13 November Wednesday

വിടർന്നു 
ശാസ്‌ത്രവസന്തം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 2, 2022

മഞ്ചേരി
രണ്ടുവർഷത്തെ ഇടവേളയ്‌ക്ക്‌ കുട്ടിപ്രതിഭകളുടെ കൈവേഗത്തിനും കരവിരുതിനും മങ്ങലേൽപ്പിക്കാനായില്ല. പാഴ്‌വസ്‌തുക്കൾകൊണ്ട്‌ പൂക്കളം തീർത്തും കളിമണ്ണിൽ ശിൽപ്പചാരുതയൊരുക്കിയും ആദ്യദിനം മത്സരംമുറുകി. പ്രവൃത്തിപരിചയ തത്സമയ മത്സരങ്ങളിൽ വീറും വാശിയുമേറി. പനയോലകൊണ്ടും മുളകൊണ്ടും കൊട്ടകൾ നെയ്‌തും മരത്തടിയിൽ വസ്‌തുക്കൾ നിർമിച്ചും രുചിയേറും വിഭവമൊരുക്കിയും മത്സരമേളം കൊഴുത്തു. 
മഞ്ചേരി എച്ച്‌എംവൈഎച്ച്‌എസ്‌എസിൽ ജില്ലാ സ്‌കൂൾ ശാസ്ത്രോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ എം കെ റഫീഖ ഉദ്‌ഘാടനംചെയ്തു. വ്യാഴാഴ്‌ചവരെയാണ്‌ ജില്ലാ ശാസ്‌ത്ര‐ ഗണിതശാസ്‌ത്ര‐ സാമൂഹ്യശാസ്‌ത്ര‐ പ്രവൃത്തിപരിചയ‐ഐടി മേള. മഞ്ചേരിയിലെ അഞ്ച്‌ സ്‌കൂളുകളാണ്‌ വേദി. ‘ടെക്‌നോളജി ആൻഡ്‌ ടോയ്സ്‌’ വിഷയത്തെ ആസ്‌പദമാക്കിയാണ്‌ മേള ആവിഷ്‌കരിച്ചിരിക്കുന്നത്‌. 17 ഉപജില്ലകളിൽനിന്ന്‌ 6500 വിദ്യാർഥികൾ പങ്കെടുക്കുന്നു. ബുധനാഴ്‌ച കുട്ടിശാസ്‌ത്രജ്ഞരും ഐടി വിദഗ്‌ധരും മാറ്റുരക്കാനെത്തും.
മേളയ്‌ക്ക്‌ മുന്നോടിയായി നടത്തിയ സയൻസ്‌ ക്വിസ്‌ മത്സരത്തിൽ എച്ച്‌എസ്‌എസ്‌ വിഭാഗത്തിൽ അരീക്കോട്‌ എസ്‌ഒഎച്ച്‌എസിലെ  മിൻഹ ഷെറിൻ ഒന്നും മേൽമുറി എംഎമഇടി എച്ച്‌എസിലെ ഫാത്തിമ ഹംദ രണ്ടും സ്ഥാനം നേടി. ഹൈസ്‌കൂൾ വിഭാഗത്തിൽ കൊണ്ടോട്ടി ഇഎംഇഎ എച്ച്‌എസ്‌എസിലെ കെ പി രോഹിദ്‌ ഒന്നും മലപ്പുറം എംഎസ്‌പിഇഎംഎച്ച്‌എസിലെ എം അനിരുദ്ധ്‌ രണ്ടും സ്ഥാനംനേടി.  ഉദ്‌ഘാടന ചടങ്ങിൽ മഞ്ചേരി നഗരസഭാധ്യക്ഷ വി എം സുബൈദ അധ്യക്ഷയായി. വൈസ് ചെയർമാൻ വി പി ഫിറോസ്, സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മരുന്നൻ മുഹമ്മദ്‌, മലപ്പുറം ആർഡിഡി മനോജ്‌, പി കെ രാത്നാകരൻ, റൂഖിയ, നിഷ, കെ സാലിഹ്, അലി മൂലക്കുടവൻ, സക്കീർ വല്ലാഞ്ചിറ, എൻ ടി ഫാറൂഖ്, മരുന്നൻ സാജിദ് ബാബു, ഫാത്തിമ സുഹറ, അഡ്വ. പ്രേമ രാജീവ്‌ എന്നിവർ സംസാരിച്ചു. മലപ്പുറം ഡിഡിഇ രമേശ്‌ കുമാർ സ്വാഗതവും സാജിദ് മൊക്കൻ നന്ദിയും പറഞ്ഞു.

മുന്നിൽ കൊണ്ടോട്ടി
മഞ്ചേരി
ജില്ലാ ശാസ്‌ത്രോത്സവത്തിന്റെ ആദ്യദിനത്തിൽ കൊണ്ടോട്ടി സബ്‌ജില്ല മുന്നിൽ. പ്രവൃത്തി പരിചയമേളയിൽ 565 പോയിന്റുമായാണ്‌ കൊണ്ടോട്ടി മുന്നിലെത്തിയത്‌. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽ കൊണ്ടോട്ടിയാണ്‌ ഒന്നാം സ്ഥാനത്ത്‌. 533 പോയിന്റുമായി മങ്കട രണ്ടും 480 പോയിന്റുമായി മലപ്പുറം മൂന്നും സ്ഥാനത്തുമാണ്‌. ഹൈസ്‌കൂൾ വിഭാഗത്തിൽ മങ്കട 285 പോയിന്റുമായി രണ്ടും മഞ്ചേരി 265 പോയിന്റുമായി മൂന്നും സ്ഥാനം നേടി. ഹയർ സെക്കൻഡറിയിൽ മങ്കട 245 പോയിന്റുമായി രണ്ടും മേലാറ്റൂർ 210 പോയിന്റുമായി മൂന്നും സ്ഥാനം നേടി.
ഹയർ സെക്കൻഡറി  വിഭാഗത്തിൽ വിഎച്ച്‌എംഎച്ച്‌എസ്‌എസ്‌ മൊറയൂർ 106 പോയിന്റുമായി ഒന്നും എച്ച്‌എംവൈഎച്ച്‌എസ്‌എസ്‌ മഞ്ചേരി 94 പോയിന്റുമായി രണ്ടും എംഎച്ച്‌എസ്‌ മൂന്നിയൂർ 76 പോയിന്റുമായി മൂന്നും സ്ഥാനം സ്വന്തമാക്കി. ഹൈസ്‌കൂൾ വിഭാഗത്തിൽ സിഎച്ച്‌എംഎച്ച്‌എസഎസ്‌ പൂക്കൊളത്തൂർ 81, എഎംഎച്ച്‌എസ്‌എസ്‌ തിരൂർക്കാട് 73 പോയിന്റുകളോടെ ഒന്നും രണ്ടും സ്ഥാനം നേടി. പിഎച്ച്‌എസ്‌എസ്‌ പെരിന്തൽമണ്ണയും ജിഎച്ച്‌എസ്‌എസ്‌ കരുവാരക്കുണ്ടും 70 പോയിന്റുമായി മൂന്നാംസ്ഥാനം പങ്കിട്ടു.

പ്രവൃത്തി പരിചയ മേളയിൽ പൂക്കൊളത്തൂർ
മലപ്പുറം
ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായി നടന്ന പ്രവൃത്തി പരിചയമേളയിൽ സിഎച്ച്‌എംഎച്ച്‌എസ്‌ പൂക്കൊളത്തൂർ 157 പോയിന്റുമായി ഒന്നാംസ്ഥാനം നേടി. 
വിഎച്ച്‌എംഎച്ച്‌എസ്‌എസ്‌ മൊറയൂർ 146 പോയിന്റുമായി രണ്ടും എച്ച്‌എംവൈഎച്ച്‌എസ്‌എസ്‌ മഞ്ചേരി 145 പോയിന്റുമായി മൂന്നും സ്ഥാനത്തെത്തി.
 
കാടിറങ്ങിയെത്തി 
കരവിരുതിൻ ചാരുത
മഞ്ചേരി
‘ഞങ്ങടെ കൊട്ട ഭയങ്കര വലുതാ... അതുണ്ടാക്കാൻ കൊറേ സമയംവേണം. അതുകൊണ്ടാ മത്സരത്തിന്‌ ചെറിയ മുളങ്കുട്ടകൾ ഉണ്ടാക്കിയത്‌.’പ്രാക്തന ഗോത്ര വിഭാഗക്കാർ പഠിക്കുന്ന നിലമ്പൂർ ഐജിഎംഎംആർ സ്‌കൂളിൽനിന്ന്‌ ശാസ്ത്രമേളയ്‌ക്കെത്തിയ സതീഷ്‌ പറഞ്ഞു. കരുളായി ഉൾവനത്തിലെ മാഞ്ചീരി പാണപ്പുഴ സ്വദേശിയാണ്‌ ചോലനായ്‌ക്ക വിഭാഗക്കാരനായ ആർ സതീഷ്‌. മുളകൊണ്ടുള്ള ഉൽപ്പന്ന നിർമാണത്തിലാണ്‌ മത്സരിച്ചത്‌.  രണ്ടാം സ്ഥാനവുമായി സംസ്ഥാന മേളയ്‌ക്ക്‌ യോഗ്യത നേടിയാണ്‌ പത്താം ക്ലാസുകാരൻ മടങ്ങിയത്‌.  വനത്തിലെ പുഞ്ചക്കൊല്ലി കോളനിയിൽനിന്ന്‌ ചോലനായ്‌ക്ക വിഭാഗക്കാരനായ പ്രമോദും മത്സരിക്കാനെത്തി. പ്ലാസ്‌റ്റർ ഓഫ്‌ പാരീസ്‌ നിർമാണത്തിലാണ്‌ ഈ പ്ലസ്‌ടുക്കാരൻ മത്സരിച്ചത്‌. കോളനിയിലെ കുങ്കന്റെയും ലതയുടെയും മകനാണ്‌.  
ഇവരുൾപ്പെടെ 14 പേരാണ്‌ ഐജിഎംഎംആറിൽനിന്ന്‌ ഇത്തവണ ജില്ലാ ശാസ്‌ത്രമേളയിൽ മാറ്റുരക്കുന്നത്‌.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top