22 December Sunday
ജില്ലാതല പട്ടയമേള: 3270 പട്ടയങ്ങള്‍ വിതരണംചെയ്തു

കടൽ പുറമ്പോക്ക് ഭൂമി പതിച്ചുകൊടുക്കാൻ കോഴിക്കോട്ടും സാധ്യത: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

എന്നുമിങ്ങനെ ചേർത്തുപിടിക്കും... ജില്ലാതല പട്ടയമേളയിൽ പട്ടയം ലഭിച്ചതിന്റെ സന്തോഷം പ്രകടിപ്പിച്ച അമ്പായത്തോട് സ്വദേശി നാരായണി ഗോപാലനെ ചേർത്തുപിടിച്ചു മന്ത്രി ആർ രാജൻ. പട്ടയം ലഭിച്ച സൗമിനി ഭാസ്കരൻ, 
സരോജിനി നീലകണ്ഠൻ എന്നിവർ സമീപം. മേളയിലൂടെ ജില്ലയിൽ 3270 പേർക്കാണ് പട്ടയം ലഭിച്ചത്

കോഴിക്കോട് 
കടൽ പുറമ്പോക്ക് ഭൂമി കണ്ടെത്തി നിയമാനുസൃതം പതിച്ചുകൊടുക്കാൻ കോഴിക്കോട്‌ ജില്ലയിലും സാധ്യതയുള്ളതായി മന്ത്രി കെ രാജൻ. സംസ്ഥാന സർക്കാരിന്റെ നാലാം നൂറ് ദിനാഘോഷത്തിന്റെ ഭാഗമായുള്ള ജില്ലാതല പട്ടയമേള കോവൂർ പി കൃഷ്ണപിള്ള സ്മാരക ഓഡിറ്റോറിയത്തിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.  
കടൽ പുറമ്പോക്കിൽ എന്തെങ്കിലും ചെയ്യണമെങ്കിൽ കേന്ദ്രാനുമതി വേണം. ഇത്തരം ഭൂമിയിൽ ഉയർന്ന വേലിയേറ്റ പരിധിയിൽനിന്ന് 100 മീറ്ററിനുള്ളിൽ പട്ടയം കൊടുക്കാൻ കഴിയില്ലെന്നാണ് നിയമം. എന്നാൽ 100 മീറ്റർ പരിധി കഴിഞ്ഞാൽ സാധിക്കും. ഈ വിധത്തിൽ പരിശോധിച്ചപ്പോൾ കടൽ പുറമ്പോക്കായി അടയാളപ്പെടുത്തിയ തിരുവനന്തപുരത്തെ 528 പട്ടയങ്ങളും കൊല്ലത്തെ 350 പട്ടയങ്ങളും ഇനം മാറ്റി റവന്യു ഭൂമിയായി കണക്കാക്കാമെന്ന് കണ്ടെത്തി. ഈ സാധ്യത കോഴിക്കോട്ടുമുണ്ട്‌.
2026 ജനുവരി ഒന്നോടെ ജന്മിത്വവുമായി ബന്ധപ്പെട്ട്‌  ലാൻഡ് ട്രിബ്യൂണലിൽ ഉള്ള എല്ലാ കേസുകളും പരിഹരിക്കും.  ഭൂമി തരംമാറ്റ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒക്ടോബർ 25 മുതൽ നവംബർ 15 വരെ എല്ലാ ജില്ലകളിലും കലക്ടറുടെ നേതൃത്വത്തിൽ താലൂക്ക്തല അദാലത്ത് നടത്തും. വനഭൂമി പട്ടയം വിഷയത്തിൽ,  വനം വകുപ്പുമായി ചേർന്ന്  പട്ടയത്തിനായി അപേക്ഷിച്ചവരിൽനിന്ന് വിവരശേഖരണം നടത്തി ഡാറ്റയാക്കി  സംയുക്ത പരിശോധന ആരംഭിക്കാനുള്ള നടപടി  തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. 
കോവൂരിലെ പട്ടയമേളയിൽ മേയർ ബീന ഫിലിപ്പ് അധ്യക്ഷയായി. കോഴിക്കോട്, താമരശേരി താലൂക്കുകളുടെ പട്ടയവിതരണമാണ് ഇവിടെ നടന്നത്. എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, കെ പി കുഞ്ഞമ്മദ് കുട്ടി, പി ടി എ റഹീം, ലിന്റോ ജോസഫ് എന്നിവർ സംസാരിച്ചു. കലക്ടർ സ്നേഹിൽ കുമാർ സിങ് സ്വാഗതവും ഡെപ്യൂട്ടി കലക്ടർ (ലാൻഡ്‌ റവന്യു) പി എൻ പുരുഷോത്തമൻ നന്ദിയും പറഞ്ഞു. 
വടകര, കൊയിലാണ്ടി താലൂക്കുകളുടെ പട്ടയവിതരണം വടകര മുനിസിപ്പൽ ടൗൺഹാളിൽ നടന്നു. കെ കെ രമ എംഎൽഎ അധ്യക്ഷയായി. എംഎൽഎമാരായ കാനത്തിൽ ജമീല, ഇ കെ വിജയൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ്, വടകര നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു തുടങ്ങിയവര്‍‌ സംസാരിച്ചു. ആർടിഒ സി ബിജു സ്വാഗതവും ലാന്‍ഡ് ട്രിബ്യൂണൽ തഹസിൽദാർ വി കെ സുധീർ നന്ദിയും പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top