23 December Monday

കുറഞ്ഞ വിലയ്ക്ക് 
പഴവും പച്ചക്കറിയും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2024

 പത്തനംതിട്ട

ഓണത്തിന്  കുറഞ്ഞ വിലയ്ക്ക് ​ഗുണമേന്മയേറിയ പച്ചക്കറി ലഭ്യത ഉറപ്പാക്കാൻ ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ 103 സ്റ്റോറുകൾ പ്രവർത്തനം തുടങ്ങും. കൃഷിഭവൻ നേതൃത്വത്തിൽ 57ഉം ഹോര്‍ട്ടികോര്‍പ്പിന്റെ നേരിട്ടുള്ള സ്റ്റാളുകള്‍ വഴിയും ഫ്രാഞ്ചൈസി മുഖേനയുമായി 46 വിപണനശാലകളും പ്രവർത്തിക്കും. 11, 12 ,13, 14 തീയതികളിൽ ജില്ലയിലുടനീളം ഇവയുടെ പ്രവർത്തനമുണ്ടാവും.  
ജില്ലയിലെ കർഷകരിൽനിന്ന് നേരിട്ട് സംഭരിക്കുന്നതും തെങ്കാശിയടക്കം അയൽ സംസ്ഥാനങ്ങളിൽ നിന്നും വരുത്തുന്ന പച്ചക്കറിയും വിപണനശാലകളിലൂടെ  ലഭ്യമാക്കും. ഇടുക്കി ജില്ലയിലെ കാന്തല്ലൂർ, വട്ടവട  മേഖലകളിൽ നിന്നും ശീതകാല പച്ചക്കറികളായ  കാരറ്റ്, ബീറ്റ്റൂട്ട്, കാബേജ്, കോളിഫ്ലവര്‍ അടക്കമുള്ളവയും യഥേഷ്ടം ലഭ്യമാക്കാൻ നടപടി പൂർത്തിയായതായി ഹോര്‍ട്ടികോര്‍പ്പ് അധികൃതര്‍ അറിയിച്ചു.  
കര്‍ഷകരില്‍നിന്നും സാധാരണ വാങ്ങുന്നതിൽനിന്നും 10 ശതമാനം കൂട്ടിയാണ് ഇത്തവണ പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുക. വിപണിയിൽ 30 ശതമാനം കിഴിവോടെ  ജനങ്ങള്‍ക്ക് ലഭ്യമാക്കും. 
കാലാവസ്ഥ വ്യതിയാനം മൂലം ചിലയിനം  പച്ചക്കറികൾക്ക് ജില്ലയിലും സംസ്ഥാനത്തും കുറവ് വന്നിട്ടുണ്ട്. അത്തരം ഉല്‍പ്പന്നങ്ങള്‍ ആവശ്യത്തിന് ലഭ്യമാക്കാനാണ് തെങ്കാശിയില്‍ നിന്നടക്കം വാങ്ങാൻ തീരുമാനമായത്.  ഇതുസംബന്ധിച്ച്  വിവിധ കര്‍ഷക സൊസൈറ്റികളുമായി ഹോര്‍ട്ടികോര്‍പ്പ് കരാറിലേര്‍പ്പെട്ടു.  
എല്ലാവിധ പഴം,  പച്ചക്കറികളും കുറഞ്ഞ വിലയ്ക്ക്  ജനങ്ങൾക്ക്  ഉത്സവകാലത്ത്   ഇതുമൂലം ലഭ്യമാകും.  പൊതുവിപണിയിലെ വിലക്കയറ്റം ഏതു നിലയിലും നിയന്ത്രിക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ്  ഹോര്‍ട്ടികോര്‍പ്പിന്റെ ഇടപെടല്‍.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top