ചിറയിൻകീഴ്
മുതലപ്പൊഴിയിൽ തിങ്കളാഴ്ചയുണ്ടായ അപകടത്തിൽ നെറ്റിക്ക് പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള മത്സ്യത്തൊഴിലാളി നവാസിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. തിരയിൽപ്പെട്ട് മറിഞ്ഞ മറൈൻ എൻഫോഴ്സിന്റെ വള്ളം മറ്റൊരു വള്ളം ഉപയോഗിച്ച് വലിച്ചു കയറ്റവേ കപ്പി പൊട്ടി മുഖത്തേക്ക് വീണാണ് ഇയാൾക്ക് പരിക്കേറ്റത്. പരിക്കേറ്റ രക്ഷാഗാർഡ് സജു ആന്റണിയും മത്സ്യത്തൊഴിലാളി പീറ്ററും ചികിത്സയിൽ തുടരുകയാണ്. മറൈൻ എൻഫോഴ്സ്‌മെന്റിന്റെ ഉൾപ്പെടെ അഞ്ചു വള്ളങ്ങളാണ് ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞത്. അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു.
മൂന്ന് വള്ളങ്ങൾ പൂർണമായി തകർന്നു. ഈ വർഷം ഏപ്രിൽ മുതൽ 30ലേറെ അപകടങ്ങളാണ് പ്രദേശത്തുണ്ടായത്. നാലു മത്സ്യത്തൊഴിലാളികൾക്ക് ജീവൻ നഷ്ടമായി. നിരവധി പേർക്ക് പരിക്കേറ്റു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളും ഉണ്ടായി.
വള്ളങ്ങൾ അഴിമുഖ കവാടത്തിലെത്തുമ്പോൾ ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞാണ് അപകടമുണ്ടാകുന്നത്. ഹാർബർ നിർമാണത്തിലെ അശാസ്ത്രീയതയും പൊഴിമുഖത്തെ അടുക്കുതെറ്റിയ കരിങ്കല്ലുകളും അഴിമുഖചാലിൽ അടിഞ്ഞുകൂടുന്ന മണ്ണും മണലുമാണ് യാനങ്ങൾക്ക് കൂടുതൽ അപകടം സൃഷ്ടിക്കുന്നത്. പൊഴിയിലടിയുന്ന മണൽ ഡ്രഡ്ജറെത്തിച്ച് നീക്കം ചെയ്യണമെന്ന് സർക്കാർ അദാനി കമ്പനിയോട് ആവശ്യപ്പെട്ടെങ്കിലും കമ്പനി തയ്യാറാകത്തതും തിരിച്ചടിയായി..
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..