ശാസ്താംകോട്ട
ഭരണിക്കാവ് കാഷ്യൂ കോർപറേഷൻ ഫാക്ടറിയുടെ വസ്തുവിൽ വേലിപൊളിച്ച് അതിക്രമിച്ചു കയറി സ്വകാര്യവ്യക്തി പാറ ഇറക്കി. തൊഴിലാളികൾ തടഞ്ഞതോടെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കൾ രാവിലെ പത്തോടെയാണ് സംഭവം. ലോറിയിൽ കൊണ്ടുവന്ന പാറ ഫാക്ടറിയുടെ അതിർത്തിവേലിക്കു മുകളിലേക്ക് ഇറക്കുകയായിരുന്നു. വീണ്ടും ലോഡുമായി എത്തിയപ്പോൾ തൊഴിലാളികളും യൂണിയൻ നേതാക്കളും സ്ഥലത്തെത്തി തടഞ്ഞു. തൊഴിലാളികൾ റോഡിൽ പ്രതിഷേധിച്ചതോടെ ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പാറ ഇറക്കിയപ്പോൾ ഫാക്ടറിയുടെ മുള്ളുവേലിയും തകർന്നിട്ടുണ്ട്.
ഒരു മാസം മുമ്പ് രാത്രി ഫാക്ടറിയുടെ വസ്തുവിൽ അതിക്രമിച്ചു കയറി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് 200 മീറ്റർ നീളത്തിൽ റോഡിനോടു ചേർന്ന മതിൽ ഇടിച്ചുനിരത്തിയിരുന്നു. തുടർന്ന് കാഷ്യൂ കോർപറേഷൻ കരുനാഗപ്പള്ളി മുൻസിഫ് കോടതിയിൽനിന്ന് സ്റ്റേ ഓർഡർ വാങ്ങുകയും വസ്തുവിന്റെ നിലവിലെ സ്ഥിതി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കോടതി കമീഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കോടതിയുടെ സ്റ്റേ ഓർഡർ ധിക്കരിച്ച് വീണ്ടും കൈയേറ്റശ്രമം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..