അരൂർ
സർക്കാരിന്റെ ‘ഒരു നെല്ലും മീനും’പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന അരൂർ പഞ്ചായത്തിലെ കുമ്പഞ്ഞി കർഷകസംഘത്തിനെതിരെ കർഷകത്തൊഴിലാളികളുടെ പ്രതിഷേധം. ആറുമാസം മത്സ്യ കൃഷിക്കും, ആറുമാസം നെൽകൃഷിക്കോ നെൽകൃഷി നടന്നില്ലെങ്കിൽ പാടശേഖരം വെറുതെയിടുന്നതിനുമായിരുന്നു തീരുമാനം. എന്നാൽ ഈ തീരുമാനം അട്ടിമറിച്ചാണ് ഇത്തവണ ഒരുവർഷത്തേക്ക് മത്സ്യകൃഷിക്ക് നൽകാൻ ബുധനാഴ്‌ച സംഘത്തിന്റെ ചന്തിരൂരിലുള്ള ഓഫീസിൽ ലേലം നടത്താൻ തീരുമാനിച്ചത്. ലേലം കർഷകത്തൊഴിലാളികൾ തടഞ്ഞു. ലേല നടപടികൾ മാറ്റിവെച്ചു. കെഎസ്‌കെടിയുവിന്റെ നേതൃത്വത്തിൽ ലേല ഹാളിലേക്ക് നടത്തിയ പ്രതിഷേധം സിപിഐ എം ചന്തിരൂർ ലോക്കൽ സെക്രട്ടറി സി പി പ്രകാശൻ ഉദ്‌ഘാടനംചെയ്തു.
200ലധികം ഏക്കർ വിസ്തൃതമായ കുമ്പഞ്ഞി പാടശേഖരത്തിൽ ആറുമാസം ഉപ്പുവെള്ളം കയറിക്കിടക്കുന്നത് കൊണ്ട് വലിയ ദുരിതമാണ് പ്രദേശവാസികൾ അനുഭവിക്കുന്നത്. കുടിവെള്ളം കിട്ടാനില്ല, വീടുകൾ നശിക്കുന്നു. കൃഷിവകുപ്പിൽ നിന്ന് ഓരോ വർഷവും ലക്ഷക്കണക്കിന് രൂപയുടെ ആനുകൂല്യങ്ങൾ കൈക്കലാക്കിയതായും പ്രദേശവാസികൾ ആരോപിക്കുന്നു. 40 വർഷമായി തുടർച്ചയായി മത്സ്യകൃഷി നടത്തുകയാണ്.
ആറുമാസം ഒഴിവുണ്ടായിരുന്നത് കൂടി മാറ്റിവച്ച് മുഴുവൻ സമയ മത്സ്യകൃഷിക്കാണ് പുതിയ നീക്കമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ആവശ്യങ്ങൾ നടപ്പാക്കിയില്ലെങ്കിൽ ലേലം നടത്താൻ അനുവദിക്കില്ലെന്നും പ്രദേശവാസികളുടെ ദുരിതമകറ്റുന്നതിന് ലേല സംഖ്യയിൽ ഒരു ഭാഗം മാറ്റിവയ്ക്കാൻ സംഘം തയ്യാറാകണമെന്നും കെഎസ്‌കെടിയു ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..