05 November Tuesday

ഇവിടെ സാങ്കേതികവിദ്യയും 
കൃഷിയും ഒപ്പത്തിനൊപ്പം

ജിഷ്ണു മധുUpdated: Tuesday Sep 3, 2024

കൃഷി അനുബന്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കൊട്ടിയം ശ്രീനാരായണ 
 പോളിടെക്നിക്കിലെ വിദ്യാർഥികൾ

 
കൊല്ലം
സാങ്കേതിക വിദ്യാഭ്യാസവും കാർഷികമേഖലയും പ്രത്യക്ഷത്തിൽ വിഭിന്നമായ മേഖലകളാണ്‌. എന്നാൽ, ഇവയെ പരസ്‌പരം ഏകോപിപ്പിക്കാനുള്ള വെല്ലുവിളി കൂളായി ഏറ്റെടുക്കുകയാണ്‌ കൊട്ടിയം ശ്രീനാരായണ പോളിടെക്നിക്. സംസ്ഥാന കൃഷി വകുപ്പിന്റെ കൃഷിക്കൂട്ടം പദ്ധതിയുടെ ഭാഗമായ ആദ്യ ക്യാമ്പസ്‌ എന്ന സവിശേഷതയും ഇനി പോളിക്ക്‌ സ്വന്തം. ആദിച്ചനല്ലൂർ കൃഷിഭവന്റെ കീഴിൽ രജിസ്റ്റർ ചെയ്ത്‌ കൃഷിക്കാവശ്യമായ സാങ്കേതിക സഹായം പലയിടങ്ങളിലായി ഒരുക്കി നൽകുകയാണിവർ. വിദ്യാർഥികളിൽ കാർഷിക അവബോധം ഉണ്ടാക്കുന്നതോടൊപ്പം കൃഷിക്ക്‌ പ്രയോജനപ്രദമാകുംവിധം സാങ്കേതികവിദ്യ വികസിപ്പിക്കാനും സജീവമാണ്‌ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന തനതുപദ്ധതിയായ ഹാർവെസ്റ്റിങ്‌ ഇന്നവേഷൻസ്. സംസ്ഥാന സർക്കാരിന്റെ മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള കാർഷിക അവാർഡ്, സംസ്ഥാനത്തെ ആദ്യ ഹരിത പോളിടെക്നിക്‌ ക്യാമ്പസ്, മികച്ച കലാലയ കർഷകൻ, സരോജിനി ദാമോദരൻ ഫൗണ്ടേഷൻ പുരസ്കാരം തുടങ്ങിയ നേട്ടങ്ങളും ഇതിനോടകം ലഭിച്ചു. 
എഴുകോൺ പാലരുവി ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ മൂന്നേക്കർ കൃഷിയിടം ഏറ്റെടുത്ത് പഠനം നടത്തി ഉപകരണങ്ങൾ ഘടിപ്പിച്ചതിനും ഡ്രിപ് ഇറിഗേഷൻ സഹായം ഉറപ്പാക്കിയതിനും വിദ്യാർഥികൾക്ക്‌ ജനശ്രദ്ധ ലഭിച്ചിരുന്നു. കൂടാതെ ഒരേക്കറിൽ മത്തൻ, പടവലം എന്നിവ ഉൾപ്പെടെയുള്ള വിപുലമായ പച്ചക്കറിക്കൃഷിയും ക്യാമ്പസിനുള്ളിൽ നടക്കുന്നു. സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ, വെജിറ്റബിൾ ഡെവലപ്മെന്റ് പ്രോഗ്രാം, ആർകെവിവൈ എന്നീ പദ്ധതികൾ മുഖേനയാണ് പ്രവർത്തനങ്ങൾ. പ്രിൻസിപ്പൽ വി സന്ദീപ്, ക്ലബ് കോ–-ഓർഡിനേറ്റർ അനീഷ്, കൃഷിക്കൂട്ടം സെക്രട്ടറി ബിനുരാജ് തുടങ്ങിയവരാണ്‌ നേതൃത്വം നൽകുന്നത്‌. ക്യാമ്പസ് കൃഷിക്കൂട്ടം മന്ത്രി പി പ്രസാദ് ചൊവ്വ രാവിലെ 10ന്‌ ഉദ്‌ഘാടനംചെയ്യും. വിദ്യാർഥികൾക്കുള്ള ആദ്യ ഇൻസെന്റീവ് വിതരണവും നടക്കും. ജി എസ് ജയലാൽ എംഎൽഎ, ട്രസ്റ്റ് ട്രഷറർ ജി ജയദേവൻ, ഹോർട്ടികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ ബി അനിൽകുമാർ, അഗ്രികൾച്ചർ അസിസ്റ്റന്റ് ഡയറക്ടർ ശ്രീവത്സ് പി ശ്രീനിവാസൻ എന്നിവർ പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top