കക്കോടി
കോഴിക്കോട്–-ബാലുശേരി റോഡ് നവീകരണം ഉടൻ യാഥാർഥ്യമാക്കണമെന്ന് സിപിഐ എം കക്കോടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. പാത നവീകരിക്കാൻ സംസ്ഥാന സർക്കാർ 250 കോടി രൂപയുടെ ഡിപിആർ അംഗീകരിച്ചിട്ടുണ്ട്. 152 കോടി രൂപ കിഫ്ബി വഴി അനുവദിച്ചു. എന്നാൽ സംസ്ഥാനത്തിന്റെ വികസനം തകർക്കുന്നതിനായി കിഫ്ബിയെ ഇല്ലാതാക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഇതിനെ അതിജീവിച്ച് എത്രയും വേഗം പാത യാഥാർഥ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ചെലപ്രം–-ഒളോപ്പാറ–-പൊറോത്ത്താഴം റോഡ്, ചേളന്നൂർ 7/6–-കല്ലുംപുറത്ത് താഴം റോഡ് എന്നിവ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നവീകരിക്കുക, കക്കോടി പഞ്ചായത്തിനെ കോഴിക്കോട് കോർപറേഷനുമായി ബന്ധിപ്പിക്കുന്നതിന് നിർദേശിക്കപ്പെട്ട ചിറ്റടിക്കടവ് പാലം നിർമിക്കുക, നരിക്കുനി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഗൈനക്കോളജിയും അത്യാഹിത വിഭാഗവും അനുവദിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. ഏരിയാ റിപ്പോർട്ടിൻമേലുള്ള ചർച്ചയ്‌ക്ക് സെക്രട്ടറി കെ എം രാധാകൃഷ്ണനും പൊതുചർച്ചയ്‌ക്ക് സംസ്ഥാന കമ്മിറ്റിയംഗം എ പ്രദീപ് കുമാറും ജില്ലാ സെക്രട്ടറിയറ്റ് അംഗം മാമ്പറ്റ ശ്രീധരനും മറുപടി പറഞ്ഞു.
സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ടി വിശ്വനാഥൻ, എം ഗിരീഷ് എന്നിവർ പങ്കെടുത്തു. ക്രഡൻഷ്യൽ റിപ്പോർട്ട് കൺവീനർ സി എം ഷാജി അവതരിപ്പിച്ചു. വൈകിട്ട് റെഡ് വളന്റിയർ മാർച്ചും നൂറുകണക്കിന് ബഹുജനങ്ങൾ അണിനിരന്ന പ്രകടനവും നടന്നു.
കക്കോടി ബസാറിലെ സീതാറാം യെച്ചൂരി നഗറിൽ നടന്ന പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം ഉദ്ഘാടനംചെയ്തു. ഏരിയാ സെക്രട്ടറി പി കെ ഇ ചന്ദ്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം മാമ്പറ്റ ശ്രീധരൻ, ജില്ലാ കമ്മിറ്റി അംഗം കെ എം രാധാകൃഷ്ണൻ, കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു.
കെ ചന്ദ്രൻ എഴുതിയ ‘ഓർമകൾ അവസരങ്ങൾ’ എന്ന പുസ്തകം കെ എം രാധാകൃഷ്ണന് നൽകി എളമരം കരീം പ്രകാശിപ്പിച്ചു. സംഘാടകസമിതി ചെയർമാൻ എൻ രാജേഷ് സ്വാഗതവും ട്രഷറർ വി മുകുന്ദൻ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..