കൊല്ലം
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പൂർണമായും കത്തിനശിച്ച കാറിൽനിന്ന് കാറുടമ അത്ഭുതകരമായി രക്ഷപ്പെട്ടു. മരുത്തടി കന്നിമേൽചേരി സരലായത്തിൽ പ്രദീപ്‌കുമാറാണ് രക്ഷപ്പെട്ടത്. കെഎൽ 02 എടി 7318 നമ്പർ എക്കോ സ്‌പോട്ട് കാർ ആണ് കത്തിയത്. ശനി പകൽ 10.30ന് സംഗീത ജങ്‌ഷനു പടിഞ്ഞാറ് രാമൻകുളങ്ങര മേലൂർകുളങ്ങര കളരിക്കു സമീപമാണ് സംഭവം. പ്രദീപ് കുടുംബമായി തെക്കുംഭാഗത്ത് വാടകയ്‌ക്കു താമസിക്കുകയാണ്. രാവിലെ ഭാര്യ ശാലിനിയെ സംഗീത ജങ്‌ഷനിലെ ലേഡീസ് സലൂണിൽ ഇറക്കിയശേഷം ദേശീയപാതയിൽനിന്നു തിരിഞ്ഞ് പടിഞ്ഞാറോട്ട് പോകവെയാണ് സംഭവം നടന്നത്. ഇവിടെ കേന്ദ്രീയവിദ്യാലയത്തിനു സമീപം ജെൻസ് സലൂൺ നടത്തിവരികയാണ് പ്രദീപ്. കാറിന്റെ ബോണറ്റിൽനിന്നു പുക വരുന്നതുകണ്ട് കാർ നിർത്താൻ ബ്രേക്ക് ചവിട്ടിയെങ്കിലും കിട്ടിയില്ല. തുടർന്ന് ഹാൻഡ് ബ്രേക്കിട്ട് കാർ നിർത്തുകയായിരുന്നു. അപ്പോഴേക്കും കാറിൽ തീപടർന്നിരുന്നു. എന്നാൽ, ഡോർ തുറന്നു പുറത്തിറങ്ങാൻ കഴിയാതെ പ്രദീപും കാറിൽ കുടുങ്ങി. ഓടിക്കൂടിയവരാണ് ബലമായി ഡോർ തുറന്ന് പ്രദീപിനെ രക്ഷിച്ചത്. കാറിനുള്ളിൽ ഉണ്ടായിരുന്ന മൊബൈലും പണവും കത്തിനശിച്ചു. പള്ളിത്തോട്ടത്തുനിന്ന് അഗ്നിരക്ഷാസേന എത്തി തീ അണച്ചെങ്കിലും കാർ പൂർണമായും കത്തിയമർന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..