മട്ടന്നൂർ
വ്യവസായ വകുപ്പിന്റെ സംരംഭക വർഷം പദ്ധതിയില്‍ രണ്ടരവര്‍ഷംകൊണ്ട് കേരളം കൈവരിച്ചത് മൂന്നുലക്ഷം സംരംഭകരെന്ന നേട്ടമെന്നും അതിൽ 92,000 പേര്‍ സ്ത്രീകളാണെന്നും വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. മട്ടന്നൂര്‍ കിൻഫ്ര വ്യവസായ പാർക്കിൽ നിർമിച്ച സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി കെട്ടിടം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. ഒരുകാലത്ത് കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥലമേറ്റെടുക്കുന്നതിന് എതിരായാണ് നിവേദനങ്ങള്‍ ലഭിച്ചിരുന്നത്. ഇപ്പോള്‍ വേഗത്തില്‍ സ്ഥലമേറ്റെടുക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനങ്ങളാണ് ലഭിക്കുന്നത്. ഏറ്റെടുക്കുന്ന സ്ഥലത്തിന് നല്ലവില നല്‍കുന്നതിനാലാണിത്. ദേശീയപാതയ്ക്കും പാലക്കാട് സ്മാർട്ട് സിറ്റിക്കുമൊക്കെ നല്ല വിലനൽകിയാണ് സ്ഥലമേറ്റെടുത്തത്. കഴിയുന്നത്ര വേഗത്തില്‍ സ്ഥലമേറ്റെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മട്ടന്നൂര്‍ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറിയുടെ 75 ശതമാനവും സംരംഭകര്‍ക്ക് അനുവദിച്ചുകഴിഞ്ഞു. ബാക്കിസ്ഥലം രണ്ടുമാസംകൊണ്ട് അലോട്ട് ചെയ്യും. പാര്‍ക്കിനുള്ളില്‍ 25 ഏക്കറിൽ അത്യാധുനിക ഭക്ഷ്യപാർക്ക് സ്ഥാപിക്കുമെന്നും എല്ലാ സൗകര്യങ്ങളുമുള്ള ഹോട്ടൽ സമുച്ചയം സ്ഥാപിക്കാന്‍ താല്‍പര്യപത്രം ക്ഷണിക്കുമെന്നും മന്ത്രിപറഞ്ഞു.
കെ കെ ശൈലജ എംഎൽഎ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ ഷാജിത്ത്, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ വി മിനി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എം രതീഷ്, കൗൺസിലർ കെ അനിത, പഞ്ചായത്തംഗം ഉഷ പാറക്കണ്ടി, കള്ളുചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയര്‍മാന്‍ എന്‍ വി ചന്ദ്രബാബു, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, ജനറൽ മാനേജർ ഡോ. ടി ഉണ്ണിക്കൃഷ്ണൻ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..