തിരുവനന്തപുരം
ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗ് മത്സരങ്ങൾ ഏറ്റെടുത്ത് നഗരവാസികൾ. പ്രവേശനം സൗജന്യമായതിനാൽ കുടുംബസമേതമായിട്ടാണ് ആരാധകർ എത്തുന്നത്. സ്‌കൂൾ, കോളേജ് വിദ്യാർഥികളും എത്തുന്നുണ്ട്.
ആദ്യദിവസം ആറായിരത്തോളം പേർ എത്തിയതായി സംഘാടകർ പറയുന്നു. രണ്ടാമത്തെ മത്സരം മഴ മുടക്കിയെങ്കിലും രാത്രി 12 വരെ ആരാധകർ ടീമുകൾക്ക് പ്രോത്സാഹനവുമായി ഗ്യാലറിയിലുണ്ടായിരുന്നു. ചൊവ്വാഴ്‌ചയും ആദ്യ മത്സരംമുതൽ കാണികൾ എത്തിക്കൊണ്ടിരുന്നു. വൈകിട്ട് തിരുവനന്തപുരത്തിന്റെ മത്സരം കാണാനായിരുന്നു തിരക്ക് കൂടുതൽ. സെപ്തംബർ 18 വരെ മത്സരങ്ങൾ നീണ്ടുനിൽക്കുന്നതിനാൽ ഓണാഘോഷത്തിന് ക്രിക്കറ്റ് ലീഗും മാറ്റുകൂട്ടും.
പരാതിയുമായി കൊച്ചി
കേരളാ ക്രിക്കറ്റ് ലീഗിൽ ട്രിവാൻഡ്രം റോയൽസിനെതിരായ മത്സരത്തിൽ അമ്പയറുടെ തീരുമാനത്തിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്സ് ബിസിസിഐക്കും കേരളാ ക്രിക്കറ്റ് അസോസിയേഷനും പരാതി നൽകി. മഴയെത്തുടർന്ന് വിജെഡി നിയമപ്രകാരം ട്രിവാൻഡ്രം റോയൽസിനെ വിജയികളായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മത്സരത്തിലുണ്ടായ രണ്ട് പ്രധാനപ്പെട്ട അമ്പയറിങ് പിഴവുകൾ തങ്ങൾക്ക് തിരിച്ചടിയായെന്നാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് ആരോപിക്കുന്നത്. മത്സരത്തിനിടെ ഫീൽഡിലെ അമ്പയർക്ക് ഒരു നോബോൾ വിളിക്കാനായിരുന്നില്ല, ഇത് മൂന്നാം അമ്പയറും തിരുത്തിയില്ല. നോൺ-സ്ട്രൈക്കർ എൻഡിലുണ്ടായ റൺ ഔട്ടിൽ തങ്ങളുടെ ബാറ്റ്‌സ്‌മാനെ പുറത്താക്കിയ തീരുമാനത്തിനെതിരെയാണ് രണ്ടാമത്തെ പരാതി. ഈ തീരുമാനങ്ങൾ മത്സരഫലത്തെ നേരിട്ട് ബാധിച്ചെന്ന് ടീം ആരോപിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..