സേവനങ്ങൾ നൽകുന്ന കുടുംബശ്രീ "ക്വിക് സെർവ്' ഈ മാസം അവസാനത്തോടെ ജില്ലയിൽ ആരംഭിക്കും. സേവനരംഗത്തെ കൂടുതൽ സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ്‌ ക്വിക്‌ സെർവിലൂടെ കുടുംബശ്രീ ജില്ലാ മിഷൻ. തൊഴിൽബാങ്ക് പോലുള്ള സംവിധാനമാണിത്. 
 നഗരങ്ങൾ കേന്ദ്രീകരിച്ച് വീട്ടുജോലി, വീടുശുചീകരണം, പാചകം, കിടപ്പുരോഗികളുടെയും കുട്ടികളുടെയും വയോധികരുടെയും പരിചരണം, പ്രസവാനന്തര ശുശ്രൂഷ തുടങ്ങിയവയിൽ താൽപ്പര്യമുള്ള കുടുംബശ്രീ അംഗങ്ങളെ കണ്ടെത്തിയാണ്‌ പദ്ധതി നടപ്പാക്കിയത്‌. കായംകുളം, ആലപ്പുഴ നഗരസഭകളിലാണ്‌ ആദ്യഘട്ടത്തിൽ ക്വിക്‌ സെർവ്‌ തുടങ്ങുക. ഇരുനഗരസഭകളിലുംനിന്ന്‌ തെരഞ്ഞെടുത്ത 60 പ്രവർത്തകർക്കുള്ള പരിശീലനം പൂർത്തിയായി. ഇവർക്കുള്ള സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡും യൂണിഫോമും വരും ദിവസങ്ങളിൽ നൽകും.  മറ്റ്‌ നഗരസഭകളിലും പദ്ധതി നടപ്പാക്കും. രണ്ടാംഘട്ടത്തിൽ ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ചുള്ള വീടുശുചീകരണം, കാർ കഴുകൽ എന്നിവ ഉൾപ്പെടുത്തും. ബുക്കിങ് ലഭിക്കുന്ന മുറയ്‌ക്കാണ്‌ സേവനം. 
 കുടുംബശ്രീക്ക് കീഴിൽ ചെറുകിട സംരംഭക യൂണിറ്റുകളായാണ് ക്വിക് സെർവ് രജിസ്‌റ്റർചെയ്യുക. യൂണിറ്റുകൾക്ക്‌ കീഴിലാണ്‌ സേവന തൽപ്പരർ പ്രവർത്തിക്കുക. സേവനത്തിന്റെ നിരക്കുകളും പ്രവർത്തകരുടെ ശമ്പളവും തീരുമാനിച്ചിട്ടില്ല. പ്രവർത്തനങ്ങൾ വിലയിരുത്താൻ നഗരസഭാ സിഡിഎസ് പ്രതിനിധികളും നഗരസഭാ സെക്രട്ടറി, ജില്ലാ മിഷൻ കോ–-ഓർഡിനേറ്ററുടെ പ്രതിനിധി എന്നിവരടങ്ങുന്ന മാനേജ്‌മെന്റ് കമ്മിറ്റിയും പ്രവർത്തിക്കും. 
സേവനങ്ങളുമായി ബന്ധപ്പെട്ട വിവരാന്വേഷണത്തിനുള്ള ഫോൺ നമ്പരുകൾ ഫേസ്‌ബുക്കിൽ നൽകിയപ്പോൾ മികച്ച പ്രതികരണമാണുണ്ടായത്‌. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ വിളിയെത്തി. നഗരപ്രദേശങ്ങളിൽ ജനങ്ങൾക്ക്‌ ഏറ്റവും ഉപകാരപ്രദമാകുന്ന പദ്ധതിയായതിനാൽ മികച്ച പ്രതികരണം തുടർന്നുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ്‌ ജില്ലാ കുടുംബശ്രീ മിഷൻ.  

ആപ്പിലൂടെ കാര്യങ്ങൾ ഈസിയാകും...

സംസ്ഥാനതലത്തിൽ ക്വിക്‌ സെർവ്‌ പ്രവർത്തനങ്ങൾ ആപ്പിലൂടെ ഏകീകരിക്കാനൊരുങ്ങുകയാണ്‌ കുടുംബശ്രീ മിഷൻ. ആപ്പ്‌ തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. 
 ഇതോടെ സേവനങ്ങളുടെ ബുക്കിങ് എളുപ്പമാകും. അതത്‌ സ്ഥലങ്ങളിലേക്ക്‌ ഏറ്റവും അടുത്തുള്ള സേവനങ്ങൾ തെരഞ്ഞെടുക്കാൻ ആപ്പ്‌ വഴി സാധിക്കും. 
 ഓരോ നഗരസഭാ പരിധിയിലും പ്രത്യേക ഫോൺ നമ്പരുമുണ്ടാകും. കോൾസെന്റർ, വെബ്‌സൈറ്റ് എന്നിവ തയ്യാറാക്കാനും കുടുംബശ്രീ ലക്ഷ്യമിടുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top