25 November Monday
ക്ലാസ്‌ മുറികളിൽ നിറയെ ചെടികളും പൂക്കളും

പടരും, മൊകേരിയുടെ ഹരിതപാഠം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർസെക്കൻഡറിയിലെ ഹരിതക്ലാസ് മുറിയിൽ പി ദിലീപ് ക്ലാസെടുക്കുന്നു

കണ്ണൂർ
പതിവുരീതികളിൽനിന്ന് വ്യത്യസ്തമാണ് ഡോ. ദിലീപിന്റെ ക്ലാസ് മുറികൾ. പഠനരീതികളിലെ വ്യത്യസ്തതയാണെന്ന് കരുതിയെങ്കിൽ തെറ്റി. കണ്ണിനും മനസ്സിനും കുളിർമയേകുന്ന ചെടികളും പൂക്കളുമാണ് ഇവിടെ നിറയുന്നത്‌  മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർസെക്കൻഡറിയിൽ ഡോ. പി ദിലീപിന്റെ നേതൃത്വത്തിൽ ഒരുക്കിയ  ഹരിത ക്ലാസ്‌മുറികൾ നാടാകെ പടർത്താനൊരുങ്ങുകയാണ് ഹരിതകേരളം മിഷൻ.
 ബോട്ടണി അധ്യാപകനായ ദിലീപ്‌ നാലുവർഷം മുമ്പാണ്‌ ഹരിത ക്ലാസ്‌മുറിയെന്ന ആശയം ആവിഷ്‌കരിച്ചത്‌. ശുചിമുറിയുടെ അടുത്തുള്ള ക്ലാസിൽ ഇരിക്കാൻ കുട്ടികൾ വിമുഖത കാട്ടിയപ്പോഴാണ്‌ ക്ലാസ്‌മുറി ചെടികൾ നിറച്ച്‌ മനോഹരമാക്കാനുള്ള ആശയം ഉദിച്ചത്‌. 95 ചെടികൾ മനോഹരമായി സജ്ജീകരിച്ചപ്പോൾ ഈ ക്ലാസ്‌ മുറി കിട്ടാനായി കുട്ടികളുടെ മത്സരം. കൂത്തുപറമ്പ് നിർമലഗിരി കടവത്തൂർ എൻഎഎം, ഇരിട്ടി എം ജി കോളേജുകൾ, കരിയാട്‌ നമ്പ്യാർസ്‌ ഹൈസ്‌കൂൾ, വില്യാപ്പള്ളി എം ജെ ഹയർ സെക്കൻഡറി സ്കൂൾ  എന്നിവയെല്ലാം ഹരിതക്ലാസ്‌ മുറികൾ ഏറ്റെടുത്തു. നാലുവർഷത്തിനിടെ മൊകേരി സ്‌കൂളിലെ എട്ട് ക്ലാസ്‌മുറികൾ ഹരിതാഭമാക്കി. ഈവർഷം ഹയർസെക്കൻഡറിയിലെ മുഴുവൻ ക്ലാസുമുറികളും ഹരിതമാക്കും.
 വടകര എടച്ചേരി അക്കറോൽ ഹൗസിൽ പി ദിലീപ്‌ വംശനാശ ഭീഷണി നേരിടുന്ന അമ്പതോളം തനതുമരങ്ങൾ  വീട്ടിൽ ‘മധുരവനം’ എന്നപേരിൽ നട്ടുപിടിപ്പിച്ചിട്ടുണ്ട്‌. വൃക്ഷത്തൈ നട്ടുപിടിപ്പിക്കാൻ താൽപ്പര്യമുള്ളവർക്ക്‌ നിർദേശങ്ങൾ മാത്രമല്ല ആവശ്യമായ തൈകൾ വാങ്ങിൽകുകയും ചെയ്യുന്നു.
   ചായകുടിച്ചശേഷം കൈകഴുകുന്ന വെള്ളം വെറുതെ ഒഴുക്കിക്കളയാതെ ചോല തരുന്ന മരങ്ങൾ അതിനോട്‌ ചേർന്ന്‌ നട്ടുപിടിപ്പിച്ചാലോ എന്ന ആശയം മുന്നോട്ടുവച്ചപ്പോൾ ഗ്രാമങ്ങളിലെ ചെറുകിട ഹോട്ടലുകളെല്ലാം ഏറ്റെടുത്തു.  മരങ്ങളെ ചേർത്തുപിടിച്ച സുന്ദർലാൽ ബഹുഗുണയുടെ ജന്മവർഷമായ 1927 എന്ന അക്കത്തിലേക്ക്‌ മരങ്ങൾ വച്ചുപിടിപ്പിച്ച്‌ എത്തിക്കുകയാണ്‌ ലക്ഷ്യം.
150 -ാം ഗാന്ധിജയന്തി ദിനം മുതൽ ഓരോ വർഷവും അതേ നമ്പറിൽ ചെടികൾ നട്ടുപിടിപ്പിച്ചു.  ചെറുവാഞ്ചേരി വാഴമലയ്‌ക്കടുത്ത്‌ ക്വാറി നികത്തിയ സ്ഥലത്ത്‌ 150 വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. പാനൂർ, പന്ന്യന്നൂർ ആയുർവേദ ആശുപത്രികളിലായി ‘അശോകവനി’ എന്ന പേരിൽ 151 തരം ഔഷധസസ്യങ്ങളും വച്ചുപിടിപ്പിച്ചു. 
കോവിഡ്‌ സമയത്ത്‌ മഴക്കുഴിയെടുക്കുകയെന്ന ആശയം ആവിഷ്‌കരിച്ചു. ‘ലോക്ക്‌ റെയിൻ ഡൗൺ’ എന്നപേരിൽ സംസ്ഥാനത്തുടനീളം 1056 മഴക്കുഴിയെടുത്തു. ദിലീപ് നടത്തിയ പ്രവർത്തനത്തിന് സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ഹരിതവ്യക്തി പുരസ്കാരവും ലഭിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top