പാപ്പിനിശേരി
‘പ്രിയ കൂട്ടുകാരെ ഞാൻ നിങ്ങളുടെ കുട്ടി ആർജെ... ’ ക്ലാസ് റൂമുകളിലെ സ്പീക്കറുകളിലൂടെ സ്കൂൾ മുഴുവൻ ഈ ശബ്ദം മുഴങ്ങി. മാങ്കടവ് ഗവ. മാപ്പിള എൽപി സ്‌കൂളിൽ കുട്ടികളുടെ റേഡിയോ പ്രക്ഷേപണം തുടങ്ങുകയായി. വാർത്തകൾ, കഥകൾ, ചിരിയും ചിന്തയും സമ്മാനിക്കുന്ന കുസൃതി ചോദ്യങ്ങൾ പിന്നെ അൽപം സംഗീതം.
ഇതൊക്കെയാണ് വിഭവങ്ങൾ. സ്‌കൂളിൽനിന്ന് രണ്ടായിരത്തിൽ പഠനം പൂർത്തിയാക്കിയവരുടെ കൂട്ടായ്മയാണ് റേഡിയോ പദ്ധതി സമർപ്പിച്ചത്. ഇന്നോർമ, അമ്മ മലയാളം, ഇംഗ്ലീഷ് വൈബ്, മധുരപ്പിറന്നാൾ, പുസ്തകച്ചങ്ങാത്തം, എന്റെഴുത്തുകൾ, സർഗലയം, വാർത്തകൾ, ശാസ്ത്രത്തിളക്കം, വൃത്തിയുള്ള മാങ്കടവ്, കൃഷിജാലകം നന്മവെട്ടം അതിഥിക്കൊപ്പം, പാട്ടുപെട്ടി എന്നിങ്ങനെ പതിനഞ്ചിലേറെ ഇനങ്ങളുണ്ട്.
തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഉച്ചഭക്ഷണ സമയത്തെ ഇടവേളയിലാണ് പ്രക്ഷേപണം. എഇഒ കെ ജയദേവൻ ഉദ്‌ഘാടനം ചെയ്‌തു. ആർജെ നമീന മുഖ്യാതിഥിയായി. ഹരിത വിദ്യാലയത്തിന്റെ പ്രഖ്യാപനം പാപ്പിനിശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പ്രദീപ് കുമാർ നിർവഹിച്ചു.
വായനാനുഭവങ്ങളുടെ ഡിജിറ്റൽ മാഗസിൻ വി അബ്ദുൽ കരീം പ്രകാശിപ്പിച്ചു. സി അബ്ദുള്ള അധ്യക്ഷനായി. പ്രധാനാധ്യാപകൻ, കെ പി വിനോദ് കുമാർ, രാരിഷ് ചന്ദ്രൻ, സി ഷെഫീറ, എം പി സെയ്ദ്, എ ഉമ്മുസുലൈം, ടി വി രഞ്ജിത, എം മൃദുല എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..