കണ്ണൂർ
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ബുധനാഴ്‌ച തുടങ്ങും. 2025 മാർച്ച 30ന് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനംവരെയാണ് തീവ്രയജ്ഞ പരിപാടി. വിവിധ സംഘടനകൾ, വകുപ്പുകൾ, ഏജൻസികൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ, കുടുംബശ്രീ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയെ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഏകോപിപ്പിച്ചാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. 93 തദ്ദേശ സ്ഥാപനങ്ങളിൽ ശുചിത്വ മാലിന്യ സംസ്കരണരംഗത്തെ മാതൃകകൾ ഉദ്ഘാടനംചെയ്‌താണ് ക്യാമ്പയിന് തുടക്കമാവുക.
മാങ്ങാട്ടിടം, കോട്ടയം, കുത്തുപറമ്പ്, പിണറായി, കുന്നോത്തുപറമ്പ്, ഇരിട്ടി, പേരാവൂർ, ആന്തൂർ എന്നിവിടങ്ങളിലായി എട്ട് ടെയ്ക്ക് എ ബ്രേയ്ക്ക് സംവിധാനം പ്രവർത്തനം ആരംഭിക്കും.
കേളകം, കുറുമാത്തൂർ എന്നിവിടങ്ങളിൽ മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി സെന്റർ, പേരാവൂർ, പരിയാരം, അയ്യൻകുന്ന്, ഉളിക്കൽ, മാടായി, തലശേരി, കുത്തുപറമ്പ് എന്നിവിടിങ്ങളിൽ എംസിഎഫുകളുടെ വികസിപ്പിച്ച പ്ലാന്റുകൾ എന്നിവ ഉദ്‌ഘാടനംചെയ്യും.
13 മിനി എംസിഎഎഫ്, പടിയൂർ, ഉദയഗിരി, പട്ടുവം, കൊട്ടിയൂർ എന്നിവിടങ്ങളിൽ സിസിടിവി കാമറകൾ, ന്യൂമാഹി, അഞ്ചരക്കണ്ടി, പെരിങ്ങോം–-വയക്കര പഞ്ചായത്തുകളിൽ എംസിഎഫുകളിൽ ബെയ്ലിങ് യന്ത്രങ്ങൾ കതിരൂർ, കേളകം, ചെമ്പിലോട്, എഴോം, വേങ്ങാട്, മുഴപ്പിലങ്ങാട്, അഴിക്കോട്, പയ്യന്നൂർ, ചൊക്ലി, പന്ന്യന്നൂർ, ചിറ്റാരിപ്പറമ്പ് ടൗണുകളിൽ സൗന്ദര്യവൽക്കരണം എന്നിവയും ജനകീയ ക്യാമ്പയിന് തുടക്കം കുറിച്ച് ഉദ്‌ഘാടനംചെയ്യും.
പെരളശേരി പഞ്ചായത്തിൽ റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി സെന്റർ പകൽ 12ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കടന്നപ്പള്ളിയും കതിരൂർ ടൗൺ സൗന്ദര്യവൽക്കരണം ഉൾപ്പെടെ നാല് ശുചിത്വ പദ്ധതികൾ രാവിലെ ഒമ്പതിന് സ്പീക്കർ എ എൻ ഷംസീറും പകൽ മൂന്നിന് 29–--ാം മൈലിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച ശുചിത്വവേലിയും കണിച്ചാർ ശുചിത്വ പാർക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയും ഉദ്‌ഘാടനംചെയ്യും. കലക്ടറേറ്റ് വളപ്പിൽ കോർപറേഷൻ നിർമിച്ച തുമ്പൂർമുഴി മാതൃകാ ജൈവ കമ്പോസ്റ്റ് സംവിധാനം രാവിലെ എട്ടിന് മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനംചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..